അവസാന മണിക്കൂറുകളിലും ഉത്തമനായ അധ്യാപകൻ; ഉള്ളിലൊരു നൊമ്പരമാണ് ഈ ചിത്രം!

January 14, 2024

വിദ്യാർത്ഥികളുടെ ജീവിതത്തിൽ അധ്യാപകർ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. കുട്ടികളെ ഏറ്റവും മികച്ച വ്യക്തികളായി വളർത്തുകയും, പഠിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നവരാണ് അധ്യാപകർ. തന്റെ വിദ്യാർത്ഥികളോടുള്ള പ്രതിബദ്ധതയുടെയും സ്നേഹത്തിന്റെയും പ്രതീകമായി ഒരു അധ്യാപകൻ താൻ മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് തൻ്റെ എല്ലാ ജോലികളും പൂർത്തീകരിച്ചുവെന്ന് ഉറപ്പുവരുത്തി. ഈ അർപ്പണബോധത്തിന് പകരം വയ്ക്കാനായി മറ്റൊന്നുമില്ല. (Teacher who spent his final hours grading in hospital)

ആശുപത്രി കിടക്കയിൽ നിന്ന് ലാപ്‌ടോപ്പിൽ ജോലി ചെയ്യുന്ന ടീച്ചറുടെ ചിത്രം 2020-ൽ അദ്ദേഹത്തിന്റെ മകൾ സാന്ദ്ര വെനഗസാണ് ആദ്യമായി പങ്കിട്ടത്. ഹൃദയസ്പർശിയായ ആ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി. ആരോഗ്യപ്രശ്‌നമുള്ളതിനാൽ അത്യാഹിത വിഭാഗത്തിലേക്ക് പോകുകയാണെന്ന് അറിഞ്ഞിട്ടും ലാപ്‌ടോപ്പും ചാർജറും എടുത്താണ് അധ്യാപകൻ ആശുപത്രിയിലേക്ക് പോയത്. എല്ലാ വിദ്യാർത്ഥികളുളെയും ഗ്രേഡിംഗ് പൂർത്തിയാക്കിയ അദ്ദേഹം അടുത്ത ദിവസം തന്നെ മരണപ്പെട്ടു.

‘നോട്ട് സോ കോമൺ ഫാക്‌ട്‌സ്’ എന്ന ഇൻസ്റ്റാഗ്രാം പേജാണ് അടുത്തിടെ ചിത്രം വീണ്ടും പങ്കുവെച്ചത്. പോസ്റ്റിനൊപ്പം അവർ എഴുതി, “ആശുപത്രിയിലെ അവസാന നിമിഷങ്ങൾക്ക് മുമ്പാണ് സാന്ദ്ര വെനഗസ് തന്റെ പിതാവിന്റെ ഈ ഹൃദയസ്പർശിയായ ചിത്രം പകർത്തിയത്. എമർജൻസി റൂമിലേക്ക് പോകുകയാണെന്ന് അറിഞ്ഞിട്ടും, തന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനായി അർപ്പണബോധമുള്ള ഒരു അദ്ധ്യാപകനെ പോലെ അദ്ദേഹം തന്റെ ലാപ്‌ടോപ്പും ചാർജറും കൂടെ കരുതി. എന്നാൽ അടുത്ത ദിവസം തന്നെ അദ്ദേഹം മരിച്ചു. തൻ്റെ പോസ്റ്റിൽ, പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്ന അധ്യാപകരുടെ പരിശ്രമങ്ങളെ സാന്ദ്ര വരച്ചു കാട്ടുന്നു. പകർച്ചവ്യാധികളുടെയും ആരോഗ്യ പ്രശ്നങ്ങൾക്കുമിടയിലും അധ്യാപകർ അവരുടെ കടമകൾ നിറവേറ്റാൻ പ്രതിജ്ഞാബദ്ധരാണ്”

Read also: ദൈവം ഭൂമിയിലേക്ക് ഇറങ്ങിയ നിമിഷം; ഗർഭിണിയായ ബസ് ഡ്രൈവർ രക്ഷകയായത് 37 കുട്ടികൾക്ക്!

പങ്കുവെച്ചത് മുതൽ നിരവധി പേരാണ് കമെന്റിലൂടെ അധ്യാപകന്റെ മഹത്വത്തെ വർണ്ണിക്കുന്നത്. അദ്ദേഹത്തിന് ആത്മശാന്തി നേരുകയും, അതോടൊപ്പം തന്നെ അധ്യാപകർക്ക് അർഹിക്കുന്ന പരിഗണനയും വേതനവും പലപ്പോഴും ലഭിക്കാറില്ലെന്നും ചിലർ അഭിപ്രായപ്പെട്ടു.

Story highlights: Teacher who spent his final hours grading in hospital