കുട്ടിക്കര്‍ഷകരെ ചേര്‍ത്തുപിടിച്ച് യുസഫലി; പത്ത് പശുക്കളെ വാങ്ങാനുള്ള തുക കൈമാറി

January 2, 2024

ഓമനിച്ച് വളര്‍ത്തിയ പശുക്കളെ കൂട്ടത്തോടെ നഷ്ടപ്പെട്ട കുട്ടിക്കര്‍ഷകര്‍ക്ക് കൂടുതല്‍ സഹായങ്ങളുമായി പ്രമുഖരുടെ നിര. ഏറ്റവും ഒടുവിലായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി പത്ത് പശുക്കളെ വാങ്ങാനുള്ള തുകയാണ് കൈമാറിയത്. മാത്യുവിന്റെയും ജോര്‍ജിന്റെയും 13 പശുക്കള്‍ ഭക്ഷ്യവിഷബാധയേറ്റ് ഒരുമിച്ച് ചത്ത സംഭവം മാധ്യമങ്ങളിലൂടെ അറിഞ്ഞതിന് പിന്നാലെയാണ് എം.എ യൂസഫലിയുടെ ഇടപെടല്‍. പത്ത് പശുക്കളെ വാങ്ങുന്നതിന് ആവശ്യമായ അഞ്ച് ലക്ഷം രൂപ കുട്ടികളുടെ കുടുംബത്തിന് അടിയന്തരമായി കൈമാറാന്‍ നിര്‍ദേശിയ്ക്കുകയായിരുന്നു. ( MA Yusuff Ali supports Mathew’s family to buy cows )

തുടര്‍ന്ന് യൂസഫലിയെ പ്രതിനിധീകരിച്ചുകൊണ്ട് ലുലു ഗ്രൂപ്പ് ജീവനക്കാരായ രജിത് രാധാകൃഷ്ണന്‍, വി.ആര്‍. പീതാംബരന്‍, എന്‍. ബി സ്വരാജ് എന്നിവര്‍ വെള്ളിയാമറ്റത്തെ മാത്യുവിന്റെ വീട്ടിലെത്തി കുടുംബത്തിന് തുക കൈമാറി.

നടന്‍ ജയറാമാണ് ആദ്യം സഹായവുമായി കുട്ടി കര്‍ഷകരുടെ വീട്ടിലെത്തിയത്. തന്റെ പുതിയ സിനിമയുടെ പ്രൊമോഷന്‍ പരിപാടികള്‍ക്കായി മാറ്റിവച്ചിരുന്ന അഞ്ച് ലക്ഷം രൂപ കുട്ടികള്‍ക്ക് കൈമാറുകയും, എന്ത് സഹായത്തിനായും തന്നെ സമീപിക്കാമെന്നും പറഞ്ഞാണ് മടങ്ങിയത്. പൃഥ്വിരാജ് രണ്ട് ലക്ഷം രൂപയും മമ്മുട്ടി ഒരു ലക്ഷം രൂപയും വാഗ്ദാനം ചെയ്തിട്ടുണ്ട്. പി.ജെ ജോസഫ് എം.എല്‍.എ സ്വന്തം ഫാമിലെ ഗീര്‍ ഇനത്തില്‍പ്പെട്ട പശുവിനെയാണ് കുട്ടികള്‍ക്ക് നല്‍കിയത്.

കപ്പത്തൊണ്ട് കഴിച്ചതിനെ തുടര്‍ന്നാണ് പശുക്കള്‍ ചത്തതെന്നാണ് സംശയം. മികച്ച കുട്ടി ക്ഷീരകര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചത് കുട്ടിയാണ് മാത്യു. അവശേഷിക്കുന്നവയില്‍ 5 പശുക്കളുടെ നില ഗുരുതരമാണ്. തൊടുപുഴയിലെ ഏറ്റവും മികച്ച ക്ഷീര ഫാമുകളിലൊന്നാണ് ഇവരുടേത്.

Story highlights : MA Yusuff Ali supports Mathew’s family to buy cows