ചെയ്യാം സൺഡേ റീചാർജ്; ഞായറാഴ്ചകൾക്കായി ചില പ്ലാനുകൾ!

January 7, 2024

ഞായറാഴ്ചകൾ നമ്മൾ ഭൂരിഭാഗം ആളുകൾക്കും വിശ്രമത്തിന്റെ ദിവസമാണ്. വിശ്രമിക്കാനും കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം സമയം ചെലവഴിക്കാനും ജോലിയിൽ നിന്ന് മാറിനിൽക്കാനുമുള്ള അവസരം കൂടിയാണിത്. എന്നിരുന്നാലും, പലർക്കും ഞായറാഴ്ചകളിൽ ചെറിയ നിരാശയും തോന്നിയേക്കാം. അടുത്ത ദിവസത്തെ ജോലി, വരാനുള്ള ആഴ്ചയിലെ തിരക്കുകൾ ഇവയൊക്കെ പലരിലും ആശങ്കയുളവാക്കും. (How to make the most out of your Sundays)

എന്നാൽ ശരിയായ സമീപനത്തിലൂടെ ഞായറാഴ്ചകൾ റീചാർജ് ചെയ്യാനുള്ള ദിവസങ്ങളാക്കി മാറ്റാം. മനസ്സിനെയും ശരീരത്തെയും കൃത്യമായി പാകപ്പെടുത്തി വരും ദിവസങ്ങളിലേക്കുള്ള തയ്യാറെടുപ്പിനുള്ള മികച്ച സമയവും ഇത് തന്നെയാണ്. തിരക്കുകൾക്കിടയിൽ വീണു കിട്ടുന്ന ആകെയുള്ള ഒരു ഞായറാഴ്ച്ച കൃത്യമായി എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.

സാധാരണ സമയത്ത് ഉണരുക:

നഷ്ടപ്പെട്ട ഉറക്കം വീണ്ടെക്കാനുള്ള ദിവസമാണ് പലർക്കും ഞായറാഴ്ചകൾ. എന്നാൽ ഈ അമിത ഉറക്കം തന്നെയാണ് വലിയ പ്രശ്നവും. പകൽ വൈകി ഉണരുന്നതിനാൽ രാത്രി ഉറക്കം തടസ്സപ്പെടാം. എന്നാൽ സ്ഥിരം ഉണരുന്ന സമയത്ത് എഴുന്നേൽക്കുന്നത് പതിവ് ഉറക്ക പാറ്റേണുകൾ നിലനിർത്തുന്നതോടൊപ്പം ആഴ്ചയിലുടനീളം ഉറക്കം സ്ഥിരതയുള്ളതാണെന്ന് ഉറപ്പാക്കാൻ സഹായിക്കും. ഉറക്കം ബാക്കി നിൽക്കുന്നത് നമ്മുടെ ഉൽപ്പാദനക്ഷമതയെ കാര്യമായി ബാധിക്കും.

“മീ-ടൈം” മാറ്റിവെക്കാം:
“മീ-ടൈം” എന്നത് നിങ്ങൾ സ്വയം നൽകുന്ന സമയമാണ്. തടസ്സപ്പെടുമെന്ന ഭയമില്ലാതെ നിങ്ങൾ ഇഷ്ടപ്പെടുന്ന എല്ലാ കാര്യങ്ങളും ചെയ്യാൻ ഇത് അവസരം നൽകും. അത് വ്യായാമമോ വായനയോ ദീർഘമായ നടത്തമോ മെഡിറ്റേഷനോ ആകാം. ഞായറാഴ്ച രാവിലെ എന്താണ് ചെയ്യേണ്ടതെന്ന് തീരുമാനിക്കുക. നിങ്ങളുടെ ആഗ്രഹങ്ങൾക്കും താല്പര്യങ്ങൾക്കും പ്രാധാന്യം നൽകി ഈ ആഴ്ച ആരംഭിക്കാം.

