ഗുണങ്ങളാല്‍ സമ്പന്നം ഓറഞ്ച്; പല്ലുകളുടെ ആരോഗ്യത്തിനും ബെസ്റ്റ്

January 9, 2024

നിരവധിയായ ആരോഗ്യ ഗുണങ്ങളുണ്ട് നമുക്ക് ചുറ്റുമുള്ള പഴ വര്‍ഗങ്ങളില്‍. പക്ഷെ ഫാസ്റ്റ്ഫുഡുകള്‍ക്ക് പിന്നാലെ പായുന്നതിനാല്‍ പലരും പഴവര്‍ഗങ്ങളെ വേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്തുന്നില്ല എന്നതാണ് വാസ്തവം. മനുഷ്യശരീരത്തിലെ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പഴ വര്‍ഗങ്ങള്‍ പലപ്പോഴും ഒരു പരിധി വരെ പരിഹാരമായി മാറാറുമുണ്ട്. ഇക്കൂട്ടത്തില്‍ ഒന്നാണ് ഓറഞ്ച് എന്ന ഫലവര്‍ഗം.

ധാരാളം ഗുണങ്ങളുള്ള ഓറഞ്ചിന്റെ ചില ആരോഗ്യ ഗുണങ്ങളെ പരിചയപ്പെടാം. വിറ്റാമിന്‍ സിയുടെ കലവറയാണ് ഓറഞ്ച്. പ്രതിരോധശേഷി വര്‍ധിപ്പിച്ച് രോഗങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കാന്‍ വിറ്റാമിന്‍ സി വളരെ അത്യാവശ്യമാണ്. പല്ലുകളുടെ ആരോഗ്യത്തിനും മികച്ചതാണ് ഓറഞ്ച്. പല്ലുകള്‍ക്കുണ്ടാകുന്ന ബലക്ഷയം, പല്ലുവേദന, പല്ലില്‍ ഉണ്ടാകുന്ന രോഗങ്ങള്‍ തുടങ്ങിയവയെ ഒരു പരിധിവരെ ചെറുക്കാന്‍ ഓറഞ്ച് കഴിക്കുന്നതിലൂടെ സാധിക്കുന്നു.

പല്ലുകളുടെ മാത്രമല്ല, എല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നവയാണ് ഓറഞ്ചിലെ കാത്സ്യവും വിറ്റമിന്‍ സിയും. കൂടാതെ ജലദോഷം, ക്ഷയം, ആസ്തമ, ബ്രോങ്കൈറ്റിസ് തുടങ്ങിയ രോഗാവസ്ഥയിലുള്ളവര്‍ ഓറഞ്ച് ജ്യൂസില്‍ ഒരു നുള്ള് ഉപ്പും ഒരു സ്പൂണ്‍ തേനും കലര്‍ത്തി കുടിക്കുന്നത് നല്ലതാണ്. ഇങ്ങനെ ചെയ്യുന്നത് കഫം പുറന്തള്ളാനും രോഗശമനശേഷി കൂട്ടാനും സഹായിക്കും.

ചര്‍മ്മ സംരക്ഷണത്തിനും ഓറഞ്ച് ഉത്തമമാണ്. പ്രായമേറുന്നതിന് അനുസരിച്ച് ചര്‍മ്മത്തിന് പല മാറ്റങ്ങളും സംഭവിക്കാം. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റും വിറ്റാമിന്‍ സി യും ഇത്തരം മാറ്റങ്ങളെ ചെറുക്കാന്‍ സഹായിക്കുന്നു. ചര്‍മ്മത്തിന്റെ ചെറുപ്പം നിലനിര്‍ത്താന്‍ ഇത് സഹായകരമാണ്.

Read also: സോഷ്യൽ മീഡിയയിൽ തരംഗമായി ലക്ഷദ്വീപ് ടൂറിസം; ദ്വീപ് യാത്രയ്ക്കായി കടമ്പകൾ ഏറെ..!

ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, എ, പൊട്ടാസ്യം എന്നിവ കണ്ണിനും കാഴ്ചശക്തിക്കും ഗുണകരമാണ്. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ വയറിന്റെ ആരോഗ്യത്തിനും നല്ലതാണ്. ഇവ വയറിനുള്ളിലെ അള്‍സറിനെയും മലബന്ധത്തെയും ചെറുക്കാന്‍ സഹായിക്കുന്നു.

Story highlights: Health Benefits of Eating Orange