ടിക്കറ്റില്ലെന്ന കാരണത്താൽ യാത്രക്കാരന്റെ മുഖത്തടിച്ച് ടിടിഇ; വിഡിയോ വൈറലായതിന് പിന്നാലെ സസ്പെൻഷൻ

January 19, 2024

മനുഷ്യത്വം മരവിക്കുന്ന നിരവധി കാഴ്ചകളാണ് ദിവസേന അരങ്ങേറുന്നത്. ഇപ്പോൾ അത്തരത്തിൽ ഒരു കാഴ്ചയാണ് ശ്രദ്ധനേടുന്നത്. ട്രെയിൻ യാത്രയ്ക്കിടെ യാത്രക്കാരനെ ടിടിഇ യാത്രക്കാരനെ മർദിക്കുന്ന കാഴ്ച വളരെവേഗത്തിലാണ് ശ്രദ്ധനേടിയത്. ടിക്കറ്റില്ലാതെ യാത്ര ചെയ്തു എന്ന പേരിലാണ് മർദനമുണ്ടായത്.

ബറൗണി- ലഖ്‌നൗ എക്‌സ്പ്രസിൽ യാത്ര ചെയ്യവെയാണ് ഉത്തർപ്രദേശിലെ ഗോണ്ടയ്ക്കും ബരാബങ്കിക്കുമിടയിൽ എത്തിയപ്പോൾ യാത്രക്കാരനെ പ്രകാശ് എന്ന ടിടിഇ മർദിച്ചത്. ഒന്നിലധികം തവണ സീറ്റിലിരിക്കുന്ന യാത്രക്കാരനെ ഇയാൾ തല്ലുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.

വിഡിയോ വൈറലായതോടെ സംഭവത്തിൽ ടിടിഇയെ റെയിൽവേ സസ്പെന്റ് ചെയ്തു. കേന്ദ്ര, റെയിൽ, വ്യോമയാന മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ചയായിരുന്നു സംഭവം.

മർദനത്തിനിരയായ യുവാവ് സംഭവത്തെക്കുറിച്ച് പരാതിപ്പെട്ടിട്ടില്ലെന്നും എന്നാൽ വിഡിയോ വൈറലായതോടെ മുതിർന്ന ഉദ്യോഗസ്ഥർ ഇടപെട്ട് അന്വേഷണം പ്രഖ്യാപിക്കുകയുമായിരുന്നെന്ന് റെയിൽവേ ഉദ്യോ​ഗസ്ഥൻ പറഞ്ഞു. ഇത്തരം സംഭവങ്ങൾ അം​ഗീകരിക്കാനാകില്ലെന്നും കർശന നടപടിയെടുക്കുമെന്നും റെയിൽവേ മന്ത്രി വ്യക്തമാക്കി.

Read also: കടുത്ത മഞ്ഞുവീഴ്ച; തൊഴിലാളികൾ ജോലി മുടക്കാതിരിക്കാൻ ബോസ് ഡ്രൈവറായി!

30 സെക്കൻഡ് ദൈർഘ്യമുള്ള വൈറൽ വിഡിയോയിൽ ടിടിഇ ഒരു യാത്രക്കാരനെ ആവർത്തിച്ച് തല്ലുകയാണ്. എന്തിനാണ് തന്നെ ആക്രമിക്കുന്നതെന്ന് ടിടിഇയോട് ചോദിക്കുകയും ടിക്കറ്റ് ഉണ്ടെന്ന് പറയുന്നതും വിഡിയോയിൽ കേൾക്കാം. എന്നാൽ സീറ്റിൽ നിന്ന് എഴുന്നേൽക്കാൻ ആവശ്യപ്പെട്ട് ടിടിഇ വീണ്ടും ഇയാളെ മർദിച്ചു.

Story highlights- ttr slapping passenger viral video