സോഷ്യൽ മീഡിയയിൽ തരംഗമായി ലക്ഷദ്വീപ് ടൂറിസം; ദ്വീപ് യാത്രയ്ക്കായി കടമ്പകൾ ഏറെ..!

January 9, 2024

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടെ ലക്ഷദ്വീപും ദ്വീപ് ടൂറിസം മേഖലയും വലിയ തോതില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. മനോരമായ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് പ്രാധാനമന്ത്രി ദ്വീപിന്റെ സൗന്ദര്യത്തെ വര്‍ണിക്കുന്നത്. അതിന് പിന്നാലെ ഇന്ത്യ-മാലിദ്വീപ് തമ്മിലുള്ള പ്രശ്‌നത്തിനും ലക്ഷദ്വീപിന്റെ സൗന്ദര്യമാണ് വഴിവച്ചിരിക്കുന്നത്. മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെ മാലിദ്വീപ് മന്ത്രിമാര്‍ അധിക്ഷേപം നടത്തിയതോടെ നിരവധിയാളുകളാണ് അവിടേക്കുള്ള യാത്ര ഒഴിവാക്കിയത്. ഇതോടെ ബോളിവുഡ് താരങ്ങള്‍ അടക്കമുള്ളവര്‍ ലക്ഷദ്വീപ് സ്വര്‍ഗമാണെന്ന രീതിയില്‍ പ്രതികരണവുമായി എത്തി. ഇതോടെയാണ് ലക്ഷദ്വീപ് ടൂറിസത്തിന്റെ വളര്‍ച്ചയ്ക്ക് സാധ്യതയേറിയത്. ( All you need to know about Lakshadweep trip )

വിഷയം കൂടുതല്‍ ചര്‍ച്ചയായതോടെ ലക്ഷദ്വീപ് യാത്രയുടെ സാധ്യത തേടിയുള്ള അന്വേഷണങ്ങള്‍ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് കൂടുതല്‍ കിട്ടി തുടങ്ങിയെന്നാണ് റപ്പോര്‍ട്ടുകള്‍. എന്നാല്‍ ദ്വിപിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും മതിയായ യാത്ര സൗകര്യമില്ലാത്തതും പ്രധാന വെല്ലുവിളിയാണ്. അതോടൊപ്പം തന്നെ ദ്വീപിലേക്കുള്ള യാത്ര പെര്‍മിറ്റ് നേടുക എന്നതാണ് ആദ്യ കടമ്പ. ദ്വീപില്‍ സുഹൃത്തുക്കളോ ബന്ധുക്കളോ ഉണ്ടെങ്കില്‍ അവരുടെ ശുപാര്‍ശയോടെ വേഗത്തില്‍ എന്‍ട്രി പെര്‍മിറ്റ് നേടാം. അല്ലാത്തവര്‍ പൊലീസ് ക്ലിയറന്‍സ് ഉള്‍പ്പെടെയുള്ളവ ഉള്‍പ്പെടുത്തി കൊച്ചി വെല്ലിങ്ടണ്‍ ഐലന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസിലാണ് അപേക്ഷ നല്‍കേണ്ടത്.

എങ്ങനെ ലക്ഷദ്വീപിലെത്താം?

യാത്ര പെര്‍മിറ്റ് നേടിയാല്‍ രണ്ട് തരത്തില്‍ ലക്ഷദ്വീപിലെത്താം. കൊച്ചി വിമാനത്താവളത്തില്‍ നിന്ന് വിമാനത്തില്‍ അഗത്തി ദ്വീപ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വഴി ദ്വീപിലെത്താം. കൊച്ചിയില്‍ ദിവസവും ഒരു വിമാന സര്‍വീസാണ് ദ്വീപിലേക്കുള്ളത്. കടല്‍മാര്‍ഗം പോകാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ കൊച്ചിയില്‍ നിന്ന് യാത്ര കപ്പല്‍ ലഭിക്കും. മൂന്ന് കപ്പലുകളുണ്ടെങ്കിലും സമയക്രമം പാലിക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നം.

കടല്‍ക്കാഴ്ചകളുടെ സൗന്ദര്യം, പവിഴപ്പുറ്റുകള്‍, ദ്വീപിലെ സായാഹ്നങ്ങള്‍ അങ്ങനെ നിരവധി കാര്യങ്ങളാണ് ദ്വീപിലെത്തുന്ന വിനോദസഞ്ചാരികളെ കാത്തിരിക്കുന്നത്. അതോടൊപ്പം തന്നെ കുറച്ചു സാഹസികത നിറഞ്ഞ സ്‌കൂബ ഡൈവിങ്ങും, സ്‌നോര്‍ക്‌ലിങ്ങും നിങ്ങളെ കാത്തിരിക്കുന്നുണ്ട്. കടലിന്റെ അടിത്തട്ട് ആസ്വദിക്കാനും പവിഴപ്പുറ്റുകളെ കാണാനും ഇതിലൂടെ സാധിക്കും.

Read Also : ‘അഞ്ച് നിറങ്ങളുള്ള നദി’; ആഴങ്ങളിൽ മഴവില്ല് തീർക്കുന്ന കാനോ ക്രിസ്‌റ്റെയ്‌ൽസ്‌!

ലക്ഷദ്വീപിന്റെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മിനിക്കോയ് ദ്വീപിലെ തോണി യാത്ര വ്യത്യസ്തമായ അനുഭവമായിരിക്കും. ദ്വീപിലെ ഗ്രാമങ്ങളിലേക്ക് പോകാനും ദ്വീപ് നിവാസികളുടെ ജീവിതം അടുത്തറിയാനും ഈ യാത്രയിലൂടെ സഞ്ചാരികള്‍ക്ക് അവസരം ലഭിക്കും. വ്യത്യസ്തമായ ആവാസവ്യവസ്ഥയും, ചെടികളും മൃഗങ്ങളും നിറഞ്ഞ കല്‍പ്പേനി ദ്വീപും വേറിട്ട അനുഭവങ്ങള്‍ സമ്മാനിക്കും.

കവരത്തിയിലെ മറൈന്‍ മ്യൂസിയവും പ്രധാന ആകര്‍ഷണമാണ്. ലക്ഷദ്വീപിലെയും മറ്റും സമുദ്ര ആവാസവ്യവസ്ഥകളെയും ജീവികളെയും കുറിച്ച് കൂടുതല്‍ അടുത്തറിയാന്‍ ഈ മ്യൂസിയം സന്ദര്‍ശിക്കുന്നതിലൂടെ സാധിക്കും.

Story highlights : All you need to know about Lakshadweep trip