മറഡോണയ്ക്ക് പോലും നല്‍കാത്ത ആദരം; മെസിക്കൊപ്പം 10ാം നമ്പര്‍ ജഴ്സിയും വിരമിച്ചേക്കും
ഇതിഹാസ താരങ്ങളായ ആല്ഫ്രെഡൊ ഡി സ്റ്റെഫാനൊ, ഡീഗോ മറഡോണ, റോമന്‍ റിക്വല്‍മി, മാരിയോ കെമ്പസ് അടക്കമുള്ളവര്‍ അണിഞ്ഞ ജഴ്സിയാണ് അര്‍ജന്റീനയുടെ 10-ാം നമ്പര്‍ ജഴ്സി. സൂപ്പര്‍ താരം ലയണല്‍ മെസിയാണ് നിലവില്‍ അര്‍ജന്റീനയുടെ ഐക്കോണിക് നമ്പര്‍ 10 അണിയുന്നത്. ആദരസൂചകമായി മെസി വിരമിക്കുന്നതോടെ 10-ാം നമ്പര്‍ ജഴ്സിയും റിട്ടയര്‍ ചെയ്യുമെന്ന സൂചന. മെസിക്കുള്ള ആജീവാനന്ത ആദരവായി ജഴ്സി പിന്‍വലിക്കുമെന്ന് അര്‍ജന്റീന ഫുട്ബാള്‍ ഫെഡറേഷന് അധ്യക്ഷന്‍ ക്ലോഡിയോ ടാപിയ അര്‍ജന്റീനന്‍ മാധ്യമത്തോട് വ്യക്തമാക്കിയതായി മാര്‍ക റിപ്പോര്‍ട്ട് ചെയ്തു. ( Argentina set to retire Lionel Messi’s no10 jersey )
‘മെസി ദേശീയ ടീമില്‍ നിന്ന് വിരമിക്കുന്നതോടെ, അദ്ദേഹത്തിന് ശേഷം മറ്റാരെയും 10-ാം നമ്പര്‍ ധരിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഈ നമ്പര്‍ ’10’ ആജീവനാന്തം വിരമിക്കും. ഞങ്ങള്‍ക്ക് അവനുവേണ്ടി ചെയ്യാന്‍ കഴിയുന്ന ഏറ്റവും ചെറിയ കാര്യമാണിതെന്നാണ് എ.എഫ്.എ പ്രസിഡന്റ് വ്യക്തമാക്കിയത്.
36 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് 2022-ല്‍ ഖത്തറിന്റെ മണ്ണില്‍ ലയണല്‍ മെസി അര്‍ജന്റീനയെ ലോകകപ്പ് ജേതാക്കളാക്കിയത്. അതിനുമുമ്പ് 2021ലെ കോപ്പ അമേരിക്ക, 2022-ലെ ഫൈനലിസിമ ട്രോഫിയും അര്‍ജന്റീനയുടെ ഷെല്‍ഫിലെത്തിച്ചിരുന്നു. ഇതോടെയാണ് മെസി അര്‍ജന്റീനയുടെ എക്കാലത്തെയും ഇതിഹാസ നായകനെന്ന പദവിയിലേക്ക് എത്തിയത്.
അര്‍ജന്റീനക്കായി 180 മത്സരങ്ങളില്‍ നിന്ന് 106 ഗോളുകള്‍ നേടിയിട്ടുണ്ട്. ദേശീയ ടീമിനും ക്ലബുകള്‍ക്കുമായി എണ്ണൂറിലധികം ഗോളുകള്‍ നേടിയ മെസി ലോകത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള ബാലന് ദ്യോര്‍ പുരസ്കാരം എട്ട് തവണ നേടിയ താരമാണ്. രണ്ട് പതിറ്റാണ്ടിലധികം സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ താരമായിരുന്ന മെസി പിന്നിട് പിഎസ്ജിയിലേക്ക് കൂടുമാറിയിന്നു. ഒടുവില്‍ കഴിഞ്ഞ സീസണിലാണ് അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍ ക്ലബായ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് പന്ത് തട്ടുന്നത്.
Read Also : തമോഗര്ത്തങ്ങളിലേക്ക് ഐഎസ്ആര്‍ഒ; കേരളീയ പെൺകരുത്തിന്റെ ചരിത്ര നേട്ടമായി വി-സാറ്റ്..!
അതേസമയം 10-ാം നമ്പര്‍ ജഴ്സി ആദ്യമായല്ല അര്‍ജന്റീന പിന്‍വലിക്കാന്‍ ഒരുങ്ങുന്നത്. നേരത്തെ ഡീഗോ മറഡോണ ധരിച്ചിരുന്ന ജഴ്സി പിന്‍വലിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും നടപ്പാക്കാനായിരുന്നില്ല. ഫിഫ നിയമപ്രകാരം ഒന്ന് മുതല്‍ 23 വരെയുള്ള നമ്പറുകള്‍ മുന്‍നിര അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ ഉപയോഗിക്കണം എന്നതായിരുന്നു തടസമായി നിന്നത്. 2002 ലോകകപ്പിന് മുമ്പായിരുന്നു അന്നത്തെ എ.എഫ്.എ പ്രസിഡന്റ് ജൂലിയോ ഗ്രോണ്ടോണയും കൂട്ടാളികളുമാണ് ഡീഗോ മറഡോണയോടുള്ള ആദരവായി ജഴ്സി പിന്‍വലിക്കാന്‍ ശ്രമം നടത്തിയത്.
Story highlights : Argentina set to retire Lionel Messi’s no10 jersey