‘പൂമുത്തോളെ..’ഈണത്തിൽ പാടി ആഫ്രിക്കൻ വംശജൻ- നന്ദിപറഞ്ഞ് സംഗീത സംവിധായകൻ
പൂമുത്തോളെ എന്ന ഗാനം കേരളത്തിൽ ഉണ്ടാക്കിയ ഓളം ചെറുതല്ല. ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് നിരവധി ആളുകളാണ് ഈ ഗാനം ഏറ്റെടുത്തത്. ഹാസ്യ നടനായും വില്ലനായും എത്തി മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ ജോജു ജോര്‍ജ് നായകനായി എത്തിയ ‘ജോസഫ്’ എന്ന ചിത്രത്തിലെ ഗാനമാണ് ‘പൂമുത്തോളെ…’. ദാമ്പത്യ സ്നേഹത്തിന്റെ ആഴവും പരപ്പുമെല്ലാം ഒളിമങ്ങാതെ തെളിഞ്ഞുനില്‍പ്പുണ്ട് ഈ ഗാനത്തില്‍ എന്നതുതന്നെയാണ് ഈ ഗാനത്തെ അത്രമേല്‍ ശ്രദ്ധേയമാക്കിയതും.
ഇപ്പോഴിതാ, ആഫ്രിക്കൻ വംശജനായ കിലി പോൾ ‘പൂമുത്തോളെ’ ഗാനം ആലപിക്കുന്ന വിഡിയോ പങ്കുവെച്ചിരിക്കുകയാണ് ഈ ഗാനത്തിന്റെ സംഗീത സംവിധായകനായ രഞ്ജിൻ രാജ്. ‘എന്റെ പാട്ടുകൾ ലോകമെമ്പാടും അവതരിപ്പിക്കുന്നതും പ്രചരിക്കുന്നതും കാണുന്നതിൽ ഞാൻ എപ്പോഴും സന്തോഷവാനാണ്. ഞാൻ ദൈവത്തോട് നന്ദിയുള്ളവനാണ്, ഇത്തവണ എന്റെ ‘പൂമുത്തോളെ’ എന്ന ഗാനം തിരഞ്ഞെടുത്തതിന് കിലി പോളിനോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. പുറത്തിറങ്ങി അഞ്ച് വർഷത്തിന് ശേഷവും ഈ ഗാനം യുവത്വത്തോടെ തുടരുകയും ലോകമെമ്പാടും സഞ്ചരിക്കുകയും ചെയ്തതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്’- രഞ്ജിൻ രാജ് കുറിക്കുന്നു.
2018 നവംബറിലാണ് ജോസഫ് എന്ന ചിത്രം തീയറ്ററുകളിലെത്തിയത്. മികച്ച പ്രേക്ഷക സ്വീകാര്യതയും ചിത്രം നേടിയിരുന്നു. സിനിമയില്‍ വിജയ് യോശുദാസ് ആണ് ‘പൂമുത്തോളേ…’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ആലാപനം. അജീഷ് ദാസന്റെ വരികള്‍ക്ക് രഞ്ജിന് രാജ് സംഗീതം പകര്‍ന്നിരിക്കുന്നു. അതേസമയം, കിലി പോൾ മലയാളികൾക്ക് സുപരിചിതനാണ്.
Read also: മെസിയും സംഘവും കേരളത്തില്‍ പന്ത് തട്ടും; സമ്മതം അറിയിച്ചെന്ന് മന്ത്രി അബ്ദുറഹിമാന്
സമൂഹമാധ്യമങ്ങളിൽ സജീവമായവർക്ക് സുപരിചിതനാണ് കിലി പോൾ. ടാൻസാനിയൻ സഹോദരങ്ങളായ കിലി പോളും നീന പോളും ടിക് ടോക്, ഇൻസ്റ്റാഗ്രാം വിഡിയോകളിലൂടെയാണ് താരമായത്. ഇന്ത്യൻ ഗാനങ്ങളെ ആഫ്രിക്കയിലും ഹിറ്റാക്കിയത് ഈ സഹോദരങ്ങളാണ്. ഒട്ടേറെ ബോളിവുഡ്, തമിഴ്, തെലുങ്ക് ഗാനങ്ങൾക്ക് ഇരുവരും ചുവടുവെച്ചിരുന്നു.
Story highlights- kili paul singing poomuthole song