ഉയരങ്ങളിൽ നിന്നും ന്യൂയോർക്ക് നഗരത്തിലെ തെരുവുകളിലേക്ക് വീണ് ഭീമൻ ഐസ് പാളികൾ- ആശങ്കയുണർത്തുന്ന കാഴ്ച

January 23, 2024

ഡിസംബർ മുതൽ മാർച്ച് പകുതിവരെ ശീതകാലമാണ്. മഞ്ഞണിഞ്ഞ നാടുകളുടെ മനോഹരമായ കാഴ്ചകൾ നനുത്ത തണുപ്പ് മാത്രമുള്ള കേരളത്തിലിരുന്ന് നമ്മൾ ആസ്വദിക്കാറുണ്ട്. ജീവിക്കുന്നെകിൽ അങ്ങനെയുള്ള ഇടങ്ങളിൽ ജീവിക്കണം എന്ന് നെടുവീർപ്പിടുമ്പോൾ ഒന്നാലോചിക്കേണ്ട കാര്യം, അത്ര സുഖകരമല്ല ഈ മഞ്ഞുകാലം എന്നതാണ്. രാവിലെ ഉണർന്ന് വാതിൽ തുറക്കുമ്പോൾ വാതിൽ മൂടുവോളം മഞ്ഞ്, പുറത്തിറങ്ങാൻ ഒരു സ്വെറ്റർ മതിയാകാത്ത അവസ്ഥ, ആഹാരങ്ങൾ പെട്ടെന്ന് തണുത്തുറയുന്ന കാഴ്ച. എന്തിനേറെ പറയുന്നു, നടന്നുപോകുമ്പോൾ തലയിലേക്ക് ഒരു ഭീമൻ ഐസ് കട്ട വന്നുവീണാലോ? അവസാനത്തെ കാര്യം ഇത്തിരി ഭയപ്പെടുത്തുന്നതാണ്, അല്ലേ?

എന്നാൽ, ഇപ്പോൾ അതാണ് ന്യൂയോർക്ക് നഗരത്തിലെ അവസ്ഥ. ന്യൂയോർക്കിൽ നിന്നുള്ള ഒരു അംബരചുംബിയായ കെട്ടിടത്തിൽ നിന്ന് വലിയ മഞ്ഞുപാളികൾ താഴേക്ക് വീഴുന്നതും വാഹനങ്ങൾ പെട്ടെന്ന് നിർത്തേണ്ടിവരുന്നതും കാണിക്കുന്ന ഒരു വിഡിയോ വൈറലാകുന്നു. അംബരചുംബികളായ കെട്ടിടങ്ങളിലൊക്കെ മഞ്ഞുകാലത്ത് തണുത്തുറഞ്ഞ മഞ്ഞുപാളികൾ പൊടുന്നനെ ഉരുകുകയും വലിയ കഷ്ണങ്ങളായി വീഴുകയും ചെയ്യുന്ന ഒരു പ്രതിഭാസമായ ‘ഫോളിങ് ഐസ്’ അവസ്ഥയാണ് ഈ വിഡിയോ കാണിക്കുന്നത്.

പലപ്പോഴും മുന്നറിയിപ്പില്ലാതെ മഞ്ഞുപാളികൾ വീഴുന്നത് കൂടുതൽ അപകടകരമാക്കുന്നു. വർഷങ്ങളായി, ന്യൂയോർക്കിലെ കെട്ടിടനിർമ്മാണ വകുപ്പ് ബിസിനസ്സ് ഉടമകൾക്കും ഭൂവുടമകൾക്കും അവരുടെ കെട്ടിടങ്ങളിലെ മറ്റ് മുക്കുകളിലോ ഐസ് ഇല്ലെന്ന് ഉറപ്പാക്കാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാരണം, അത് ആളപായവും മറ്റു നാശനഷ്ടങ്ങളും ഉണ്ടാക്കും.

Read also: പന്തുകൊണ്ട് ബാറ്റർമാരെ വട്ടം കറക്കി, പിന്നാലെ ആരാധകർക്കായി ഷംസിയുടെ ‘മാജിക് ഷോ’..!

ന്യൂയോർക്ക് സ്വദേശിയായ മാർക്കോ അബിയാറ്റിയാണ് ഇത്തരത്തിൽ ഒരു വിഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഉയരമേറിയ കെട്ടിടങ്ങളിൽ വലിയ മഞ്ഞുപാളികൾ രൂപപ്പെടാം. ഉയരുന്ന താപനിലയിൽ, ഈ ഐസ് സ്ലാബുകൾ ഉരുകുകയും നിലത്തു വീഴുകയും ചെയ്യുന്നു. ന്യൂയോർക്കിൽ ഇത് സാധാരണമാണ് എങ്കിലും അപകടസാധ്യത ഉള്ളതിനാൽ വിഡിയോ പ്രചരിക്കുകയാണ്.

Story highlights- falling ice in newyork city