പാചകം ചെയ്ത എണ്ണയില്‍ നിന്നും ബയോ ഡീസല്‍; 60 രൂപ നിരക്കിൽ പ്രതിമാസം കേരളം ശേഖരിക്കുന്നത് 50,000 ലിറ്റർ

January 31, 2024

വലിയ റെസ്‌റ്റോറന്റുകള്‍ ഉള്‍പ്പെടെയുള്ള ഭക്ഷണശാലകളിലെല്ലാം പാചകം ചെയ്തതിന് ശേഷം വലിയ അളവില്‍ എണ്ണ ബാക്കി വരാറുണ്ട്. ഒരു തവണ ഉപയോഗിച്ച എണ്ണ വീണ്ടും ഭക്ഷ്യവസ്തുക്കള്‍ തയ്യാറാക്കുന്നതിനായി ഉപയോഗിക്കുന്നത് വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് ഈ ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ കേരളത്തിലെ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കീഴില്‍ നടത്തുന്ന റീപര്‍പ്പസ് കുക്കിങ് ഓയില്‍ പ്രൊജക്ട് വലിയ രീതിയില്‍ സ്വീകാര്യത നേടുകയാണ്. ഹോട്ടലുകളിലും ഭക്ഷണശാലകളിലും പാചക എണ്ണയുടെ പുനരുപയോഗം തടയുന്നതിന് വേണ്ടിയാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. ഇതിന്റെ കീഴില്‍ സംസ്ഥാനത്തെ വിവിധ ഭക്ഷണശാലകളില്‍ നിന്നും പ്രതിമാസം 50000 ലിറ്റര്‍ എണ്ണയാണ് ശേഖരിക്കുന്നത്. ( Bio diesel producing from Used cooking oil in Kerala )

ജൈവ ഡീസല്‍, സോപ്പ് മുതലായവ നിര്‍മിക്കുന്നതിനാണ് ഈ എണ്ണ ഉപയോഗിക്കുന്നത്. ലിറ്ററിന് 40 മുതല്‍ 60 രൂപ വരെ നല്‍കിയാണ് ഭക്ഷണശാലകളില്‍ നിന്നും ഉപയോഗിച്ച എണ്ണ ശേഖരിക്കുന്നത്. മാലിന്യ സംസ്‌കരണത്തിനും പുനരുപയോഗ ഊര്‍ജ ഉല്‍പാദനത്തിനുമുള്ള നൂതനമായ സമീപനത്തിന് ഇപ്പോള്‍ വ്യാപകമായ പ്രശംസ നേടിയിട്ടുണ്ട്. ഈ പദ്ധതി മുന്നോട്ടുകൊണ്ടപോകുന്നതില്‍ സംസ്ഥാനം മികച്ച വിജയം കൈവരിച്ചുവെന്നാണ് അധികൃതര്‍ പറയുന്നത്.

പാചകത്തിന് ഉപയോഗിച്ച എണ്ണയില്‍ നിന്ന് ബയോ ഡീസല്‍ ഉല്‍പാദിപ്പിക്കാന്‍ കേരളത്തില്‍ നാല് കമ്പനികളാണ് സജീവമായി പ്രവര്‍ത്തിക്കുന്നത്. ഒരു കമ്പനി സോപ്പ് നിര്‍മാണത്തിനായിട്ടാണ് ഈ എണ്ണ ഉപയോഗിക്കുന്നത്. ഉപയോഗിച്ച എണ്ണയില്‍ മെഥനോള്‍ ചേര്‍ത്ത് ചൂടാക്കുകയും ശേഷം, വിവിധ ഘട്ടങ്ങള്‍ നീണ്ട നടപടിക്രമത്തിലൂടെ ഓര്‍ഗാനിക് ഡീസല്‍ ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്നു. ലിറ്ററിന് 185 രൂപ നിരക്കിലാണ് വില്‍ക്കുന്നതെന്നും ഭക്ഷ്യ സുരക്ഷ വകുപ്പിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഓപ്പണ്‍ ഡൈജസ്റ്റ് റിപ്പോര്‍ട്ടു ചെയ്തു.

നിലവില്‍ കാസര്‍കോട്, കോഴിക്കോട്, തൃശൂര്‍, ഇരിഞ്ഞാലക്കുട എന്നിവിടങ്ങളിലാണ് കേരളത്തിലെ ബയോ-ഡീസല്‍ നിര്‍മ്മാണ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്. മലപ്പുറം കോട്ടക്കലിലാണ് സോപ്പ് നിര്‍മാണ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്.

Read Also : യൂട്യൂബിന് ഒരു എതിരാളി- എക്‌സിൽ പങ്കുവെച്ച ആദ്യ വിഡിയോയ്ക്ക് യൂട്യൂബറിന് ലഭിച്ചത് 2.20 കോടി!

പാചകത്തിന് ശേഷം ബാക്കിയാകുന്ന എണ്ണ ശരിയായ രീതിയില്‍ സംസ്‌കരിച്ചില്ലെങ്കില്‍ വലിയ തോതിലുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കാണ് കാരണമാകുന്നത്. ഭക്ഷണശാലകളിലെ ഉപയോഗത്തിന് ശേഷം ബാക്കിയാകുന്ന എണ്ണ പൊതുസ്ഥലങ്ങളിലെ അഴുക്കുചാലുകളിലേക്ക് ഒഴുക്കുന്നത് സമീപത്തെ ജലാശയങ്ങളെ മലിനമാക്കും. എന്നാല്‍ ഈ ഒരു പദ്ധതി വിജയകരമായി നടപ്പിലാക്കുന്നതോടെ മലിനീകരണ തോത് കുറയ്ക്കാനും ഓര്‍ഗാനിക് ഡീസല്‍ ഉത്പാദിപ്പിക്കുന്നതിലൂടെ ഫോസില്‍ ഇന്ധനത്തിന്റെ ഉപയോഗം കുറയ്ക്കാനുമാകും.

Story highlights : Bio diesel producing from Used cooking oil in Kerala