‘ജലാശയത്തിന് നടുവിൽ മൺതിട്ടയിലൊരു മൈതാനം’; വൈറലായി മലയാളിയുടെ കാൽപന്ത് പ്രേമം

January 15, 2024

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അതിമനോഹരമായ ഫുട്‌ബോള്‍ മൈതാനങ്ങള്‍, ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ കാണാറുണ്ട്. കാടിനകത്തും മഞ്ഞു മലകള്‍ക്ക് സമീപത്തായും അതിമനോഹര കാഴ്ചകള്‍ ഒരുക്കുന്ന കളിത്തട്ടുകള്‍. അത്തരത്തില്‍ ആരാധകരുടെ മനംകവര്‍ന്ന ഒരു ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിവിധ അന്താരാഷ്ട്ര പേജുകള്‍ അടക്കം കേരളത്തില്‍ നിന്നുള്ള ഈ കളിമൈതാനത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. ( Beautiful football ground in Ponnani Malappuram )

ഇജാസ് എന്ന ഉപയോക്താവ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് ലോകമെമ്പാടുമുള്ള കാല്‍പ്പന്ത് പ്രേമികളുടെ മനസില്‍ ഇടംപിടിക്കുന്നത്. ഈ മൈതാനത്തിന്റെ ദൃശ്യങ്ങള്‍ കണ്ടാല്‍ ഏതൊരു കാല്‍പന്ത് പ്രേമിക്കും ഇവിടെയൊന്ന പന്ത് തട്ടാന്‍ തോന്നും. അത്ര മനോഹരമാണ് ഈ മൈതാനം. കഴിഞ്ഞ ദിവസം പങ്കുവച്ച വീഡിയോ ‘433’ അടക്കമുള്ള പ്രമുഖ സ്‌പോര്‍ട്‌സ് പേജുകള്‍ പങ്കുവച്ചിരുന്നു.

മലപ്പുറം ജില്ലയിലെ പൊന്നാനിയിലെ കര്‍മ റോഡില്‍ നിന്നുള്ള വീഡിയോയാണ് വലിയ രീതിയില്‍ വൈറലാകുന്നത്. ജലാശയത്തില്‍ രൂപംകൊണ്ട മനോഹരമായ മണല്‍തിട്ടയില്‍ പന്ത് തട്ടുന്ന കുട്ടികളെയും വീഡിയോയില്‍ കാണാം. മലയാളി താരം സി.കെ വിനീത് അടക്കമുള്ള നിരവധി കായിക താരങ്ങളും വീഡിയോയില്‍ കമന്റുമായെത്തിയിട്ടുണ്ട്.

Read Also : മൈതാനത്ത് വിനീഷ്യസിന്റെ ‘സ്യു’ലിബ്രേഷന്‍; ഗ്യാലറിയില്‍ കണ്ടാസ്വദിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

മറ്റൊരു വീഡിയോയില്‍ ഈ മൈതാനത്തിന്റെ രണ്ട് സമയങ്ങളില്‍ നിന്നുള്ള വ്യത്യസ്തമായ കാഴ്ചയും കാണാനാകും. രാവിലെ ഏഴ് മണിയോടെ മുഴുവനായും വെള്ളത്തില്‍ മൂടിക്കിടക്കുന്ന മൈതാനം വൈകുന്നേരത്തോടെ വെള്ളമൊഴിഞ്ഞ് കളിക്കാന്‍ പാകത്തിലായ രീതിയില്‍ കാണാം. കടലില്‍ സാധാരണയായി കാണപ്പെടുന്ന വേലികേറ്റവും വേലിയിറക്കവും എന്ന പ്രതിഭാസമാണ് ജലാശയത്തില്‍ ഇത്തരത്തില്‍ മണ്‍തിട്ടകള്‍ രൂപപ്പെടാന്‍ കാരണമാകുന്നത്.

Story highlights : Beautiful football ground in Ponnani Malappuram