കൊളസ്‌ട്രോള്‍ കൂടുതലാണോ? ശ്രദ്ധിക്കാം ചില കാര്യങ്ങള്‍

December 8, 2023

പ്രായഭേദമന്യേ പലരും കൊളസ്‌ട്രോള്‍ പ്രശ്‌നത്തെ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. കൃത്യതയില്ലാത്ത ജീവിതശൈലിയും ഭക്ഷണക്രമത്തിലെ അശ്രദ്ധയുമൊക്കെയാണ് കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കുന്നത്. ശരീരത്തില്‍ കൊഴുപ്പ് അമിതമാകുമ്പോള്‍ കൊള്‌സ്‌ട്രേളും കൂടുന്നു. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും ഹാര്‍ട്ട് അറ്റാക്കിനും എല്ലാം കാരണമായി മാറുന്നതും അമിതമാകുന്ന കൊളസ്‌ട്രോളാണ്. എന്നാല്‍ ഭക്ഷണകാര്യത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ കൊളസ്‌ട്രോളിനെ ക്രമപ്പെടുത്താം.

ഭക്ഷണത്തില്‍ ഇലക്കറികള്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ ഇല്ലാതാക്കാന്‍ ഒരു പരിധിവരെ സഹായിക്കുന്നു. ഇതുവഴി ചീത്ത കൊളസ്ട്രോളിന്റെ അളവും കുറയ്ക്കാം. ചീരയില, മുരിങ്ങയില, തകര തുടങ്ങിയ ഇലക്കറികള്‍ ഏറെ ആരോഗ്യകരമാണ്. അതുപോലെതന്നെ ആന്റി ഓക്സിഡന്റുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്ന മാതളനാരങ്ങയും ശരീരത്തില്‍ അടിഞ്ഞുകൂടുന്ന ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

ഓറഞ്ച് ജ്യൂസ് കുടിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായകരമാണ്. ശരീരത്തില്‍ അടിഞ്ഞുകൂടുന്ന ചീത്ത കൊളസ്ട്രോള്‍ മാറ്റി പകരം നല്ല കൊളസ്ട്രോള്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന ഘടകങ്ങള്‍ ഓറഞ്ച് ജ്യൂസിലുണ്ട്. ഫൈബര്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഓട്സും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഉത്തമമാണ്. കൊളസ്ട്രോളിനെ പ്രതിരോധിക്കാന്‍ ഓട്സില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ ഘടകങ്ങള്‍ സഹായിക്കുന്നു.

Read also: ഇന്ത്യ ഏറ്റവുമധികം ഭൂചലനം നേരിട്ടത് 2023ൽ; 97 ഭൂകമ്പങ്ങൾ ഉണ്ടായതിന് പിന്നിലെ കാരണം..

ബീന്‍സ്, ആപ്പിള്‍, കാരറ്റ്, നെല്ലിക്ക തുടങ്ങിയവയിലും ഫൈബര്‍ ഘടകങ്ങള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതും ശരീരത്തില്‍ അടിഞ്ഞുകൂടുന്ന ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അതുപോലെതന്നെ ദിവസവും നട്‌സ് കഴിക്കുന്നതും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

Story highlights- Tips to Lower Cholesterol With Your Diet