‘ഒരു ട്രില്യണ്‍ വ്യുവിങ് മിനിട്ടുകള്‍’; 2023-ലേത് എക്കാലത്തെയും മികച്ച ക്രിക്കറ്റ് ലോകകപ്പെന്ന് ഐസിസി

December 28, 2023

ക്രിക്കറ്റ് ചരിത്രം കണ്ടതില്‍വെച്ച് ഏറ്റവും വലിയ ലോകകപ്പിനാണ് ഇന്ത്യ ആതിഥേയത്വം വഹിച്ചത്. ലോകമെമ്പാടുമുള്ള പ്രക്ഷേപണ, ഡിജിറ്റല്‍ റെക്കോഡുകളും തകര്‍ത്തുവെന്നാണ് ഐസിസി പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആറാം തവണയും അതികായരായ ഓസ്‌ട്രേലിയ ക്രിക്കറ്റിന്റെ സിംഹാസനത്തില്‍ ഇരിപ്പിടമുറപ്പിച്ച ചാമ്പ്യന്‍ഷിപ്പ് ആഗോളതലത്തില്‍ ഒരു ട്രില്ല്യണ്‍ തത്സമയ കാഴ്ച മിനിട്ടുകളാണ് രേഖപ്പെടുത്തിയത്. ( World Cup 2023 smashes broadcast and digital records )

2011-ല്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നടന്ന ലോകകപ്പിനെ അപേക്ഷിച്ച് ആഗോള തത്സമയ കാഴ്ച സമയത്തില്‍ 38 ശതമാനത്തിന്റെ വര്‍ധനവാണുള്ളത്. 2019-ലെ ഇംഗ്ലണ്ട് ലോകകപ്പിനെ അപേക്ഷിച്ച് 17 ശതമാനം വര്‍ധവും ഉണ്ടായി. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള കിരീടപ്പോരാട്ടം ഇതുവരെ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഐസിസി മത്സരമായി മാറി. ആഗോളതലത്തില്‍ 87.6 ബില്യണ്‍ തത്സമയ കാഴ്ചക്കാരാണ് ഈ മത്സരത്തിന് ഉണ്ടായിരുന്നത്.

ഡിസ്നി സ്റ്റാര്‍ നെറ്റ്‌വര്‍ക്കില്‍ മാത്രം 422 ബില്യണ്‍ കാഴ്ച മിനിറ്റുകളാണ് ഇന്ത്യയില്‍ ഉണ്ടായിരിന്നത്. ഇന്ത്യയില്‍ ലോകകപ്പ് സൗജന്യമായി സ്ട്രീം ചെയ്യാനുള്ള ഡിസ്‌നി+ ഹോട്ട്സ്റ്റാറിന്റെ തീരുമാനം കാഴ്ചക്കാരുടെ എണ്ണത്തിലെ ഗണ്യമായ വര്‍ധനവിന് കാരണമായിട്ടുണ്ടെന്ന് നിസംശയം പറയാവുന്നതാണ്.

യുകെയിലും ഓസ്ട്രേലിയയിലും ഏറ്റവുമധികം സംപ്രേക്ഷണം ചെയ്ത ടൂര്‍ണമെന്റ് കൂടിയായിരുന്നു 2023 പതിപ്പ്. യുകെ 800 മണിക്കൂര്‍ ലൈവ് കവറേജും 5.86 ബില്യണ്‍ മിനുട്ട് തത്സമയ കാഴ്ചക്കാരും ഉണ്ടായിരുന്നു. ഓസ്ട്രേലിയയില്‍, 602 മണിക്കൂര്‍ തത്സമയ കവറേജും 3.79 ബില്യണ്‍ മിനുട്ട് തത്സമയ കാഴ്ചക്കാരും ഉണ്ടായിരുന്നു. 237.10 ബില്യണ്‍ വ്യൂവിങ് മിനിറ്റുകളുള്ള തത്സമയ കാഴ്ചയുമായി പാകിസ്ഥാനില്‍ റെക്കോഡ് വ്യൂവര്‍ഷിപ്പ് ലഭിച്ചു.

Read Also : ‘ഒരു യഥാർത്ഥ മനുഷ്യന്റെ വിയോഗം..’- നൊമ്പര കുറിപ്പ് പങ്കുവെച്ച് ഷാജി കൈലാസ്

2023-ലെ പതിപ്പ് ദക്ഷിണാഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ പ്രദര്‍ശിപ്പിച്ച ലോകകപ്പായിരുന്നു, 2019-നെ അപേക്ഷിച്ച് കാഴ്ചക്കാരുടെ എണ്ണത്തില്‍ 32% വര്‍ദ്ധനവ് ഉണ്ടായി. USA യിലും സമാനമായിരുന്നു.2019 നെ അപേക്ഷിച്ച് 14% വര്‍ധനവുണ്ടായെന്നും ഐസിസി അറിയിച്ചു.

Story highlights : World Cup 2023 smashes broadcast and digital records