ഒന്നര നുറ്റാണ്ട് മുമ്പ് മുങ്ങിയ കപ്പലിൽ 66 കോടിയുടെ സ്വര്‍ണം; ‘സ്വർണക്കപ്പൽ’ മുങ്ങിയെടുക്കാൻ അനുമതി തേടി നിധി വേട്ടക്കാർ

January 15, 2024

നമ്മുടെ പൂര്‍വികര്‍ മണ്ണിനടിയിലും ദുര്‍ഗടം നിറഞ്ഞ സ്ഥലങ്ങളിലും അവരുടെ പക്കലുള്ള വിലകൂടിയ അമൂല്യ വസ്തുക്കള്‍ കുഴിച്ചിട്ടതായും ഒളിപ്പിച്ചുവച്ചതായിട്ടുള്ള നിരവധി കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ടാകും. അവയെല്ലാം തിരിച്ചെടുക്കാന്‍ പോകുന്ന നിധി വേട്ടക്കാരും കുറവല്ല. എന്നാല്‍ നിധി തേടി കടലിലേക്ക് പോയാലോ..? ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് 150 വര്‍ഷങ്ങള്‍ക്ക് മുമ്പ് മുങ്ങിപ്പോയ എസ്എസ് പസഫിക് എന്ന കപ്പലും അതിലെ അമൂല്യ നിധി ശേഖരവും. ( Shipwreck salvage operations planned for SS ‘Pacific’ )

15 -ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് യൂറോപ്പില്‍ നിന്നും ലോകത്തിലെ മറ്റ് വന്‍കരകളിലേക്ക് വ്യാപകമായി കപ്പലുകള്‍ യാത്ര ആരംഭിച്ചത്. സ്വര്‍ണ്ണം, രത്‌നങ്ങള്‍, സുഗന്ധവ്യജ്ഞനങ്ങള്‍ തുടങ്ങി വിലയേറിയ വസ്തുക്കളുമായിട്ടാണ് പല കപ്പലുകളും യൂറോപ്പിന്റെ കര തൊട്ടത്. എന്നാല്‍ ചില കപ്പലുകള്‍ ആദ്യ യാത്രയില്‍ തന്നെ തകര്‍ന്നപ്പോള്‍ മറ്റു ചിലത് തിരികെയുള്ള യാത്രയിലാണ് ആഴക്കടലില്‍ മുങ്ങിത്താഴ്ന്നത്. ഇത്തരത്തില്‍ അളവറ്റ സമ്പത്തുമായി തിരികെ യുറോപ്പിലേക്കുള്ള യാത്രയില്‍ സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് മുങ്ങിപ്പോയ കപ്പലാണ് എസ്.എസ് പസഫിക്. ഈ കപ്പല്‍ മുങ്ങിയെടുക്കാനുള്ള അനുമതിക്കായി ഒരു നിധിവേട്ടക്കാര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്.

കാലിഫോര്‍ണിയ ഗോള്‍ഡ് റഷിന്റെ സമയത്ത് 1850ല്‍ നിര്‍മിച്ച മരം കൊണ്ടുള്ള സൈഡ് വീല്‍ സ്റ്റീമറായ എസ്എസ് പസഫിക് 1875 ല്‍, സാന്‍ഫ്രാന്‍സിസ്‌കോയിലേക്കുള്ള യാത്രക്കിടെയാണ് മറ്റൊരു കപ്പലുമായി ഇടിച്ചുതകര്‍ന്നത്. 80 ലക്ഷം ഡോളര്‍ (ഏകദേശം 66 കോടി രൂപ) വിലമതിക്കുന്ന സ്വര്‍ണ്ണവുമായാണ് കപ്പല്‍ മുങ്ങിയത്. ഈ കപ്പലിനും അതിലെ അമൂല്യ വസ്തുക്കള്‍ കണ്ടെത്തുന്നതിനുള്ള തെരച്ചില്‍ ആരംഭിച്ചിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ നീണ്ട തെരച്ചിലില്‍ അവശിഷ്ടങ്ങളൊന്നും കണ്ടെത്താനായിരുന്നില്ല. ഇതിനിടെയിലാണ് 2022-ല്‍ നിധി വേട്ടയില്‍ വിദഗ്ധനയാ ജെഫ് ഹമ്മല്‍ എസ്എസ് പസഫിക്കിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇതിനു പിന്നാലെയാണ് കപ്പലിനൊപ്പം മുങ്ങിയ അളവറ്റ സ്വര്‍ണശേഖരത്തിന്റെ അവകാശം വേണമെന്ന ആവശ്യവുമായിട്ടാണ് ഇദ്ദേഹം കോടതിയെ സമീപിച്ചത്.

കപ്പലിലെ നിധി വേട്ടയ്ക്ക് കോടതി അനുമതി നല്‍കിയിട്ടുണ്ട്. അതോടൊപ്പം തന്നെ കണ്ടെടുക്കുന്ന സ്വര്‍ണത്തിന്റെ യഥാര്‍ഥ ഉടമകളുമായി കുടുംബ ബന്ധമുള്ളവര്‍ക്കും നിധിയില്‍ അവകാശവാദം ഉന്നയിക്കാമെന്ന അപൂര്‍വ പ്രസ്താവനയും കോടിതി വിധിയിലുണ്ട്. പര്യവേഷണ സ്ഥാപനമായ റോക്ക്ഫിഷിനൊപ്പം ചേര്‍ന്നായിക്കും ദൗത്യം. 2017-നും 2022-നും ഇടയില്‍ 12 പര്യവേക്ഷണങ്ങള്‍ നടത്തിയിരുന്നു. ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ എട്ട് പേര്‍ വരെ ഉള്‍പ്പെടുന്ന സംഘങ്ങളാണ് ദൗത്യത്തിലുണ്ടായിരുന്നത്.

Read Also : 33 വർഷങ്ങൾക്ക് ശേഷം പശ്ചിമഘട്ടത്തിൽ പുതിയ ചിത്രശലഭത്തെ കണ്ടെത്തി; അപൂർവ്വ നീലനിറവുമായി ‘സിഗറിറ്റിസ് മേഘമലയെൻസിസ്’

1875-ല്‍ അമേരിക്കയിലെ വാഷിംഗ്ടണിന് അടുത്തുള്ള കേപ് ഫ്‌ലാട്ടറിയുടെ തെക്കുപടിഞ്ഞാറ് ഭാഗത്ത് ക്ലിപ്പര്‍ എസ് വി ഓര്‍ഫിയസുമായി കൂട്ടിയിടിച്ചാണ് എസ്എസ് പസഫിക് മുങ്ങിയത്. ക്യാപ്റ്റന്‍ ജെഫേഴ്‌സണ്‍ ഡേവിസിന്റെ നേതൃത്വത്തിലുള്ള കപ്പല്‍ മൂങ്ങുമ്പോള്‍ മുന്നൂറോളം ആളുകള്‍ കപ്പലില്‍ ഉണ്ടായിരുന്നു. ഇവരില്‍ രണ്ട് പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. ഇത് പശ്ചിമ അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ കപ്പല്‍ ദുരന്തമായിട്ടാണ് കണക്കാക്കുന്നത്.

Story highlights : Shipwreck salvage operations planned for SS ‘Pacific’