ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശിൽപം; പോകാമൊരു യാത്ര, കാഴ്ചകളും കഥകളും പേറുന്ന ജഡായു പാറയിലേക്ക്
വീക്കെൻഡിൽ എങ്ങോട്ടെങ്കിലും യാത്ര പോകണമെന്ന് ആഗ്രഹമുണ്ട്. എന്നാൽ, ഒറ്റദിവസത്തിൽ പോയി വരാൻ പറ്റിയ ഇടങ്ങളില്ല. അതാണ് പലരുടെയും പ്രധാന സങ്കടം. അങ്ങനെയെങ്കിൽ കേരളത്തിനകത്ത് തന്നെ അങ്ങനെയുള്ള ധാരാളം ഇടങ്ങളുണ്ട്. അതിലൊന്നാണ് കൊല്ലം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ജഡായു എർത്ത് സെന്റർ. പുരാണത്തിലെ ഐതിഹാസികമായ ജഡായുവിന്റെ ഈ ഭീമാകാരമായ ശില്പം നിലനിൽക്കുന്ന ഒരു കൂറ്റൻ പാറയാണ് ജഡായു എർത്ത് സെന്റർ. ഹിന്ദു മതത്തിലെ പ്രധാന ഗ്രന്ഥങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന രാമായണത്തിലെ ഒരു പ്രധാന ദിവ്യ കഥാപാത്രമാണ് ജഡായു.
ആ കഥയറിഞ്ഞുകൊണ്ട് അങ്ങോട്ടേക്ക് യാത്ര തിരിക്കാം. ഐതിഹ്യമനുസരിച്ച്, രാമന്റെ പക്കൽനിന്നും സീതാദേവിയെ രാക്ഷസരാജാവായ രാവണൻ തട്ടിക്കൊണ്ടുപോയി. രാക്ഷസരാജാവിന്റെ പിടിയിൽ നിന്ന് സീതയെ രക്ഷിക്കാനുള്ള വ്യർത്ഥമായ ശ്രമത്തിനിടെ ധീരനായ ജഡായു വീണു. ഏറ്റുമുട്ടലിനിടയിൽ ഭീമാകാരമായ പാറക്കൂട്ടത്തിന് മുകളിൽ വീണുകിടക്കുന്ന ജടായുവിന്റെ ഇടതു ചിറക് രാവണൻ വെട്ടിമാറ്റി. അങ്ങനെ ജഡായു വീണ പാറ ജഡായു പാറ എന്നപേരിൽ അറിയപ്പെട്ടു. ആ സ്ഥലം ചടയമംഗലം എന്നും പേരുകേട്ടു. ഈ കൂറ്റൻ പാറയുടെ മുകളിലാണ് ശിൽപിയും സംവിധായകനുമായ രാജീവ് അഞ്ചൽ ഭീമാകാരമായ ജഡായു പക്ഷിയുടെ സൃഷ്ടിക്ക് രൂപം നൽകിയത്.
ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾ എത്താറുള്ള ഇടമാണ് ഇത്. ഈ ശിൽപം ഏതാനും നാളുകൾക്ക് മുൻപ് തുറന്ന അമ്യൂസ്മെന്റ് പാർക്കായ ജഡായു എർത്ത്സ് സെന്ററിന്റെ ഭാഗമാണ്. വൈകാതെ തന്നെ രാജ്യത്തിന്റെ മുഴുവൻ വിനോദസഞ്ചാര കേന്ദ്രമായി മാറി ഇവിടം.
ഒരു പക്ഷിയെ ചിത്രീകരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പ്രതിമയാണിത്. 21 മീറ്റര്‍ ഉയരവും 61 മീറ്റര്‍ നീളവും 46 ഉയരവുമുള്ള അസാധാരണ അളവുകളുള്ള ഒരു സൃഷ്ടിയാണ് രാജീവ് അഞ്ചല്‍ ഒരുക്കിയത്. സ്റ്റീല്‍ കൊണ്ട് നിര്‍മ്മിച്ച നഖങ്ങള്‍ ഒഴികെ പൂര്‍ണ്ണമായും കോണ്‍ക്രീറ്റില്‍ നിര്‍മ്മിച്ച മരണത്തോട് മല്ലിടുന്ന പക്ഷിയുടെ അവസാന നിമിഷം എന്ന നിലയിലാണ് ഈ ശില്പം ഒരുക്കിയിരിക്കുന്നത്. ഒരു മ്യൂസിയവും മള്‍ട്ടിമീഡിയ തിയേറ്ററും ഉള്ള അഞ്ച് നില കെട്ടിടം ഈ ശില്പത്തിനുള്ളിലുണ്ട്.
Read also: ടിക്കറ്റില്ലെന്ന കാരണത്താൽ യാത്രക്കാരന്റെ മുഖത്തടിച്ച് ടിടിഇ; വിഡിയോ വൈറലായതിന് പിന്നാലെ സസ്പെൻഷൻ
സ്ത്രീകളോടുള്ള ആദരവിന്റെ ഭാഗമായി പത്ത് വര്‍ഷത്തോളമെടുത്താണ് രാജീവ് അഞ്ചല്‍ ഈ ശില്പം പൂര്‍ത്തിയാക്കിയത്. അതിമനോഹരമായ കാഴ്ചകള്‍ കാത്തിരിക്കുന്ന ഈ പാറയിലേക്കുള്ള കയറ്റവും ഹൃദ്യമാണ്. അപ്പോള്‍ ഒരു ഞായറാഴ്ച അവധിക്ക് പോയി വരാനൊരു ഇടമായില്ലേ..?
Story highlights- jatayu earth center