മൈതാനത്ത് വിനീഷ്യസിന്റെ ‘സ്യു’ലിബ്രേഷന്‍; ഗ്യാലറിയില്‍ കണ്ടാസ്വദിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

January 15, 2024

വ്യത്യസ്തമായ സെലിബ്രേഷനുകളുമായി ഫുട്‌ബോള്‍ ലോകത്ത് ട്രെന്റുകള്‍ സൃഷ്ടിച്ച താരമാണ് പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. റൊണാള്‍ഡോയോളം തന്നെ താരത്തിന്റെ വിഖ്യാതമായ ഗോള്‍ സെലിബ്രേഷനും നിരവധി ആരാധകരുണ്ട്. ഗോള്‍ നേട്ടത്തിന് പിന്നാലെ വായുവില്‍ ഉയര്‍ന്ന് ചാടിയൂള്ളൂ ‘സ്യൂ’ വിളിയെ ആരാധകര്‍ മാത്രമല്ല ഫുട്ബോള്‍ താരങ്ങളും എന്തിന് മറ്റ് കായിക ഇനങ്ങളിലുള്ളവര്‍ പോലും അനുകരിക്കുന്നത് പതിവാണ്. ( Vinicius goes suiii ronaldo watching Real Madrids El Classico )

അത്തരത്തില്‍ റൊണാള്‍ഡോയുടെ ‘സ്യൂ’ സ്‌റ്റൈലില്‍ ഗോള്‍ നേട്ടം ആഘോഷിച്ചിരിക്കുകയാണ് റയല്‍ മാഡ്രിന്റെ ബ്രസീലിയന്‍ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയര്‍. ചിരവൈരികളായ ബാഴ്‌സലോണക്കെതിരായ സൂപ്പര്‍ കപ്പ് ഫൈനല്‍ മത്സരത്തിന്റെ ഏഴാം മിനുട്ടില്‍ ആദ്യ ഗോള്‍ നേടിയതിന് പിന്നാലെയായിരുന്നു ഏറെ ആരാധകരുള്ള ‘സ്യൂ’ സ്‌റ്റൈലില്‍ ആഘോഷം. വി.ഐ.പി ഗ്യാലറിയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കാഴ്ച്ചക്കാരനാക്കിയാണ് വിനീഷ്യന്റെ ആഘോഷം എന്നതാണ് ശ്രദ്ധേയമായത്.

ഗോള്‍ നേടിയ ശേഷമുള്ള സെലിബ്രേഷന്‍ ക്രിസ്റ്റ്യാനോക്ക് സമര്‍പ്പിക്കുന്നതായി മത്സരശേഷം വിനീഷ്യസ് പറഞ്ഞു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് എന്റെ റോള്‍ മോഡല്‍, സൗദിയില്‍ കളിക്കുന്ന അദ്ദേഹത്തിന് ഇത് സമര്‍പ്പിക്കുന്നുവെന്നാണ് വിനീഷ്യസ് പറഞ്ഞത്. താരത്തിന്റെ ‘സ്യൂ’ സെലിബ്രേഷന്‍ ക്രിസ്റ്റ്യനോയുടെ പേരെടുത്ത് വിളിച്ച് നിറകൈയടികളോടെയാണ് ആരാധകര്‍ വരവേറ്റത്. ബാഴ്സലോണക്കെതിരെ ഇതിനു മുമ്പും ഗോള്‍ നേടിയശേഷം വിനീഷ്യസ് ‘സ്യൂ’ സ്റ്റൈലില്‍ ആഘോഷിച്ചിരുന്നു.

അല്‍ നസ്‌റിന്റെ ഹോം മൈതാനമായ അല്‍ അവ്വല്‍ സ്റ്റേഡിയത്തില്‍ നടന്ന നടന്ന സൂപ്പര്‍കപ്പ് പോരാട്ടം കാണാനായി ക്രിസ്റ്റിയാനോയും മകനും എത്തിയിരുന്നു. മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡ് ബാഴ്‌സലോണയെ പരാജയപ്പെടുത്തിയത്. വിനീഷ്യസ് ഹാട്രിക് നേടിയപ്പോള്‍ റോഡ്രിഗോ റയലിന്റെ നാലാം നേടി.

Read Also : ഒന്നര നുറ്റാണ്ട് മുമ്പ് മുങ്ങിയ കപ്പലിൽ 66 കോടിയുടെ സ്വര്‍ണം; ‘സ്വർണക്കപ്പൽ’ മുങ്ങിയെടുക്കാൻ അനുമതി തേടി നിധി വേട്ടക്കാർ

2013-ല്‍ ചെല്‍സിക്കെതിരെ നടന്ന സൗഹൃദ മത്സരത്തില്‍ ഗോള്‍ നേടിയപ്പോഴാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആദ്യമായി ‘സ്യു’ ആഘോഷം നടത്തിയത്. പിന്നീട് താരത്തിന്റെ ഉയര്‍ച്ചയ്‌ക്കൊപ്പം ഈ സെലിബ്രേഷനും വലിയ രീതിയില്‍ പ്രശസ്തി നേടുകയായിരുന്നു.

Story highlights : Vinicius goes suiii ronaldo watching Real Madrids El Classico