ആറടി മണ്ണിൽ ഒരു ബുർജ് ഖലീഫ; ബീഹാറിലെ ഈ വീട് ഹിറ്റാണ്!

January 29, 2024

ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമാണ് ബുർജ് ഖലീഫ. നിർമാണത്തിലൂടെ വിസ്മയങ്ങൾ തീർത്ത നിരവധി കെട്ടിടങ്ങൾ ലോകത്തുണ്ടെങ്കിലും ബുർജ് ഖലീഫയുടെ ഉയരം മറികടക്കാനായിട്ടില്ല. എന്നാൽ, ഇങ്ങ് ബീഹാറിൽ ഒരു ബുർജ് ഖലീഫയുള്ളത് അറിയാമോ? ഉയരംകൊണ്ടും നിർമിതികൊണ്ടുമാണ് ഈ പേരെങ്കിലും ബുർജ് ഖലീഫയെ മറികടന്ന് ഒന്നുമല്ല ഈ കെട്ടിടം ഈ പേര് സ്വന്തമാക്കിയിരിക്കുന്നത്.

ബീഹാറിൻ്റെ ബുർജ് ഖലീഫ എന്നാണ് ഈ കെട്ടിടത്തെ വിശേഷിപ്പിക്കുന്നത്. ബീഹാറിലെ മുസാഫർപൂരിൽ നിന്നുള്ള ഒരു വൈറൽ വിഡിയോയിൽ, ആറടി മാത്രം വലിപ്പമുള്ള ഒരു സ്ഥലത്ത് നിർമ്മിച്ച അഞ്ച് നിലകളുള്ള അംബരചുംബി എല്ലാവരുടെയും ശ്രദ്ധനേടുകയാണ്.

വിഡിയോയിൽ സൂചിപ്പിക്കുന്നത് പോലെ, മുസാഫർപൂരിലെ ഗന്നിപൂർ എന്നയിടത്താണ് വീട് സ്ഥിതി ചെയ്യുന്നത്. ആറടി സ്ഥലത്ത് പണിതിട്ടും വീടിന് ഉള്ളിൽ നിന്ന് അഞ്ചടി വീതിയേ ഉള്ളൂ.വലിപ്പം കുറവാണെങ്കിലും, അടുക്കള, കുളിമുറി, കിടപ്പുമുറി എന്നിവയുൾപ്പെടെ എല്ലാ സൗകര്യങ്ങളും ഉൾക്കൊള്ളുന്ന തരത്തിലാണ് വീട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. വീടിനെ രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു: ആദ്യത്തേതിൽ സ്റ്റെപ്പുകൾ ഉണ്ട്, രണ്ടാമത്തേതിൽ മുറികൾ അടങ്ങിയിരിക്കുന്നു.

Read also: ഒരു വർഷം മുൻപുവരെ സെക്യൂരിറ്റി ഗാർഡ്, ഇപ്പോള്‍ വിന്‍ഡീസിന്റെ സൂപ്പർ ഹീറോ; ഷമാർ ജോസഫിന്റെ ത്രില്ലർ ജീവിതം.!

ഈ വീടിനെ ‘ബീഹാറിൻ്റെ ഈഫൽ ടവർ’ എന്നും വിളിക്കുകയും പ്രശസ്തമായ താജ്മഹലുമായി താരതമ്യപ്പെടുത്തുകയും ചെയ്യുന്നവരുണ്ട്. താജ് മഹൽ എന്നുവിളിക്കുന്നതിന്റെ കാരണം, ഇത് ഒരാൾ ഭാര്യയയ്ക്കായി പണിതുനല്കിയതാണ്. നിലവിൽ ഉടമകൾ ഈ വീട് വാടകയ്ക്ക് കൊടുത്തിരിക്കുകയുമാണ്. അതേസമയം, ഈ കെട്ടിടം ഒരു ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുന്നു, നിരവധി ആളുകൾ ഇതിൻ്റെ ചിത്രങ്ങൾ എടുക്കാൻ സന്ദർശിക്കുന്നു.

Story highlights- Bihar man built 5-story building on 6ft wide plot