കാഴ്ചയില്ലാത്തവർക്ക് വെളിച്ചം പകർന്ന് ഒരു ജനത; കണ്ണുദാനത്തിന് പേരുകേട്ട കന്യാകുമാരിയിലെ ഗ്രാമം

January 3, 2024

കണ്ണുകാണാൻ വയ്യാത്തവരുടെ വെളിച്ചമാകാൻ സാധിക്കുക എന്നത് ചെറിയ കാര്യമല്ല. ഒരു ഗ്രാമം തന്നെ അങ്ങനെ കാഴ്ചയില്ലാത്തവർക്ക് തണലായാലോ? കാഴ്ചയില്ലാത്തവർക്ക് വെളിച്ചം പകർന്ന് ശ്രദ്ധ നേടുകയാണ് കന്യാകുമാരിയിലെ ഒരു ഗ്രാമം. വിവിധ തരത്തിലുള്ള പ്രത്യേകതകൾ കൊണ്ട് ശ്രദ്ധ നേടിയ ഒട്ടേറെ ഗ്രാമങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടാകും. എന്നാൽ ഏറ്റവുമധികം ആളുകൾ കണ്ണുദാനം ചെയ്യുന്ന ഒരു ഗ്രാമം ഇതുമാത്രമായിരിക്കാം.

ഗ്രാമത്തിലെ ഓരോ കുടുംബത്തിൽ നിന്നും ഒരാളെങ്കിലും കണ്ണുദാനം ചെയ്യാറുണ്ട്. മടത്താട്ടുവിളൈ എന്നാണ് ഗ്രാമത്തിന്റെ പേര്. കഴിഞ്ഞ പത്തുവർഷത്തിന് ഇടയിൽ 229 ആളുകൾ ഇവിടെ കണ്ണുദാനം ചെയ്തു കഴിഞ്ഞു. ആരെങ്കിലും ഈ ഗ്രാമത്തിൽ മരിച്ചാൽ ഉടൻ തന്നെ വീട്ടുകാർ അടുത്തുള്ള പള്ളിയിൽ അറിയിക്കും. പള്ളിയിലുള്ള ചെറുപ്പക്കാർ അപ്പോൾ തന്നെ മരണവീട്ടിലെത്തി കണ്ണുദാനത്തിനുള്ള നടപടികൾ ഒരുക്കും.

തിരുനെൽവേലിയിലെ മെഡിക്കൽ സംഘമെത്തിയാണ് കണ്ണുദാനത്തിനുള്ള സമ്മതപത്രത്തിൽ ഒപ്പുവയ്പ്പിക്കുന്നത്. കൗതുകമെന്തെന്നാൽ മരണശേഷമുള്ള ജീവിതത്തതിൽ കണ്ണില്ലെങ്കിൽ ദൈവത്തിനെ കാണാൻ സാധിക്കില്ല എന്ന വിശ്വാസക്കാരാണ് ഗ്രാമവാസികൾ. അതുകൊണ്ടുതന്നെ ആദ്യമൊന്നും പ്രായാധിക്യം ചെന്നവരൊന്നും കണ്ണ് ദാനം ചെയ്യാൻ സമ്മതിച്ചിരുന്നില്ല.

Read also: കുട്ടിക്കര്‍ഷകരെ ചേര്‍ത്തുപിടിച്ച് യുസഫലി; പത്ത് പശുക്കളെ വാങ്ങാനുള്ള തുക കൈമാറി

എന്നാൽ 2007ൽ ഒരാൾ കണ്ണുദാനത്തിന് ഒപ്പുവെച്ചു. പിന്നാലെ എട്ടുപേരാണ് കണ്ണുകൾ ദാനം ചെയ്തത്. അതോടെ ഗ്രാമവാസികൾ വിശ്വാസങ്ങൾക്കുപരി മറ്റൊരാൾക്ക് കാഴ്ചയാകാൻ സാധിക്കുന്നതിൽ സന്തോഷം കണ്ടെത്തി. അതോടെ 1500 പേരാണ് ആ വർഷം കണ്ണുദാനത്തിന് സന്നദ്ധരായാത്. ഇപ്പോൾ പതിനാലു വയസുള്ള കുട്ടി മുതൽ 97 വയസുകാരൻ വരെ ഇവിടെ കണ്ണുകൾ ദാനം ചെയ്തുകഴിഞ്ഞു.

Story highlights-eye donating village in kanyakumari