ഓസ്കര് യോഗ്യത പട്ടികയില്‍ ഇടംപിടിച്ച് വിന്‍സിയുടെ ‘ദ ഫേസ് ഓഫ് ഫേസ്ലെസ്’
2024 ഓസ്കര് പുരസ്കാരത്തിനുള്ള യോഗ്യത പട്ടികയില്‍ ഇടംപിടിച്ച് ഷെയ്സണ്‍ പി ഔസേഫ് സംവിധാനം ചെയ്ത ‘ദ ഫേസ് ഓഫ് ഫേസ്ലെസ്’. മധ്യപ്രദേശില്‍ വച്ച് 1995-ല്‍ ക്രൂരമായി കൊലചെയ്യപ്പെട്ട മലയാളി കന്യാസ്ത്രീ റാണി മരിയയുടെ ജീവിതകഥ പറയുന്ന സിനിമ അന്താരാഷ്ട്ര വേദികളില്‍ ശ്രദ്ധനേടിയിരുന്നു. ഈ ചിത്രത്തിനായി അല്‍ഫോണ്‍സ് ജോസഫ് ഒരുക്കിയ മൂന്ന് ഗാനങ്ങള്‍ മികച്ച ഒറിജിനല്‍ ഗാനം, മികച്ച ഒറിജിനല്‍ സ്കോര്‍ എന്നീ വിഭാഗങ്ങളില്‍ മത്സരിക്കാനുള്ള യോഗ്യതയാണ് നേടിയിട്ടുള്ളത്. ഇതുവരെ 94 ഗാനങ്ങളാണ് ഈ വിഭാഗത്തില്‍ ഇടംപിടിച്ചിട്ടുള്ളത്. ( The Face of the Faceless eligible in Oscar 2024 Music Categories )
മധ്യപ്രദേശിലെ ഗോത്രവര്‍ഗവിഭാഗത്തിന്റെ തനിമയില്‍ തയ്യാറാക്കിയ ‘ബരാല ട്രൈബല്‍ സോംഗ്,’ ‘ഏക് സപ്ന മേരാ സുഹാന,’, ‘ജല്താ ഹേ സൂരജ്’ എന്നീ ഗാനങ്ങളാണ് മത്സരരംഗത്തുള്ളത്. തന്റെ 21-ാം വയസില്‍ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഒരു പ്രേദേശത്ത് പാര്‍ശ്വവത്കരിക്കപ്പെട്ട ജനതയ്ക്കായി ജീവിതം ഹോമിച്ച വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ ത്യാഗോജ്ജ്വലമായ കഥയാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. മലയാളം, ഹിന്ദി, സ്പാനിഷ് ഭാഷകളിലായി ചിത്രം പ്രദര്‍ശനത്തിനെത്തി.
സംസ്ഥാന അവാര്‍ഡ് ജേതാവായ വിന്‍സി അലോഷ്യസാണ് റാണി മരിയയായി എത്തുന്നത്. ന്യൂയോര്‍ക്ക് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ വിന്‍സി അലോഷ്യസിന് മികച്ച നടിക്കും സംവിധായകന് ഷെയ്സണ്‍ പി ഔസേഫിന് മികച്ച നവാഗത സംവിധായകനുമുള്ള അവാര്‍ഡുകള്‍ ലഭിച്ചരുന്നു. പാരിസ് സിനി ഫിയസ്റ്റയില്‍ ‘ബെസ്റ്റ് വുമന്‍സ് ഫിലിം ‘പുരസ്കാരവും കാനഡയിലെ ടൊറന്റോ ഇന്‍ഡിപെന്‍ഡന്റ് ഫിലിം ഫെസ്റ്റിവലില്‍ ‘ബെസ്റ്റ് ഹ്യൂമന്‍ റൈറ്സ് ഫിലിം’പുരസ്കാരവും’ ഉള്‍പ്പെടെ മുപ്പതോളം രാജ്യാന്തര പുരസ്കാരങ്ങള്‍ സിനിമ കരസ്ഥമാക്കി.
Read Also : കവർ കളയാൻ വരട്ടെ, ‘പാർലെ-ജി’ ബിസ്കറ്റ് കവറുകൊണ്ട് സ്റ്റൈലിഷ് ബാഗ് ഒരുക്കി യുവതി- വിഡിയോ
ഡിസംബര്‍ 21-ന് പ്രഖ്യാപിക്കാനിരിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര വിഭാഗത്തില്‍ മലയാളം ചിത്രം ‘2018’ ന് നോമിനേഷന് ലഭിച്ചതിന് പിന്നാലെയാണ് മറ്റൊരു മലയാള ചിത്രം ഓസ്കര് അവാര്‍ഡിനുള്ള യോഗ്യത പട്ടികയില്‍ ഇടംപിടിക്കുന്നത്. കഴിഞ്ഞ വര്‍ഷം എസ് എസ് രാജമൗലി ചിത്രം ‘ആര്‍ആര്‍ആര്‍’ലെ ‘നാട്ടു നാട്ടു’ മികച്ച ഒറിജിനല്‍ ഗാനത്തിനുള്ള അവാര്‍ഡ് നേടിയിരുന്നു.
Story Highlights : The Face of the Faceless eligible in Oscar 2024 Music Categories