കൃഷിപ്പണിക്കിടെ മണ്ണിൽ കണ്ട വലിയ വിള്ളൽ; കയറിനോക്കിയപ്പോൾ ദശലക്ഷകണക്കിന് കക്കത്തോടുകൾ കൊണ്ട് അലങ്കരിച്ച ഭൂഗർഭ ഗുഹ!
തലവാചകം കേട്ട് ആശങ്കപ്പെടേണ്ട, ഇത് 188 വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവമാണ്. അതിനുശേഷവും കാലങ്ങളായി മണ്ണിലെ നിർമാണ പണികൾക്കിടയിൽ നിരവധി ഭൂഗർഭ അറകളും, നാഗരികതയും ഒക്കെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, 1835 ൽ കക്കത്തോടുകൾ കൊണ്ട് അലങ്കരിച്ച ഭൂഗർഭ ഗുഹ എന്ന കണ്ടെത്തൽ ഇന്നും ആളുകൾക്ക് വിസ്മയമാകുന്നത് അതിനുള്ളിലെ കമനീയത കൊണ്ടാണ്.
‘ഷെൽ ഗ്രോട്ടോ’ എന്നറിയപ്പെടുന്ന ഭൂഗർഭ ഗുഹ കെന്റ് കൗണ്ടിയിലെ ഇംഗ്ലീഷ് പട്ടണമായ മാർഗറ്റിൽ സ്ഥിതി ചെയ്യുന്ന അതിശയകരമായ ഒന്നാണ്. ഈ ഗുഹയിൽ 4.6 ദശലക്ഷം ഷെല്ലുകൾകൊണ്ട് അലങ്കരിച്ച ഭിത്തികൾ ഉണ്ട്. ആകസ്മികമായി കണ്ടെത്തിയ,ഈ ഗുഹയുടെ ഉത്ഭവം ഇന്നും അജ്ഞാതമാണ്.
1835-ൽ ഒരു കർഷകൻ തന്റെ ദൈനംദിന ജോലികൾ ചെയ്യുന്നതിനിടയിൽ അബദ്ധത്തിൽ ഇടറിവീണതാണ് ഈ ഗുഹയിലേക്ക്.. കണ്ടെത്തിയതെന്താണെന്ന് അദ്ദേഹത്തിന് പൂർണ്ണമായും വ്യക്തമായില്ല. അതിനാൽ അദ്ദേഹം പട്ടണത്തിൽ നിന്ന് ഒരു പ്രാദേശിക അധ്യാപകനെ വിളിച്ചു, തുടർന്ന് തന്റെ മകനെ ആ വിള്ളലിലൂടെ ഉള്ളിലേക്ക് കയറ്റി. മടങ്ങിയെത്തിയപ്പോൾ, താൻ ഉള്ളിൽ കണ്ട കാര്യം ആ കൊച്ചുകുട്ടി പറഞ്ഞു. അത് നിരവധി വഴികളും ചാപ്പലുകളും മുറികളും ഉള്ള പൂർണ്ണമായും ഷെല്ലുകൾ കൊണ്ട് അലങ്കരിച്ച ഒരു ഭൂഗർഭ അറയെക്കുറിച്ചുള്ള വിവരണമായിരുന്നു.
ഓറിയന്റൽ, ഈജിപ്ഷ്യൻ ചിഹ്നങ്ങളുള്ള അലങ്കാരങ്ങൾ കൊണ്ട് നിർമ്മിച്ച ഷെൽ ഗ്രോട്ടോ മതിലുകൾ ശരിക്കും അത്ഭുതകരമായ കലാസൃഷ്ടികളാണ്. ആരാണ് ഈ കലാവിരുത് ഒരുക്കിയത്, അത് എന്ത് ഉദ്ദേശ്യത്തോടെയാണ് നിർമ്മിച്ചത് എന്നതിനെക്കുറിച്ചുള്ള വിശ്വസനീയമായ വിവരങ്ങളൊന്നും നിലവിൽ ലഭ്യമല്ല. അലങ്കാരങ്ങൾക്ക് 3000 ലധികം വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ ഇത് 18-ാം നൂറ്റാണ്ടിലേതാണ് എന്ന സിദ്ധാന്തങ്ങളുമുണ്ട്. എങ്കിലും ഉറവിടം ഇപ്പോഴും അജ്ഞാതമാണ്.
Story highlights- shell grotto an underground cave