ആഡംബരവീടുകളിൽ സൗജന്യ താമസം, ഇങ്ങോട്ട് കാശും കിട്ടും; ഇതൊരു വെറൈറ്റി ജോലി

January 14, 2024

വ്യത്യസ്തമായിട്ടുള്ള നിരവധി ജോലികളാണ് ലോകത്തുള്ളത്. സോഷ്യല്‍ മീഡിയ വഴിയാണ് നാം ഇത്തരത്തിലുള്ള പുതിയ സാധ്യതകളെ കുറിച്ച് അറിയുന്നത്. ചില ജോലികളെക്കുറിച്ച് കൂടുതല്‍ അറിയുമ്പോള്‍ അത്തരത്തിലൊന്ന് നമുക്കും കിട്ടിയിരുന്നെങ്കില്‍ മനസ് കൊണ്ട് ആഗ്രഹിക്കാത്തവരും കുറവല്ല. എന്നാല്‍ അത്തരത്തിലൊരു ജോലിയാണ് യു.കെ സ്വദേശിനിയായ ഫോള്‍ എന്ന യുവതിയ്ക്കുള്ളത്. ( House sitter living london homes for free )

ഫോള്‍ ഒരു ‘ഹൗസ് സിറ്റര്‍’ ആണ്. സാധാരണയായി ബേബി സിറ്റര്‍ എന്നത്് നമുക്കെല്ലാവര്‍ക്കും സുപരിചിതമാണ്. അതുപോലെ വീടുകള്‍ നോക്കുന്നവരെയാണ് ഹൗസ് സിറ്റര്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. വലിയ ആഢംബര വീടുകളിലാണ് ഫോളിന്റെ താമസം. എന്നാല്‍ വാടക നല്‍കാതെയാണ് ഇത്തരം വീടുകളില്‍ താമസിക്കുന്നത്. അതിലുപരി അവരുടെ വീടുകളില്‍ താമസിക്കുന്നതിന് വീട്ടുടമസ്ഥര്‍ ഫാളിന് അങ്ങോട്ട് കാശ് കൊടുക്കുന്നതാണ് പതിവ്. സാധാരണയായി വീട്ടില്‍ നിന്ന് കുറച്ചു ദിവസത്തേക്ക് മാറിനില്‍ക്കുന്നവരോ അല്ലെങ്കില്‍ വീട് മികച്ച രീതിയില്‍ പരിപാലിക്കാന്‍ കഴിയാത്തവരൊക്കെയാണ് യുവതിയുടെ സഹായം തേടുന്നത്.

ഫോള്‍ താമസിക്കുന്ന വീടുകളില്‍ നിന്നുള്ള ദൃശ്യങ്ങളും അവര്‍ പതിവായി സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവയ്ക്കാറുണ്ട്. മൂന്ന് മാസത്തിനിടെ ആറ് വീടുകളിലാണ് ഫോള്‍ താമസിച്ചത്. ഡെവോണിലെ ഒരു ബംഗ്ലാവ്, റിച്ച്മണ്ടിലെ ഒരു മനോഹരമായ ടൗണ്‍ഹൗസ്, ഈസ്റ്റ് ലണ്ടനിലെ ഒരു എയര്‍ ബി.എന്‍.ബി എന്നിവയെല്ലാം ഫോള്‍ താമസിച്ച വീടുകളില്‍ ഉള്‍പ്പെടുന്നുണ്ട്.

Read Also : ബുർജ് ഖലീഫയെക്കാൾ ഉയരം; സൗദിയിലൊരുങ്ങുന്നത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അംബരചുംബി

ലക്ഷങ്ങള്‍ വാടക നല്‍കി ആഡംബര വീടുകളില്‍ കഴിയുന്നതിന് പകരം ഒരു രൂപ പോലും ചിലവാക്കാതെയാണ് ഫോള്‍ ആഡംബര വീടുകളില്‍ ജീവിക്കുന്നത്. ഒപ്പം ഒരു ജോലി എന്ന നിലയില്‍ അതില്‍ നിന്നും അവള്‍ക്ക് നല്ലൊരു തുക സമ്പാദിക്കുകയും ചെയ്യുന്നു. തന്റെ ജോലിയെക്കുറിച്ചുള്ള കാര്യങ്ങള്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചതോടെ, ഈ വ്യത്യസ്തമായ സാധ്യതയെക്കുറിച്ച് കൂടുതല്‍ അറിയാനായി ബന്ധപ്പെടുന്നവരും കുറവല്ലന്നാണ് ഫോള്‍ പറയുന്നത്.

Story highlights : House sitter living london homes for free