യൂട്യൂബിൽ ആദ്യമായി പോസ്റ്റ് ചെയ്ത വിഡിയോ കണ്ടിട്ടുണ്ടോ?- 235 ദശലക്ഷത്തിലധികം കാഴ്ചകൾ നേടിയ ആ വിഡിയോ ഇതാണ്!
പലതരത്തിലുള്ള ഡിജിറ്റൽ പ്ലാറ്റുഫോമുകൾ സജീവമാണെങ്കിലും കാലങ്ങളായി ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഇഷ്ടം കവർന്ന് നിലനിൽക്കുകയാണ് യൂട്യൂബ്. ദിവസേന നിരവധി യൂട്യൂബ് വിഡിയോകൾ എല്ലാവരും കാണാറുണ്ട്. ഒട്ടേറെ ആളുകളുടെ ഇന്റർനെറ്റ് ദിനചര്യയായി യൂട്യൂബ് മാറിയിരിക്കുന്നു. എന്നാൽ ഇത്ര ജനപ്രിയമായ യൂട്യൂബിലെ ആദ്യത്തെ വിഡിയോ ഏതാണ് എന്നും എപ്പോഴാണ് അപ്ലോഡ് ചെയ്തതെന്നും അറിയാമോ?
ഇതാണ് ആ ചോദ്യത്തിന്റെ ഉത്തരം. 2005 ഫെബ്രുവരി 14-ന് സ്റ്റീവ് ചെൻ, ചാഡ് ഹർലി, ജാവേദ് കരീം എന്നിവർ ചേർന്നാണ് യൂട്യൂബ് സമാരംഭിച്ചത്. 2006 ഒക്ടോബറിൽ 1.65 ബില്യൺ ഡോളറിന് ഗൂഗിൾ ഇത് വാങ്ങി. അതായത് യൂട്യൂബിൽ അവർ ആദ്യ വിഡിയോ പോസ്റ്റ് ചെയ്ത് 18 മാസത്തിനു ശേഷം. ജാവേദ് കരീമായിരുന്നു യൂട്യൂബിൽ ആദ്യമായി വിഡിയോ അപ്ലോഡ് ചെയ്തത്.
സാൻ ഡിയാഗോ മൃഗശാലയിൽ ആനക്കൂട്ടത്തിന് സമീപത്ത് നിന്നുള്ള തന്റെ 19 സെക്കൻഡ് ദൈർഘ്യമുള്ള ഒരു ക്ലിപ്പ് ആയിരുന്നു അദ്ദേഹം അപ്ലോഡ് ചെയ്തത്. ഇതായിരുന്നു യൂട്യൂബിൽ ആദ്യമായി അപ്ലോഡ് ചെയ്ത വിഡിയോ. ഇപ്പോൾ 235 ദശലക്ഷത്തിലധികം വ്യൂസും 12 ദശലക്ഷത്തിലധികം ലൈക്കുകളും ഉള്ള ക്ലിപ്പ് ജൂൺ 11 ന് യൂട്യൂബ് ഇന്ത്യയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു.
വർഷങ്ങൾക്കിപ്പുറം യൂട്യൂബ് ഒട്ടേറെ വളർന്നിരിക്കുന്നു. കാലക്രമേണ, ജനപ്രീതി ഒരു വലിയ തലത്തിലേക്ക് വളരുകയും വാർത്തകൾ, ഡോക്യുമെന്ററികൾ, ഫിലിം ട്രെയിലറുകൾ മുതൽ വ്ലോഗുകൾ, ഇവന്റുകൾ എന്നിവ വരെ എത്തിനിൽക്കുന്നു. ഏതുവിഷയത്തിലുമുള്ള വിവിധ ഭാഷകളിലുള്ള വിഡിയോകൾ യൂട്യൂബിൽ ലഭ്യമാണ്.
Story highlights- youtube’s first video