Read also: വേണം കൈകൾക്ക് പരിചരണം; ഇവ ശ്രദ്ധിച്ചാൽ വരണ്ട കൈകൾ തിളക്കമുള്ളതാക്കാം

വ്യായാമം ചെയ്യുക:
പുറത്തുപോയി 10-മൈൽ ഓട്ടം നടത്തുകയോ ജിമ്മിൽ മണിക്കൂറുകൾ ചെലവഴിക്കുകയോ ചെയ്യണമെന്നല്ല ഇതിനർത്ഥം. വീട്ടിൽ നിന്ന് പുറത്തിറങ്ങി ശരീരം ചലിക്കത്തക്ക വിധത്തിൽ ചെറു വ്യായാമങ്ങൾ ചെയ്യാം. ഒന്നോ രണ്ടോ മണിക്കൂർ പുറത്തിറങ്ങി പ്രകൃതി ആസ്വദിക്കാം. സമ്മർദ്ദം കുറയ്ക്കാനും ആരോഗ്യകരമായ വ്യായാമം ചെയ്യാനും ഒരു അത്ഭുതകരമായ ആഴ്‌ചയ്‌ക്കായി സ്വയം സജ്ജമാക്കാനുമുള്ള ഏറ്റവും നല്ല മാർഗമാണിത്.

ദിവസം മുൻകൂട്ടി പ്ലാൻ ചെയ്യാം:
അടുത്ത ദിവസം നിങ്ങൾ എന്തു ചെയ്യണമെന്ന് ശനിയാഴ്ച വൈകുന്നേരം തന്നെ തീരുമാനിക്കുക. കയ്യിൽ മുൻകൂട്ടി പ്ലാനുകൾ ഉണ്ടെങ്കിൽ സമയം പാഴായി പോകാനുള്ള സാധ്യത കുറയും. മാത്രമല്ല, ഒരു അവധി ദിവസം ഫലപ്രദമായി ചിലവഴിച്ചു എന്ന സംതൃപ്തിയും ലഭിക്കും.

വ്യത്യസ്തമായ എന്തെങ്കിലും ചെയ്യുന്നുവെന്ന് ഉറപ്പാക്കുക
ദിവസം തോറും ഒരേ കാര്യങ്ങൾ ചെയ്യുന്നത് ഒടുവിൽ എല്ലാ ദിവസവും മടുപ്പുള്ളതാക്കും. ഞായറാഴ്ചകൾക്കായി കാത്തിരിക്കാൻ നമ്മൾ കാരണങ്ങൾ ഉണ്ടാക്കണം. ഒരു ഡ്രൈവിനോ, പാർക്കിൽ നടക്കാനോ, സിനിമയ്‌ക്കോ, പുറത്തു പോയി ഭക്ഷണം കഴിക്കാനോ പ്ലാൻ ചെയ്യാം. ദൈനംദിന ജീവിതത്തിൽ നിന്ന് ഇത് നിങ്ങളെ അകറ്റി നിർത്തുകയും ആസ്വദിക്കാനും അനുഭവിക്കാനും ഉന്മേഷദായകമായ ചില നിമിഷങ്ങൾ സമ്മാനിക്കുകയും ചെയ്യും.

ചുറ്റും വൃത്തിയാക്കാം:
മിക്ക ആളുകളും വീട്ടുജോലികൾ ചെയ്യുന്നത് ഇഷ്ടപ്പെടുന്നില്ല. എന്നാൽ വൃത്തിയുള്ളതും ക്രമീകരിച്ചതുമായ വീട് നിങ്ങളുടെ ആകെയുള്ള മാനസിക ക്ഷേമത്തിന് പ്രധാനമാണ്. വൃത്തിയുള്ള മനോഹരമായ ഒരു വീടുമായി ദിവസം അവസാനിപ്പിക്കുന്നത് ഏറെ ഗുണം ചെയ്യും. അതിനാൽ എല്ലാ ഞായറാഴ്ചയും വൃത്തിയാക്കാൻ അൽപ്പം സമയം നീക്കിവെക്കുന്നത് പുതിയൊരു തുടക്കത്തിന് നിങ്ങളെ സജ്ജരാക്കും.

ഈ കാര്യങ്ങളെല്ലാം ഞായറാഴ്‌ച ചെയ്യണമെന്ന് പറയുന്നില്ല. നിങ്ങൾക്ക് ഏറ്റവും വലിയ നേട്ടവും സന്തോഷവും നൽകുന്ന കാര്യങ്ങൾ തിരഞ്ഞെടുക്കാം.

ഞായറാഴ്ച്ചകളിൽ വിശ്രമത്തിനും സാധാരണയായി ചെയ്യാൻ സമയമില്ലാത്ത കാര്യങ്ങൾ ചെയ്യാനുള്ള അവസരവും ഉണ്ടാകണം. പ്രിയപ്പെട്ട ടിവി സീരീസിന്റെ എപ്പിസോഡുകൾ മാത്രം കണ്ട് പാഴാക്കാതെ മറ്റ് ചില കാര്യങ്ങൾക്കാണ് ഈ ദിവസം വിനിയോഗിക്കാം.

Story highlights: How to make the most out of your Sundays