‘ക്യാപ്റ്റന്‍ എന്നോട് ക്ഷമിക്കണം’; വിജയകാന്തിന്റെ വേര്‍പാടില്‍ വികാരാധീതനായി വിശാല്‍

December 28, 2023

തമിഴകത്തിലെ ജനപ്രിയ നടനും ഡി.എം.ഡി.കെ നേതാവുമായിരുന്ന വിജയകാന്തിന്റെ വേര്‍പാടില്‍ വികാരാധീതനായി നടന്‍. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന വിജയകാന്ത് വ്യാഴാഴ്ച രാവിലെയാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് അന്തരിച്ചത്. വിദേശ രാജ്യത്തായതിനാല്‍ അന്ത്യനിമിഷത്തില്‍ വിജയകാന്തിനൊപ്പം സമയം ചെലവഴിക്കാനായില്ലെന്നും അതിന് മാപ്പ് ചോദിക്കുന്നുവെന്നാണ് സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച വീഡിയോയില്‍ വിശാല്‍ പറയുന്നത്. ( Vishal expresses grief over demise of actor Vijayakanth )

ക്യാപ്റ്റന്‍ താങ്കള്‍ എനിക്ക് മാപ്പ് നല്‍കണം. ഈ സമയത്ത് ഞാന്‍ താങ്കള്‍ക്കൊപ്പം ഉണ്ടാകണമായിരുന്നു. പക്ഷേ എനിക്കതിന് കഴിഞ്ഞില്ല, എന്നോട് ക്ഷമിക്കണം. എന്നെപോലുള്ളവര്‍ കരയുന്നത് വളരെ അപൂര്‍വ്വമാണ്.
താങ്കളില്‍ നിന്ന് ഒരുപാട് നല്ല കാര്യങ്ങള്‍ ഞാന്‍ പഠിച്ചിട്ടുണ്ട്. താങ്കളുടെ അടുത്തേക്ക് ഒരാള്‍ വിശപ്പോടെ വന്നാല്‍ നിങ്ങള്‍ അയാള്‍ക്ക് ഭക്ഷണം നല്‍കും. പൊതുജനങ്ങള്‍ക്ക് താങ്കള്‍ എത്രത്തോളം സഹായം ചെയ്തിട്ടുണ്ടെന്ന് എനിക്കറിയാം. നിങ്ങളുടെ പൈതൃകമാണ് എന്നെയും നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിലേക്ക് നയിച്ചത്.

സിനിമ നടനും രാഷ്ട്രീയക്കാരനുമപ്പുറം താങ്കള്‍ ഒരു വലിയ മനസിന് ഉടമയായിരുന്നു. ജനങ്ങള്‍ക്കും നടികര്‍ സംഘത്തിനും വേണ്ടിയുള്ള നിങ്ങളുടെ സേവനം എല്ലാവരുടെയും ഹൃദയത്തില്‍ എക്കാലവും നിലനില്‍ക്കും. ഒരു നല്ല നടനായി അറിയപ്പെടുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് ഒരു നല്ല മനുഷ്യന്‍ എന്ന പേര് നേടിയെടുക്കുക എന്നത്. താങ്കള്‍ അക്കാര്യത്തില്‍ വിജയിച്ചു. ഒരിക്കല്‍ കൂടി ഞാന്‍ താങ്കളോട് മാപ്പ് ചോദിക്കുകയാണ്. വികാരാധീതനായി വിശാല്‍ പറഞ്ഞു.

രോഗബാധിതനായ വിജയകാന്ത് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ആരോഗ്യനില ഗുരുതരമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.

Read Also : ‘എന്നും എന്നോട് പ്രത്യേക സ്നേഹവും വാത്സല്യവും ഉണ്ടായിരുന്നു’- വിജയകാന്തിന്റെ ഓർമ്മകൾ പങ്കുവെച്ച് റഹ്‌മാൻ

കുറച്ചുവര്‍ഷമായി പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമല്ലാതിരുന്ന വിജയകാന്ത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. വിജയകാന്തിന്റെ അഭാവത്തില്‍ ഭാര്യ പ്രേമലതയാണ് പാര്‍ട്ടിയുടെ ചുമതല വഹിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിലെ സഖ്യം സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ വിയോഗം.

Story highlights : Vishal expresses grief over demise of actor Vijayakanth