പന്തുകൊണ്ട് ബാറ്റർമാരെ വട്ടം കറക്കി, പിന്നാലെ ആരാധകർക്കായി ഷംസിയുടെ ‘മാജിക് ഷോ’..!

January 23, 2024

വിക്കറ്റ് നേട്ടം വ്യത്യസ്തമായ രീതിയില്‍ ആഘോഷിക്കുന്ന നിരവധി താരങ്ങളുണ്ട് ക്രിക്കറ്റ് ലോകത്ത്. അത്തരത്തില്‍ വിക്കറ്റ് നേട്ടത്തിന് പിന്നാല വ്യത്യസ്തമായ സെലിബ്രേഷനുമായി കളം നിറയുന്ന താരമാണ് ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ തബ്രൈസ് ഷംസി. പന്ത് കൊണ്ട് ഇന്ദ്രജാലം തീര്‍ക്കുന്ന ഷംസി പക്ഷെ ഇത്തവണ ആരാധകര്‍ക്ക് മുന്നിലൊരു മാജിക് പുറത്തെടുത്തുകൊണ്ടാണ് കയ്യടി ഏറ്റുവാങ്ങുന്നത്. ( Shamsi’s magic show after taking a wicket )

കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കന്‍ ട്വന്റി 20 ലീഗില്‍ പാള്‍ റോയല്‍സും എം.ഐ കേപ്ടൗണും തമ്മിലുള്ള മത്സരത്തിന് ഇടയിലായിരുന്നു ആരാധകരെ വിസ്മയിപ്പിച്ച ഷംസിയുടെ ഇന്ദ്രജാലം. പാള്‍ റോയല്‍സിനായി 14-ാം ഓവര്‍ എറിഞ്ഞ ഷംസി മൂന്നാം പന്തില്‍ സാം കറന്റെ വിക്കറ്റ് വീഴ്ത്തിയ ശേഷമായിരുന്നു തന്റെ ട്രേഡ്മാര്‍ക്ക് മാജികായ colour changing scarf illusion പുറത്തെടുത്തത്. വിക്കറ്റ് നേട്ടത്തിന് പിന്നാലെ ഷംസിയുടെ കയ്യില്‍ ദക്ഷിണാഫ്രിക്കന്‍ ജഴ്‌സിയുടെ നിറമായ പച്ചയും മഞ്ഞയും കലര്‍ന്ന തൂവാല പ്രത്യക്ഷപ്പെടുകയായിരുന്നു. പിന്നാലെ ഒരു ജാലവിദ്യക്കാരനെപ്പോലെ തൂവാലയുടെ നിറം നീലയും ചുവപ്പുമാക്കി കാണികളെ വിസ്മയിപ്പിക്കുകയായിരുന്നു. നേരത്തെയും താരം ഈയൊരു ട്രിക്കുമായി ആരാധകരെ കയ്യിലെടുത്തിട്ടുണ്ട്.

ആ മാജികിന് പിന്നാലെ വീണ്ടും വിക്കറ്റെടുത്ത ഷംസി ആരാധകരെ ആവേശത്തിലാക്കി. ആ ഓവറിലെ അവസാന പന്തില്‍ കീറണ്‍ പൊള്ളാര്‍ഡിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇതോടെ റണ്‍സൊന്നും വഴങ്ങാതെ രണ്ട് വിക്കറ്റ് നേടിയ വെറ്ററന്‍ സ്പിന്നര്‍ ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

Read Also : ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര; ആദ്യ രണ്ട് മത്സങ്ങളിൽ നിന്ന് പിൻമാറി വിരാട് കോലി

മത്സരത്തില്‍ 59 റണ്‍സിന്റെ വിജയമാണ് പാള്‍ റോയല്‍സ് നേടിയത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ പാള്‍ റോയല്‍സ് നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഇമാദ് ഫോര്‍ട്വിന്‍, തബ്രൈസ് ഷംസി അടക്കമുള്ള ബോളര്‍മാര്‍ക്ക് മുന്നില്‍ നിലയുറപ്പിക്കാന്‍ ബുദ്ധിമുട്ടിയ എം.ഐ കേപ്ടൗണ്‍ 103 റണ്‍സിന് കൂടാരം കയറുകയായിരുന്നു.

Story highlights : Shamsi’s magic show after taking a wicket