‘കാണികളുടെ നോട്ടം വസ്ത്രങ്ങളിലേക്കും മുടിയിലേക്കും’; ലിംഗവിവേചന ആരോപണവുമായി ചെസ് താരം ദിവ്യ ദേശ്മുഖ്
വനിത കായിക താരങ്ങള്‍ കടുത്ത വിവേചനം നേരുടുന്നുവെന്ന് ഗുരുതര ആരോപണവുമായി ഇന്ത്യന്‍ വനിത ചെസ് താരം ദിവ്യ ദേശ്മുഖ്. നെതര്‍ലന്‍ഡ്സില്‍ അടുത്തിടെ സമാപിച്ച ടാറ്റ സ്റ്റീല്‍ മാസ്റ്റേഴ്സ് ചെസ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന സമയത്ത് കാണികളില്‍ നിന്നും ലിംഗ വിവേചനം നേരിട്ടുവെന്നും അവരുടെ നോട്ടം മത്സരങ്ങളിലേക്ക് അല്ലെന്നും മറിച്ച വസ്ത്രങ്ങളിലേക്കും മുടിയിലേക്കുമെല്ലാമായിരുന്നുവെന്നാണ് ദിവ്യയുടെ ആരോപണം. ടൂര്‍ണമെന്റില്‍ താന്‍ പുലര്‍ത്തിയ മികവിനെ ആരും പരിഗണിച്ചില്ല. കായിക രംഗത്ത് അര്‍ഹിക്കുന്ന അംഗീകാരം വനിത താരങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും കഴിഞ്ഞ വര്‍ഷം ഏഷ്യന്‍ വനിത ചെസ് ചാമ്പ്യന്‍ഷിപ്പ് ജേതാവായ 18-കാരി ആരോപിച്ചു. ( Divya Deshmukh calls out sexism in chess )
ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് ദിവ്യ ദേശ്മുഖ് കാണികളുടെ ലിംഗവിവേചനത്തെക്കുറിച്ചും സ്ത്രീവിരുദ്ധതയെക്കുറിച്ചും തുറന്നടിച്ചത്. ‘കഴിഞ്ഞ ദിവസം അവസാനിച്ച ടൂര്‍ണമെന്റിനിടയിലും ദുരനുഭവങ്ങള്‍ നേരിട്ടു. കഴിഞ്ഞ കുറച്ചു കാലങ്ങളായി പൊതുസമൂഹത്തിന് മുന്നില്‍ ഈ വിഷയം അവതരിപ്പിക്കണമെന്ന് ഉണ്ടായിരുന്നു. ടൂര്‍ണമെന്റ് അവസാനിക്കാന്‍ വേണ്ടിയാണ് കാത്തിരുന്നത്. ചെസ് മത്സരത്തിലുള്ള വനിത താരങ്ങളോടുള്ള കാണികളുടെ മോശം പെരുമാറ്റം ഏറെയായി ശ്രദ്ധിക്കാറുണ്ട്, കൂടാതെ പലരും ഇതേപ്പറ്റി പറഞ്ഞിരുന്നു. ഈ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്താനായതില്‍ അഭിമാനമുണ്ട്. പക്ഷേ തന്നെ വേദനിപ്പിച്ചത് കാണികളുടെ പെരുമാറ്റമാണ്’.
‘കാണികള്‍ എന്റെ മത്സരങ്ങളൊഴികെ ബാക്കിയെല്ലാം ശ്രദ്ധിച്ചു. എന്റെ വസ്ത്രങ്ങള്‍, മുടി, ഉച്ചാരണം തുടങ്ങി അപ്രസക്തമായ കാര്യങ്ങളിലായിരുന്നു അവരുടെ ശ്രദ്ധ. ഇത് കേട്ട് അസ്വസ്ഥത തോന്നി. സ്ത്രീകള്‍ ചെസ് കളിക്കുമ്പോള്‍ അവരുടെ സൗന്ദര്യവും മറ്റും ആസ്വദിക്കുകയും അവരുടെ കഴിവും ശക്തിയും അവഗണിക്കപ്പെടുകയും ചെയ്യുന്നു എന്നത് ഒരു സങ്കടകരമായ സത്യമാണ്. വളരെ കുറച്ച് ആളുകള്‍ മാത്രമാണ് ഗെയിം ശ്രദ്ധിക്കുന്നത്’- ദിവ്യ ദേശ്മുഖ് വ്യക്തമാക്കി.
പുരുഷ താരങ്ങള്‍ക്ക് അവരുടെ കഴിവിന്റെ അടിസ്ഥാനത്തില്‍ ശ്രദ്ധ നേടുമ്പോള്‍, ചെസ് മത്സരവുമായി യാതൊരുവിധ ബന്ധവുമില്ലാത്ത കാര്യങ്ങളില്‍ വനിത താരങ്ങള്‍ വിലയിരുത്തുന്നത്. എന്റെ അഭിമുഖങ്ങളില്‍ മത്സരവുമായി ബന്ധപ്പെട്ട കാര്യങ്ങളൊഴികെ ബാക്കിയുള്ള കാര്യങ്ങളെല്ലാം ചര്‍ച്ചയാകുമ്പോള്‍ ഏറെ നിരാശയുണ്ടായിരുന്നു. സ്ത്രീകള്‍ എല്ലാ ദിവസവും ഇത്തരം വിവേചനങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നാണ് കരുതുന്നു. സ്ത്രീകള്‍ക്ക് തുല്യ ബഹുമാനം ലഭിക്കണമെന്നാണ് ഞാന്‍ കരുതുന്നത്. ദിവ്യ ദേശ്മുഖ് കുറിപ്പിലൂടെ വ്യക്തമാക്കി. 13-ാം റൗണ്ടില്‍ 4.5 എന്ന സ്കോറോടെ ലിയോണ്‍ ലൂക്ക് മെന്‍ഡോങ്കയോട് പരാജയപ്പെട്ട് ചലഞ്ചേഴ്സ് വിഭാഗത്തില്‍ 12-ാം സ്ഥാനത്താണ് ദേശ്മുഖ് ഫിനിഷ് ചെയ്തത്.
Story highlights : Divya Deshmukh calls out sexism in chess