മെസിയും സംഘവും കേരളത്തില്‍ പന്ത് തട്ടും; സമ്മതം അറിയിച്ചെന്ന് മന്ത്രി അബ്ദുറഹിമാന്‍

January 2, 2024

കേരളത്തിലെ അര്‍ജന്റീന ആരാധകര്‍ക്ക് സന്തോഷവാര്‍ത്തയുമായി കായിക മന്ത്രി വി. അബ്ദുറഹിമാന്‍. ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ഫുട്ബാള്‍ ടീം കേരളത്തില്‍ വന്ന് കളിക്കാന്‍ തയ്യാറാണെന്ന് സമ്മതം അറിയിച്ചതായി മന്ത്രി പറഞ്ഞു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം തുറന്നുപറഞ്ഞത്. ( Argentina team agreed to play in Kerala V Abdurahman )

ലയണല്‍ മെസിയുടെ ക്യാപ്റ്റന്‍സിയില്‍ ലോകകപ്പ് ജേതാക്കളായ അര്‍ജന്റീനയെ കേരളത്തിലേക്ക് ക്ഷണിച്ച് നേരത്തെ കായിക മന്ത്രി കത്തയച്ചിരുന്നു. അതിനുള്ള മറുപടിയായി ജൂലൈ മാസം വരാന്‍ തയാറാണെന്നാണ് അര്‍ജന്റീനന്‍ ടീം അധികൃതര്‍ ഇ-മെയില്‍ വഴി അറിയിച്ചിട്ടുണ്ടെന്നാണ് മന്ത്രി തുറന്നുപറഞ്ഞത്.

എന്നാല്‍ ആരാധകരുടെ സ്വപ്നസാക്ഷാത്കാരത്തിനായി ഇനിയും ഒരുപാട് നടപടി ക്രമങ്ങള്‍ ബാക്കിയുണ്ട്. ഇരു വിഭാഗവും നേരിട്ട് ചര്‍ച്ച നടത്തിയാല്‍ മാത്രമെ അന്തിമ തീരുമാനത്തലെത്താനാകു. അതിനായി അവരോട് കൂടുതല്‍ സമയം ചോദിച്ചിട്ടുണ്ടെന്നും കേരളത്തെ പ്രതിനിധീകരിച്ച് ഒരു സംഘം അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ അധികൃതരെ കാണുമെന്നും മന്ത്രി പറഞ്ഞു.

Read Also : കുട്ടിക്കര്‍ഷകരെ ചേര്‍ത്തുപിടിച്ച് യുസഫലി; പത്ത് പശുക്കളെ വാങ്ങാനുള്ള തുക കൈമാറി

അതേസമയം, ടീം വരാമെന്ന് സമ്മതിച്ച ജൂലൈ മാസത്തില്‍ കേരളത്തിലെ കാലാവസ്ഥ പ്രതികൂലമാകാന്‍ സാധ്യതയുണ്ട്. മഴക്കാലമായതിനാല്‍ അക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലയണല്‍ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീനയെ പോലൊരു ടീം കേരളത്തില്‍ പന്ത് തട്ടിയാല്‍ അത് അപൂര്‍വ നിമിഷമാകുമെന്നും ആരാധകരുടെ സ്വപ്നമാണെന്നും അതിനായുള്ള ശ്രമങ്ങളാണ് നടന്നുവരുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Story highlights : Argentina team agreed to play in Kerala V Abdurahman