‘ജന്മനാ കാഴ്ചയില്ല, സൈക്കിൾ ഓടിക്കണമെന്ന് മോഹം’; സ്വപ്നങ്ങളുടെ ലോകം ഇനി ആകാശിന് അന്യമല്ല!
ജന്മനാ ഉണ്ടാകുന്ന വൈകല്യങ്ങൾ പലരുടെയും സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും വിലങ്ങു തടിയാകാറുണ്ട്. തങ്ങളുടേതല്ലാത്ത തെറ്റ് കൊണ്ട് സമൂഹത്തിൽ നിന്നും ചുറ്റുമുള്ളവരിൽ നിന്നും പലപ്പോഴും മാറി നിൽക്കേണ്ട അവസ്ഥ വരെ ഉണ്ടായെന്ന് വരാം. അവർ മാറ്റിനിർത്തപ്പെടേണ്ടവരല്ല, ചേർത്ത് പിടിക്കേണ്ടവരാണ് എന്ന് കാലം പലയാവർത്തി ഓർമിപ്പിക്കുമ്പോഴും അറിഞ്ഞോ അറിയാതെയോ അവർ ആൾക്കൂട്ടത്തിൽ തനിച്ചാണ്. എന്നാൽ പൂർണമായും കാഴ്ച നഷ്ടപ്പെട്ടെങ്കിലും സ്വപ്നങ്ങൾക്ക് മുൻപിൽ കണ്ണടക്കാൻ തയ്യാറല്ലാത്ത പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥി ആകാശ് നമ്മെ പഠിപ്പിക്കുന്ന പാഠം വലിയതാണ്. (Blind from birth, a young boy fulfils his dream of cycling)
ആകാശിന് ജന്മനാ കാഴ്ചയില്ല. കുട്ടിയായിരിക്കുമ്പോൾ വീടിന് മുന്നിലൂടെ സൈക്കിൾ ബെല്ലടിച്ച് ആളുകൾ യാത്ര ചെയ്യുമ്പോൾ ആകാശ് അച്ഛനോട് കാര്യം തിരക്കുമായിരുന്നു. ബെൽ ശബ്ദം സൈക്കിളിന്റേതാണെന്ന് അറിഞ്ഞതോടെ അത് ഓടിക്കണമെന്നുള്ള ആഗ്രഹം അച്ഛനോട് പറഞ്ഞു. അധികം വൈകാതെ, ആകാശിന്റെ കൊച്ചച്ഛൻ അവന് സൈക്കിൾ വാങ്ങി നൽകി. കണ്ണുകൾക്ക് പകരം വിളക്കായി ആകാശ് ആശ്രയിച്ചത് തന്റെ കേൾവിയെയാണ്.
Read also: അവസാന മണിക്കൂറുകളിലും ഉത്തമനായ അധ്യാപകൻ; ഉള്ളിലൊരു നൊമ്പരമാണ് ഈ ചിത്രം!
ആദ്യമൊക്കെ വീടിന്റെ അരികിലൂടെ സൈക്കിൾ ഉന്തി പഠിച്ചു. എന്നാൽ വൈകാതെ തന്നെ സൈക്കിൾ ഓടിക്കുന്നത് ആകാശ് വശമാക്കി. വീടിന്റെ പടികളിറങ്ങി സ്വന്തമായി സൈക്കിൾ ഓടിക്കുന്നത് അടങ്ങാത്ത ആഗ്രഹത്തിന്റെയും ഇഛാശക്തിയുടെയും തെളിവാണ്. വീടിന് മുന്നിലുള്ള വഴിയിലൂടെ തൊട്ടടുത്തുള്ള ആൽത്തറ വരെ ആകാശ് സൈക്കിളോടിച്ച് പോകും. അരികിലൂടെ പോകുന്ന വാഹനങ്ങളുടെ ഹോൺ ശബ്ദം കേൾക്കുമ്പോൾ സൈക്കിൾ ഒതുക്കി ഒരു വശത്തേക്ക് മാറി നിൽക്കും. യാത്രക്കാർ പരിചയക്കാരാണെങ്കിൽ അൽപ്പം കുശലവും പറഞ്ഞ് യാത്ര തുടരും.
സൈക്കിൾ മോഹം മാത്രമല്ല സംഗീതത്തിലും ആകാശിന് താല്പര്യമുണ്ട്. പത്തു വർഷത്തോളമായി സംഗീതം പഠിക്കുന്നുമുണ്ട്. സ്പെഷ്യൽ സ്കൂൾ കലോത്സവങ്ങളിൽ അടക്കം പങ്കെടുത്ത് ആകാശ് നിരവധി സമ്മാനങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. പഠനത്തിലും മിടുക്കനാണ് ആകാശ്. പഠിച്ച് അദ്ധ്യാപകൻ ആകണമെന്നാണ് ആകാശിന്റെ ആഗ്രഹം. ആകാശിന്റെ ഇരട്ട സഹോദരൻ ആദിത്യനും കാഴ്ചയില്ല. ഓട്ടിസം കൂടെയുള്ളതിനാൽ ശ്രദ്ധ ഏറെ ആവശ്യമാണ്.
Story highlights: Blind from birth, a young boy fulfils his dream of cycling