ആഢംബര കാറുകളടക്കം നാനൂറിലധികം കാറുകള്‍; ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ ബാര്‍ബറുടെ കഥ

January 3, 2024

ഇന്ത്യയിലെ കോടീശ്വരനായ ബാര്‍ബര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഒരാളെക്കുറിച്ച് കേട്ടിട്ടുണ്ടോ..? സാമ്പത്തികമായി വളരെ പിന്നാക്കാവസ്ഥയില്‍ നിന്നും കഠിനാധ്വാനം കൊണ്ടുമാത്രം ജീവിതത്തില്‍ വിജയിച്ചുകയറിയ ഒരാള്‍. ഒന്നുമില്ലായ്മയില്‍ നിന്നും തുടങ്ങിയ അദ്ദേഹത്തിന് ഇന്ന സ്വന്തമായിട്ടുള്ളത് നാനൂറിലധികം കാറുകളാണുള്ളത്. അക്കൂട്ടത്തില്‍ ഏറെയും ബെന്‍സ്, ബിഎംഡബ്ല്യു, റോള്‍സ് റോയ്‌സ് അടക്കമുള്ള ആഢംബര കാറുകളാണെന്ന് പറയുമ്പോഴാണ് അതിന്റെ മൂല്യം എത്രത്തോളമാണെന്ന് നാം ആലോചിക്കേണ്ടത്. ബെംഗളൂരൂ സ്വദേശിയായ രമേശ് ബാബു എന്ന ബാര്‍ബറാണ് ഈ കഥയിലെ നായകന്‍. ( India’s billionaire barber Ramesh Babu )

രമേഷ് ബാബുവിന് ഏഴ് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് പിതാവ് പി. ഗോപാല്‍ മരണപ്പെടുന്നു. ബെംഗളൂരു ബ്രിഡ്ജ് റോഡില്‍ ബാര്‍ബറായിരുന്ന ഗോപാലിന് സമ്പാദ്യമായി ഒന്നും തന്നെയുണ്ടായിരുന്നില്ല. ആ ചെറിയ ബാര്‍ബര്‍ ഷോപ്പായിരുന്നു ഭാര്യയും മുന്ന് മക്കളും അടങ്ങിയ കുടുംബത്തിന്റെ ഏക ആശ്രയം. അച്ഛന്റെ വിയോഗത്തോടെ രമേഷ് ബാബുവിന്റെ അമ്മ സാമ്പത്തികമായി വലിയ ബുദ്ധിമുട്ടാണ് നേരിട്ടത്.

ഇതോടെ മൂന്ന് മക്കള്‍ അടങ്ങിയ കുടുംബത്തിന്റെ ദൈനംദിന ചെലവ് കണ്ടെത്തുന്നതിനായി അവര്‍ വീട്ടുജോലിയ്ക്ക് പോയിത്തുടങ്ങി. 40 രൂപ മുതല്‍ 50 രൂപ വരെയായിരുന്നു മാസത്തില്‍ കിട്ടിയിരുന്നത്. ഈ തുച്ഛമായ വരുമാനത്തില്‍ നിന്നാണ് അവര്‍ മക്കളെ വളര്‍ത്തിയത്.

ശരിയായ ഭക്ഷണം കഴിക്കാന്‍ പണമില്ലാതെ രമേഷ് ബാബുവിന്റെ കുടുംബം പട്ടിണി കിടന്ന സമയങ്ങളുണ്ടെന്നും, ചില ദിവസങ്ങളില്‍ ഒരു നേരം മാത്രമാണ് ഭക്ഷണം കഴിച്ചിരുന്നുവെന്നതും അദ്ദേഹം ഓര്‍ക്കുന്നു. തുടര്‍ന്ന് അഞ്ച് രൂപ എന്ന തുച്ഛമായ തുകയ്ക്ക് ബാര്‍ബര്‍ ഷോപ്പ് അവരുടെ അമ്മാവന് വാടയ്ക്ക്് കൊടുത്തു. സ്‌കൂളില്ലാത്ത ദിവസങ്ങളില്‍ അമ്മയെ സഹായിക്കുന്നതിനായി രമേഷ് ബാബുവും ജോലി ചെയ്യാന്‍ തുടങ്ങി.

1990 കാലഘട്ടത്തില്‍ 10-ാം ക്ലാസ് പൂര്‍ത്തിയാക്കിയ രമേഷ് ബാബു പിതാവിന്റെ ബാര്‍ബര്‍ ഷോപ്പ് ഏറ്റെടുക്കുകയായിരുന്നു. അവിടെ ജോലി ചെയ്തു കിട്ടിയ സമ്പാദ്യത്തില്‍ നിന്നുമാണ് അദ്ദേഹം ആദ്യമായി മാരുതി ഓമ്നി കാര്‍ വാങ്ങിയത്. ആ കാര്‍ ഉപയോഗമില്ലാതെ കിടക്കുന്നത് കണ്ടതോടെയാണ് രമേഷിന്റെ മനസിലൊരു ആശയം ഉയര്‍ന്നുവന്നത്. ആ കാര്‍ വാടകയ്ക്ക് നല്‍കികൊണ്ടാണ് അദ്ദേഹം പുതിയ ബിസിനസിന് തുടക്കമിട്ടത്.

ഉപയോക്താക്കളില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായതോടെയാണ് ഓട്ടോമൊബൈല്‍ റെന്റല്‍ സര്‍വീസ് ഒരു നല്ല ബിസിനസാണ് എന്ന് രമേഷ് ബാബു മനസിലാക്കിയത്. പിന്നീട് അതിലൂടെ സമ്പാദിക്കുന്ന പണത്തില്‍ നിന്നും കൂടുതല്‍ കാറുകള്‍ വാങ്ങിയ അദ്ദേഹം രമേഷ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് പേരില്‍ കമ്പനി ആരംഭിക്കുകയായിരുന്നു. 1990-കളുടെ അവസാനത്തോടെ തന്നെ അദ്ദേഹം ആഢംബര കാറുകള്‍ വാടകയ്ക്ക് നല്‍കിത്തുടങ്ങിയിരുന്നു.

Read Also : തന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് നൽകാൻ ഒരു സമ്മാനം; മരണത്തിന് മുൻപ് ഓജോ ബോർഡ് സ്വയം നിർമിച്ച് ഒരു മുത്തശ്ശി

ആഢംബര കാറുകള്‍ അടക്കം നാനൂറിലധികം കാറുകളുടെ ഉടമയാണ് ഇന്ന് രമേഷ് ബാബു. എത്ര വലിയ സമ്പന്നനായാലും താന്‍ വന്ന വഴി മറന്നിട്ടില്ല രമേഷ് ബാബു. ഇപ്പോഴും ദിവസവും അഞ്ച് മണിക്കൂര്‍ തന്റെ ബാര്‍ബര്‍ ഷോപ്പില്‍ ജോലി ചെയ്യുന്നുണ്ട് രമേഷ് ബാബു. വളര്‍ന്നുവന്ന ആ സ്ഥലത്തെ തനിക്ക് വിസ്മരിക്കാനാകില്ല എന്നാണ് അദ്ദേഹം പറയുന്നത്.

Story highlights : India’s billionaire barber Ramesh Babu