യൂട്യൂബിന് ഒരു എതിരാളി- എക്‌സിൽ പങ്കുവെച്ച ആദ്യ വിഡിയോയ്ക്ക് യൂട്യൂബറിന് ലഭിച്ചത് 2.20 കോടി!

January 24, 2024

ജിമ്മി ഡൊണാൾഡ്‌സൺ എന്ന യൂട്യൂബർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ (മുൻപ് ട്വിറ്റർ) തന്റെ ആദ്യ വിഡിയോ പങ്കിട്ടത് ഒരു പരീക്ഷണാർത്ഥമായിരുന്നു. എലോൺ മസ്‌കിന്റെ പരസ്യ-വരുമാനം പങ്കിടൽ സംവിധാനം താൻ പരീക്ഷിക്കുകയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം വിഡിയോ പങ്കുവെച്ചത്.

‘എക്‌സിലെ ഒരു വിഡിയോ എത്ര പരസ്യ വരുമാനം ഉണ്ടാക്കുമെന്ന് അറിയാൻ എനിക്ക് ജിജ്ഞാസയുണ്ട്, അതിനാൽ ഇത് പരീക്ഷിക്കാൻ ഞാൻ എന്റെ വിഡിയോ ഇവിടെ വീണ്ടും അപ്‌ലോഡ് ചെയ്യുന്നു. അടുത്ത ആഴ്‌ച എത്രയാണ് തുക ലഭിച്ചതെന്ന് ഞാൻ പങ്കിടും,” 16 മിനിറ്റ് വിഡിയോയ്‌ക്കൊപ്പം അദ്ദേഹം പറഞ്ഞു. ജനുവരി 16 നായിരുന്നു വിഡിയോ പങ്കുവെച്ചത്. ഇപ്പോഴിതാ, ലഭിച്ച തുക പങ്കുവയ്ക്കുകയാണ് അദ്ദേഹം.

മിസ്റ്റർ ബീസ്റ്റ് എന്നറിയപ്പെടുന്ന ജനപ്രിയ യൂട്യൂബറായ ജിമ്മി ഡൊണാൾഡ്‌സൺ ഒരൊറ്റ വിഡിയോയിൽ നിന്ന് 263,000 ഡോളർ (ഏകദേശം 2.20 കോടി രൂപ) നേടി. ഒരാഴ്ച കൊണ്ട് 150 ദശലക്ഷത്തിലധികം വ്യൂസ് നേടിയാണ് ഈ തുക സ്വന്തമാക്കിയത്.

ഈ വിഡിയോ മുൻപ് സെപ്റ്റംബറിൽ YouTube-ൽ പോസ്റ്റ് ചെയ്തിരുന്നു, പിന്നീട് അതിന്റെ പരസ്യ വരുമാന സാധ്യതകൾ പരിശോധിക്കുന്നതിനായി എക്‌സിൽ ഇദ്ദേഹം വീണ്ടും അപ്‌ലോഡ് ചെയ്യുകയായിരുന്നു. ‘എന്റെ ആദ്യ എക്സ് വിഡിയോ 250,000 ഡോളറിൽ കൂടുതൽ ഉണ്ടാക്കി’ എന്ന് പ്രസ്താവിച്ചുകൊണ്ട്, എക്‌സിലെ തന്റെ വരുമാനം വെളുപ്പെടുത്തുകയായിരുന്നു. എന്നിരുന്നാലും, പരസ്യദാതാക്കൾ വിഡിയോയുടെ ജനപ്രീതി ശ്രദ്ധിക്കുകയും അതിൽ പരസ്യങ്ങൾ വാങ്ങുകയും ചെയ്യുന്നതാണ് ഉയർന്ന വരുമാനത്തിന് കാരണമെന്നും അദ്ദേഹം പറയുന്നുണ്ട്.

Read also: 96-മത് ഓസ്‌കർ നോമിനേഷൻ പട്ടിക പ്രഖ്യാപിച്ചു; എൻട്രികളിൽ മുന്നിൽ ഓപ്പൺഹെയ്മർ

കഴിഞ്ഞ വർഷം ക്രിയേറ്റർ റവന്യൂ ഷെയർ പ്രോഗ്രാം ആരംഭിച്ചഎക്സ്, സ്രഷ്‌ടാക്കൾക്ക് അവരുടെ പോസ്റ്റുകളിൽ നിന്ന് ലഭിക്കുന്ന പരസ്യ വരുമാനത്തിന്റെ ഒരു പങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. 2022-ൽ എലോൺ മസ്‌ക് ട്വിറ്റർ വാങ്ങുകയും ‘X’ എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്‌തതുമുതൽ, വിഡിയോ ഉള്ളടക്കത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഓൾ പർപ്പസ് ആപ്ലിക്കേഷനായി മാറാനാണ് എക്സ് ലക്ഷ്യമിടുന്നത്.

Story highlights- YouTuber reveals he earned Rs 2.20 crore on X