ഇവിടെ ആരും സ്ത്രീധനം നൽകുകയോ സ്വീകരിക്കുകയോ ചെയ്യാറില്ല; ഇത് ഇന്ത്യയിലെ സ്ത്രീധനരഹിത ഗ്രാമം
വിവാഹങ്ങൾ സ്വർഗത്തിലാണ് നടക്കുന്നത് എന്ന സങ്കൽപ്പമാണ് ആളുകൾ കാത്തുസൂക്ഷിക്കുന്നത്. എന്നാൽ, കേരളത്തിലെ പല സംഭവ വികാസങ്ങളും പെൺകുട്ടികളെ വിവാഹമെന്നത് ഒരു പേടിസ്വപ്നമായി വിശ്വസിക്കാൻ തരത്തിലുള്ളതാണ്. സ്ത്രീധനത്തെച്ചൊല്ലിയുള്ള മരണങ്ങൾ ഇവിടെ പതിവാണ്. പെൺകുട്ടികളുടെ പേരുകൾ മാറിവരുന്നതല്ലാതെ സ്ത്രീധന പ്രശ്നങ്ങൾക്ക് മാറ്റമില്ല. എന്നാൽ, ഇന്ത്യയിൽ തന്നെ സ്ത്രീധനത്തിന് എതിരെ ശക്തമായി നിലകൊള്ളുന്ന ഒരു ഗ്രാമം ഉണ്ട്. മധ്യ കശ്മീരിലെ 6,000-ത്തോളം ആളുകൾ താമസിക്കുന്ന മനോഹരമായ ഈ ഗ്രാമത്തിൽ ഒരു കരാറിൽ ഒപ്പിടാതെ ഒരു വിവാഹവും നടക്കില്ല . ഈ കരാർ എല്ലാവരിലും ബാധ്യസ്ഥമാണ്, ആരും പണമായോ സാധനമായോ സ്ത്രീധനം നൽകുകയോ സ്വീകരിക്കുകയോ ചെയ്യില്ലെന്ന് ഈ കരാറിൽ പറയുന്നു.
ഏകദേശം നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് തയ്യാറാക്കിയ ഈ കർശനമായ നിയമം, ഗന്ദർബാൽ ജില്ലയിലെ ശ്രീനഗറിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ വടക്കുള്ള ബാബവായിലിനെ “സ്ത്രീധന രഹിത ഗ്രാമം” ആക്കി മാറ്റി. ഗ്രാമവാസികളുടെ പൂർണ പിന്തുണ ഈ കരാറിന് ഉണ്ട്. ഗ്രാമത്തിലെ മിക്കവാറും എല്ലാ വിവാഹങ്ങളും കുടുംബക്കാരും സുഹൃത്തുക്കളും ചേർന്നാണ് ക്രമീകരിക്കുന്നത്.
സ്ത്രീധനം ഏതാനും പതിറ്റാണ്ടുകൾക്ക് മുമ്പ് വ്യവസ്ഥിതിയിലേക്ക് കടന്നുകയറുകയും ഒരു വിപത്തായി മാറുകയും ചെയ്തപ്പോഴാണ് ഈ മാറ്റത്തിന് ഗ്രാമം തുടക്കമിട്ടത്. വിവാഹങ്ങൾ ആഡംബരമായി മാറുകയും, ചെലവുകൾ കുതിച്ചുയരുകയും ചെയ്തു. വധുവിന്റെ കുടുംബത്തിൽ നിന്നും വിലകൂടിയ ആഭരണങ്ങൾ, കോപ്പർവെയർ, ഫർണിച്ചറുകൾ, ഇലക്ട്രോണിക്സ്, കാറുകൾ, പണം, ചിലപ്പോൾ വീടുകൾ എന്നിവ സമ്മാനമായി നൽകുമെന്ന് വരന്റെ കുടുംബം പ്രതീക്ഷിച്ചിരുന്നു. ദാമ്പത്യജീവിതത്തിന് സുഖകരമായ ഒരു തുടക്കത്തിന്റെ ആവശ്യകതകളായി ഇവ കൈമാറ്റം ചെയ്യപ്പെട്ടു. ഇതൊന്നും ഇല്ലാത്തവർ മക്കളെ വിവാഹം ചെയ്തുനൽകാനാകാതെ പ്രതിസന്ധിയിലായി.
ബാബവായിൽ നിവാസിയായ ഗുലാം നബി ഷാ 1980-കളിൽ സ്ത്രീധനവും അതുമായി ബന്ധപ്പെട്ട എല്ലാം അവസാനിപ്പിക്കാൻ തീരുമാനിച്ചു. അദ്ദേഹവും ഗ്രാമത്തിലെ മൂപ്പന്മാരും ചേർന്ന് ലളിതമായ വിവാഹത്തിനുള്ള ആദ്യ നിയമങ്ങൾ രൂപപ്പെടുത്തി. എല്ലാവരുടെയും ഒപ്പുകളോടെ 1985-ൽ ഗ്രാമനിയമം അംഗീകരിക്കപ്പെട്ടു.
പ്രാരംഭ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച്, വരൻ വധുവിന് “മെഹർ” ആയി 30,000 രൂപയും ചെലവുകൾക്കും പണം നൽകണം. അല്ലാതെ പണത്തിന്റെയോ ചരക്കുകളുടെയോ മറ്റ് ഇടപാടുകൾ അനുവദനീയമല്ല. നിയമം ലംഘിച്ചാൽ സാമൂഹിക ബഹിഷ്കരണം നേരിടുക,ആ കുടുംബത്തെ പള്ളിയിൽ നിന്നും ശ്മശാനത്തിൽ നിന്നും നിരോധിക്കുന്നത് ഉൾപ്പെടെയുള്ള മുന്നറിയിപ്പോടെയാണ് കരാർ തയ്യാറാക്കിയിരിക്കുന്നത്. നാല് പതിറ്റാണ്ടായി ഇവിടെ ഒരു നിയമലംഘനവും ഉണ്ടായിട്ടില്ല.
Read also: നടൻ യാഷും ഗീതു മോഹൻദാസും ഒന്നിക്കുന്നു; പുതിയ ചിത്രം ‘ടോക്സിക്’ അണിയറയിൽ!
വിവാഹസമയത്ത് വധുവിന്റെ വീട്ടുകാർ വരനോ കുടുംബത്തിനോ നൽകുന്ന സ്ത്രീധനം സംബന്ധിച്ച തർക്കങ്ങളിൽ കോടതികൾ നിറഞ്ഞിരിക്കുന്ന ഒരു രാജ്യത്ത് ബാബാവയിൽ ഒരു വഴികാട്ടിയായി മാറുകയാണ്.
Story highlights- The Kashmir village that outlawed dowries