അങ്കച്ചേകവനായി വരനും വടക്കൻപാട്ടിലെ നായികയായി വധുവും; അഗസ്ത്യം കളരിയിലെ അപൂർവ കല്യാണം

December 30, 2023

വിവാഹ ചടങ്ങുകള്‍ക്ക് വ്യത്യസ്ഥത തേടുന്നവരാണ് നാം. അത്തരത്തില്‍ കളരിത്തറയില്‍ വിവാഹിതരായിരിക്കുകയാണ് നേമം സ്വദേശികളായ രാഹുലും ശില്‍പയും. തിരുവനന്തപുരം നേമത്തുള്ള അഗസ്ത്യം കളരിയിലായിരുന്നു അപൂര്‍വ കല്യാണത്തിന് വേദിയായത്. ( Wedding in Kalari style at Trivandrum goes viral )

കുട്ടിക്കാലം മുതല്‍ കളരിത്തറയെ അടുത്തറിഞ്ഞവരാണ് രാഹുലും ശില്‍പയും. കളരിയെ ജീവിതത്തിന്റെ ഭാഗമാക്കിയവര്‍. ഇനിയുള്ള യാത്ര ഒന്നിച്ചെന്ന് തീരുമാനിച്ചതോടെയാണ് വിവാഹം നടത്താനായി കളരിത്തറയോളം അനുയോജ്യമായ മറ്റൊരു വേദിയില്ലെന്ന തീരുമാനത്തിലെത്തുന്നത്. ആചാരങ്ങളിലും വസ്ത്രധാരണത്തിലും എല്ലാം കളരിയുടെ ശീലങ്ങള്‍ എന്നതായിന്നു ഈ കല്യാണത്തിന്റെ സവിശേഷത.

പൂച്ചെണ്ടിന് പകരം ഉടവാളും വിവാഹ മണ്ഡപത്തിന് പകരം കളരിത്തറയുമായിരുന്നു പ്രധാന പ്രത്യേകത. കുരുത്തോലയും പൂക്കളും കൊണ്ട് അലങ്കരിച്ചാണ് വേദി തയ്യാറാക്കിയത്. മിഴാവ് മേളത്തോടെയാണ് കളരി അഭ്യാസികള്‍ വരനെ വിവാഹ വേദിയിലേക്ക് സ്വീകരിച്ചത്. കളരി വിദ്യാര്‍ഥികള്‍ ഗദയും വാളും പരിചയുമായി വധൂവരന്‍മാര്‍ക്ക് അകമ്പടി സേവിച്ചു. ഓലക്കുട ചൂടിയാണ് വധുവിനെ വിവാഹ വേദിയിലേക്ക് ആനയിച്ചത്. പിന്നീട് കളരിഗുരുക്കളെ തൊഴുത് കളരിദൈവങ്ങളെ സാക്ഷിയാക്കി രാഹുല്‍ ശില്‍പയുടെ കഴുത്തില്‍ താലികെട്ടി.

രാഹുലിന്റെ 12-ാം വയസില്‍ കളരി പഠിക്കാനെത്തിയപ്പോഴാണ് ശില്‍പയെ ആദ്യമായി കാണുന്നത്. എന്നാല്‍ ഇരുവരുടെയും പ്രണയവിവാഹമായിരുന്നില്ല. അഗസ്ത്യം കളരിയിലെ പഠിതാക്കളായ ഇവരുടെ അമ്മമാരുടെ ഇഷ്ടമാണ് രാഹുലിന്റെയും ശില്‍പയുടെ വിവാഹത്തിലേക്ക് എത്തിയത്. വിവാഹം കളരിത്തറയില്‍ നടത്താമെന്ന ആഗ്രഹം ഇരുവരും പങ്കുവച്ചതോടെ ഗുരുക്കന്‍മാരുടെ പൂര്‍ണസമ്മതമാണ് കളരിത്തറ കതിര്‍മ്ണ്ഡപമായത്.

Read Also : “ആളുകൾ ഏറ്റവും കൂടുതൽ തിരഞ്ഞ വിനോദ സഞ്ചാര കേന്ദ്രം”; കേരളത്തെ പോലും പിന്നിലാക്കി പട്ടികയിൽ ഇടം നേടിയ നാട്!!

ഒന്നര വര്‍ഷം മുമ്പായിരുന്നു രാഹുലിന്റെയും ശില്‍പയുടെയും വിവാഹനിശ്ചയം നടന്നത്. സെക്രട്ടേറിയറ്റ് ജോലിയില്‍ നിന്ന് ദീര്‍ഘകാല അവധിയെടുത്ത രാഹുല്‍ ഇപ്പോള്‍ കളരിയിലാണ് ശ്രദ്ധകൊടുക്കുന്നത്. എഞ്ചിനീയര്‍ ബിരുദധാരിയാണ് ശില്‍പ. അഗസ്ത്യം കളരിയിലുടെ ചുവടുവച്ച് തുടങ്ങിയ ഇരുവരും പരിശീലകരും കൂടിയാണ്.

Story highlights : Wedding in Kalari style at Trivandrum goes viral