ഏഴാം വയസിൽ ആദ്യ ശസ്ത്രക്രിയ; ലോകത്തിലെ പ്രായം കുറഞ്ഞ ശസ്ത്രക്രിയ വിദഗ്ധനായ ഇന്ത്യക്കാരൻ..!
ചെറുപ്രായത്തില്‍ അസാമാന്യ ബുദ്ധിശക്തിയും കഴിവുമുള്ള കൊച്ചുകുട്ടികളെ ഇപ്പോള്‍ കാണാനാകും. ഒന്നും രണ്ടും വയസ് മാത്രം പൂര്‍ത്തിയായ പിഞ്ചുകുട്ടികളുടെ ഓര്‍മശക്തി പ്രകടമാക്കുന്ന നിരവധി വീഡിയോകള്‍ കാണാനാകും. അവയില്‍ കൂടുതലും നിരവധി രാജ്യങ്ങളുടെ പതാകയും ലോകനേതാക്കന്മാരുടെയും അടക്കമുള്ള ചിത്രങ്ങള്‍ തിരിച്ചറിയുന്നതും അനായാസം അവയുടെ പേരുകള്‍ ഓര്ത്തെടുക്കുന്നതുമെല്ലാം ഇതിലുള്‍പ്പെടും. എന്നാല്‍ അതിനും മുകളില്‍ ബുദ്ധികൂര്‍മതയുള്ള കുട്ടികളും വലിയ രീതിയില്‍ ശ്രദ്ധ നേടാറുണ്ട്. ( Akrit Pran Jaswal became the world’s youngest surgeon )
അത്തരത്തില്‍ കഴിവുള്ള കുട്ടികളില്‍ ഒരാളാണ് ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള അക്രിത് പ്രാണ്‍ ജസ്വാള്. തന്റെ ഏഴാം വയസില്‍ ശസ്ത്രക്രിയ നടത്തി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ഈ കൊച്ചുബാലന്. ഇതോടെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശസ്ത്രക്രിയ വിദഗ്ദന് എന്ന ബഹുമതിയും അക്രിതിന്റെ പേരിലായി.
10 മാസം പ്രായമുള്ളപ്പോള്‍, നടത്തവും സംസാരവും ഉള്‍പ്പെടെയുള്ള അസാധാരണമായ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്നാണ് അക്രിതിന്റെ കുടുംബം പറയുന്നത്. രണ്ട് വയസ് തികഞ്ഞപ്പോഴേക്കും അവന് എഴുത്തും വായനയും തുടങ്ങി. അഞ്ച് വയസുള്ളപ്പോള്‍ ഇംഗ്ലീഷ് ക്ലാസിക്കുകള്‍ വായിച്ചു തുടങ്ങിയ അക്രിത്, ഏഴാം വയസില്‍ സ്വന്തമായി ഒരു ശസ്ത്രക്രിയ നടത്തി ലോകത്തെ അമ്പരപ്പിക്കുകയായിരുന്നു. ഹിമാചല്‍ പ്രദേശിലെ നൂര്‍പൂര്‍ സ്വദേശിയായ അക്രിത് പ്രാണ്‍ ജസ്വാള്, പൊള്ളലേറ്റ ഒരു എട്ട് വയസുകാരന്റെ കൈകളിലാണ് ആദ്യമായി ശസ്ത്രക്രിയ നടത്തിയത്.
അതിന് പിന്നാലെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ യൂണിവേഴ്സിറ്റി വിദ്യാര്‍ഥി എന്ന ബഹുമതിയും അക്രിതിനെ തേടിയെത്തി. 13-ാം വയസില്‍, തന്റെ പ്രായപരിധിയിലെ ഏറ്റവും ഉയര്‍ന്ന ഐക്യൂകളില് ഒന്നും (146) ഈ അത്ഭുത ബാലന്റെതായി. ഇതിഹാസതാരം ഓപ്ര വിന്‍ഫ്രി അവതാരകയായ ലോകപ്രശസ്ത ടോക്ക് ഷോയില്‍ പങ്കെടുത്തിരുന്നു. ആ വേദിയിലെ അസാമാന്യ പ്രകടനമാണ് അക്രിതിന് രാജ്യന്തര തലത്തില്‍ അറിയപ്പെടുന്ന പ്രതിഭയാക്കി മാറ്റിയത്.
‘മെഡിക്കല്‍ ജീനിയസ്’ എന്നറിയപ്പെടുന്ന അക്രിത് കാണ്‍പൂര്‍ ഐഐടിയില്‍ നിന്നാണ് ബയോ എഞ്ചിനീയറിങ്ങ് പൂര്‍ത്തിയാക്കിയത്. 12-ാം വയസില്‍ ചണ്ഡീഗഡ് സര്‍വകലാശാലയില്‍ സയന്‍സ് പഠിക്കാന്‍ ചേര്‍ന്ന അക്രിത്, 17-ാം വയസിലാണ് അപ്ലൈഡ് കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിത്. ഇപ്പോള്‍ 31 വയസ് പൂര്‍ത്തിയായ അക്രിത് ക്യാന്‍സര്‍ രോഗത്തിനുള്ള മരുന്ന് കണ്ടെത്താനുള്ള ഗവേഷണത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Story highlights : Akrit Pran Jaswal became the world’s youngest surgeon