അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര; കോലിയും രോഹിതും തിരിച്ചെത്തി, സഞ്ജുവും ടീമിൽ

January 7, 2024

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങള്‍ അടങ്ങിയ ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച് ബി.സി.സി.ഐ. സീനിയര്‍ താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും തിരിച്ചെത്തിയപ്പോള്‍ മലയാളി താരം സഞ്ജു സാംസണും ടീമിലിടം പിടിച്ചിട്ടുണ്ട്. 16 അംഗ ടീമിനെ രോഹിത് ശര്‍മ നയിക്കും. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്റെ ഭാഗമായിരുന്ന പേസര്‍മാരായ ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് സിറാജിനും മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്. ( India vs Afghanistan BCCI announced T20I squad )

ഇഷാന്‍ കിഷന്‍ പകരം ജിതേഷ് ശര്‍മയെയാണ് സഞ്ജുവിനൊപ്പം വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവസാന ഏകദിനത്തില്‍ സെഞ്ച്വറിയുമായി സഞ്ജു സാംസണ്‍ തിളങ്ങിയിരുന്നു. 2022ലെ ട്വന്റി20 ലോകകപ്പിനുശേഷം രോഹിതും കോലിയും ഇന്ത്യക്കായി ട്വന്റി20 മത്സരങ്ങള്‍ കളിച്ചിരുന്നില്ല.

ഈ മാസം 11ന് മൊഹാലിയിലാണ് അഫ്ഗാനിസ്ഥാനെതിരായ ടി-20 പരമ്പര ആരംഭിക്കുന്നത്. മൂന്നു മത്സരങ്ങളാണ് ഉള്ളത്. 14-നും 17-നുമാണ് പരമ്പരയിലെ മറ്റു രണ്ടു മത്സരങ്ങള്‍ നടക്കുന്നത്. അഫ്ഗാനിസ്ഥാന്‍ നേരത്തെ ടീമിനെ പ്രഖ്യാപിച്ചിരുന്നു. ഇബ്രാഹിം സദ്രാന്‍ നയിക്കുന്ന ടീമില്‍ മുജീബ് ഉര്‍ റഹ്‌മാന്‍, മുഹമ്മദ് നബി, നവീന്‍ ഉല്‍ ഹഖ് എന്നിവരിടം നേടിയിട്ടുണ്ട്. അതേസമയം പരിക്കിന്റെ പിടിയിലായ സ്പിന്നര്‍ റാഷിദ് ഖാന്‍ കളിക്കില്ല.

Read Also : ‘മഴ പെയ്‌തൊഴിഞ്ഞാൽ കുടയൊരു ബാധ്യത’; മുംബൈക്കെതിരെ ഒളിയമ്പുമായി പൊള്ളാർഡ്..!

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ (നായകന്‍), ശുഭ്മാന്‍ ഗില്‍, യശ്വസി ജയ്സ്വാള്‍, വിരാട് കോലി, തിലക് വര്‍മ, റിങ്കു സിംഗ്, ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്ണോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, അവേഷ് ഖാന്‍, മുകേഷ് കുമാര്‍.

Story highlights : India vs Afghanistan BCCI announced T20I squad