പ്രളയത്തില്‍ കൈത്താങ്ങ്; ഒറ്റക്കാലില്‍ ശ്യാമിന്റെ സ്കൈ ഡൈവിങ് 13,000 അടി ഉയരത്തില്‍ നിന്ന്
വെല്ലുവിളികളെ ഒറ്റക്കാലില്‍ പൊരുതി കീഴടക്കുകയാണ് തിരുവനന്തപുരം സ്വദേശി ശ്യാംകുമാര്‍. ജനനം മുതല്‍ 15 ല്‍ അധികം ശസ്ത്രക്രിയകള്‍ക്കാണ് ശ്യാം വിധേയനായിട്ടുള്ളത്. എട്ടാം വയസില്‍ വലത് കാല് മുറിച്ചുമാറ്റിയതോടെയാണ് കൃത്രിമ കാലിന്റെ സഹായത്തോടെയാണ് മുന്നോട്ടുള്ള കുതിപ്പ്. ( Shyam’s Skydiving from a height of 13000 feet on single leg )
2019ലെ പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പുകളില്‍ ഓടിനടന്നു പണിയെടുക്കുന്ന ശ്യാംകുമാറിനെ നേരിട്ട് കണ്ട മന്ത്രി തോമസ് ഐസക് ഫെയ്സ് ബുക്കില്‍ കുറിപ്പിട്ടിരുന്നു. സഹായങ്ങള്‍ എത്തിക്കുന്നതില്‍ മാത്രമായിരുന്നു ശ്യാമിന്റെ ശ്രദ്ധ. നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു കിഡ്നി ട്രാന്‍സ്പ്ലാന്റ് കൂടി കഴിഞ്ഞെങ്കിലും ശ്യാമിന്റെ ഊര്‍ജം തെല്ലും ചോര്‍ന്നിട്ടില്ല. തായ്ലന്ഡില് 13000 അടി ഉയരത്തില്‍ നിന്ന് സ്കൈ ഡൈവിംഗ് ചെയ്തിരിക്കുകയാണ് ഈ ചെറുപ്പക്കാരന്.
ഇത്രയും പോരാ, ഇനിയും ഉയരങ്ങള്‍ കീഴടക്കണം എന്നാണ് ശ്യാമിന്റെ ആഗ്രഹം. തന്റെ അനുഭവം അത്ര സുഖകരം അല്ലായിരുന്നെങ്കിലും ഇവിടം കൊണ്ട് നിര്‍ത്താന്‍ ശ്യാം തയാറല്ല. സ്കൈ ഡൈവിങ്ങിന് ശേഷം ശ്യാമിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ‘മൂന്ന് തവണയാണ് മരണത്തെ മുഖാമുഖം കണ്ടത്. ഈ സ്പോര്‍ട് വളരെ ചെലവേറിയതും അപകടം പിടിച്ചതുമാണ്. എ ലൈസന്‍സും ബി ലൈസന്‍സും സ്വന്തമാക്കാനായാല്‍ ഇന്‍സ്ട്രക്ടറുടെ സഹായം കൂടാതെ തനിക്ക് ചാടാന്‍ പറ്റും. വളരെ ചെലവേറിയതിനാല്‍ സ്പോണ്‍സര്‍മാരെ തേടുന്നുണ്ട്. സ്കൈ ഡൈവിങ്ങിന്റെ ഏറ്റവും ഉയരം കൂടിയ പോയിന്റ് കൂടെയാണിത്. അധികമാരും ഇത്രയും ഉയരത്തില്‍ നിന്നും ചാടിയിട്ടില്ല’.
ലോകത്ത് തന്നെ അവയവം നീക്കം ചെയ്യുകയും ട്രാന്സ്പ്ലാന്റേഷന് ശസ്ത്രക്രിയയും കഴിഞ്ഞ് സ്കൈ ഡൈവിങ് ചെയ്യുന്ന വ്യക്തി കൂടിയാണ് താന്‍ എന്ന് ശ്യാം വ്യക്തമാക്കി. കഴിഞ്ഞ നവംബര്‍ 21-നാണ് ശ്യാകുമാര്‍ തായ്ലന്ഡില് സ്കൈ ഡൈവിങ് നടത്തിയത്. ഇതിന്റെ ദൃശ്യങ്ങളും ശ്യാം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുള്ളത്.
Story Highlights : Shyam’s Skydiving from a height of 13000 feet on single leg