നടൻ യാഷും ഗീതു മോഹൻദാസും ഒന്നിക്കുന്നു; പുതിയ ചിത്രം ‘ടോക്സിക്’ അണിയറയിൽ!

December 8, 2023

‘കെജിഎഫ്’, ‘കെജിഎഫ് 2’ എന്നിവയുടെ ചരിത്ര വിജയത്തിന് ശേഷം ആകാംക്ഷയുണർത്തുന്ന മറ്റൊരു ചിത്രവുമായി കന്നഡ നടൻ യാഷ് വീണ്ടുമെത്തുന്നു. ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ സഹിതം നടൻ പുതിയ ചിത്രമായ ടോക്‌സികിന്റെ വിവരങ്ങൾ ഇന്ന് പങ്കുവെച്ചു. മലയാളിയും ദേശീയ അവാർഡ് ജേതാവായ സംവിധായികയും നടിയുമായ ഗീതു മോഹൻദാസാണ് ചിത്രത്തിന്റെ സംവിധായിക. (Yash and Geethu Mohandas join hands for upcoming movie ‘Toxic’)

സോഷ്യൽ മീഡിയയിൽ യാഷ് ഒരു പോസ്റ്റ് ഷെയർ ചെയ്യുകയും തന്റെ പുതിയ ചിത്രത്തിന്റെ പേര് ‘ടോക്സിക്’ ആണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ചിത്രം 2025 ഏപ്രിൽ 10 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ശിവകാർത്തികേയനൊപ്പം മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിംഗിലായിരിക്കുന്ന നടി സായ് പല്ലവി ഈ പ്രോജക്റ്റിന്റെ ഭാഗമാകുമെന്നും റിപ്പോർട്ടുകളുണ്ട്. കെവിഎൻ പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾക്കായി സെപ്റ്റംബറിൽ യാഷ് ലണ്ടനിലേക്ക് പോയിരുന്നു.

Read also: ഇതുവരെ അഭിനേത്രി, ഹോട്ടൽ ഉടമ; ഇനി മറ്റൊരു സംരംഭത്തിലേക്ക് തിരികൊളുത്തി നമിത പ്രമോദ്

വിഡിയോയ്ക്കൊപ്പം യാഷ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചതിങ്ങനെ, “‘നിങ്ങൾ അന്വേഷിക്കുന്നത് നിങ്ങളെ തേടുന്നു’- റൂമി- മുതിർന്നവർക്കായുള്ള ഒരു ഫെയറി റ്റെയിൽ #ടോക്സിക്”. തൊപ്പിയും വായിൽ സിഗരറ്റും പിടിച്ചു നിൽക്കുന്ന താരത്തെ വിഡിയോയിൽ കാണാം.

Story highlights: Yash and Geethu Mohandas join hands for upcoming movie ‘Toxic’