157-ാം ലെവലിൽ ഫ്രീസായി; ടെട്രിസ് ഗെയിമിനെ തോൽപിക്കുന്ന ആദ്യ മനുഷ്യനായി 13-കാരൻ

January 4, 2024

ടെട്രിസ് ഗെയിം, ഈ ഒരു പേര് പറഞ്ഞാല്‍ മലയാളികള്‍ക്ക് അത്ര പെട്ടെന്ന് മനസിലായെന്ന് വരില്ല.കട്ടയടുക്കല്‍ എന്നാണ് നമ്മള്‍ ഈ ക്ലാസിക് ഗെയിമിനെ പൊതുവായിട്ട് വിളിക്കാറുള്ളത്. വിവിധ രൂപത്തില്‍ വീഴുന്ന കട്ടകള്‍ ഒരു പെട്ടിക്കുള്ളില്‍ ഒഴിവിടങ്ങളില്ലാതെ അടുക്കിയാണ് ഇത് കളിക്കേണ്ടത്. ഒരോ ലെവല്‍ പൂര്‍ത്തിയാകുമ്പോഴും കട്ടകള്‍ വീഴുന്നതാണ് ഈ ഗെയിമിനെ കൂടതല്‍ ത്രില്ലിങ് ആക്കുന്നത്. ( 13 year old becomes first player to beat Tetris )

നിങ്ങള്‍ ഓരോരുത്തരും പരമാവധി എത്ര ലെവല്‍ വരെ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് ആലോചിച്ച് നോക്കു.. വേഗം കൂടുന്തോറും കട്ടകള്‍ അടുക്കി വയ്ക്കാനാകാതെ പിന്‍മാറുന്നതാണ് പതിവ്. എന്നാല്‍ ഈ ക്ലാസിക് കമ്പ്യൂട്ടര്‍ ഗെയിമിനെ തോല്‍പിച്ചിരിക്കുകയാണ് 13 വയസുകാരനായ വില്ലിസ് ഗിബ്‌സണ്‍. 30 വര്‍ഷത്തെ ചരിത്രത്തില്‍ ഈ ഗെയിമിനെ തോല്‍പിക്കുന്ന ആദ്യ മനുഷ്യന്‍ എന്ന ഖ്യാതിയും ഇതോടെ അമേരിക്കയിലെ ഓക്‌ലഹോമ സ്വദേശിയായ ഗിബ്‌സണെ തേടിയെത്തി.

ഈ ഗെയിമിന്റെ നിന്റെന്‍ഡോ വേര്‍ഷനിലായിരുന്നു വില്ലിസിന്റെ കളി. ഗെയിം അവസാനിക്കുന്ന സമയത്ത് വരുന്ന കില്‍ സ്‌ക്രീനില്‍ വില്ലിസിന് എത്താന്‍ സാധിച്ചു. ഇതുവരെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് മാത്രമാണ് ഇത് സാധ്യമായിരുന്നത്. തന്റെ യൂട്യൂബ് അക്കൗണ്ടില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് ഒകലഹോമയില്‍ താമസിക്കുന്ന വില്ലിസിന്റെ ഈ നേട്ടം ലോകമറിഞ്ഞത്. 40 മിനിട്ട് നീണ്ട വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

വളരെ ലളിതവും എന്നാല്‍ വെല്ലുവിളി നിറഞ്ഞതുമാണ് ഈ ഗെയിം. നമ്മുടെ കൈകളുടെയും കണ്ണുകളുടെയും ഏകോപനവും വളരെ പെട്ടെന്ന് പ്രതികരിക്കാനുമുള്ള കഴിവുമാണ് ഇതില്‍ പ്രധാനം. മനുഷ്യന് പ്രതികരിക്കാനാകുന്നതിലും വേഗത്തില്‍ കട്ടകള്‍ വീഴുന്ന 29-ാം ലെവലാണ് ഗെയിമിന്റെ അവസാന ലെവല്‍ എന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ ആധുനിക ഗെയിമര്‍മാരാണ് വീണ്ടും മുന്നോട്ട് പോകാന്‍ കഴിയുമെന്ന് കണ്ടെത്തിയത്. ഒടുവില്‍, ഡിസംബര്‍ 21-ന് ഗെയിമിന്റെ 157-ാം ലെവലിലാണ് ടെട്രിസ് അതിന്റെ അവസാനത്തിലെത്തിയത്. വില്ലിസ് ഒരു ബ്ലോക്ക് വീഴ്ത്തി ഒരു നിര അപ്രത്യക്ഷമായതോടെ ഗെയിം ഫ്രീസ് ആവുകയായിരുന്നു.

Read Also : ‘ഹാവൂ ആശ്വാസമായി’; അമ്മയുടെ കൈകളിലുറങ്ങുന്ന കുട്ടിക്കൊമ്പന്റെ വൈറൽ ചിത്രം!

1985-ല്‍ അലക്‌സി പജിറ്റ്‌നോവ് എന്ന സോവിയറ്റ് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാണ് പസില്‍ വിഭാഗത്തില്‍പെട്ട ടെട്രിസ് ഗെയിമിന് രൂപം നല്‍കിയത്. പിന്നീട് ജപ്പാനിലെ മള്‍ട്ടിനാഷണല്‍ ഗെയിമിങ്ങ് കമ്പനിയായ നിന്റെന്‍ഡോ എന്റര്‍ടൈന്‍മെന്റ് പുറത്തിറക്കിയ ഗെയിമിങ് കണ്‍സോളിലുടെയാണ് ഇത് ജനപ്രീതി നേടുന്നത്. പിന്നീട് മൊബൈലില്‍ അടക്കം ഗെയിമിന്റെ വിവിധ പതിപ്പുകള്‍ വന്നു. ഇപ്പോഴും ജനപ്രിയ ഗെയിമായ ടെട്രിസ് ബ്രിക്ക് ഗെയിമിലടക്കം പുറത്തുവന്നിരുന്നു.

Story highlights : 13 year old becomes first player to beat Tetris