ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര; ആദ്യ രണ്ട് മത്സങ്ങളിൽ നിന്ന് പിൻമാറി വിരാട് കോലി
ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് പിന്മാറി സൂപ്പര്‍ താരം വിരാട് കോലി. ബിസിസിഐ പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കോലിയുടെ അഭ്യര്‍ഥന പ്രകാരമാണ് ആദ്യത്തെ രണ്ട് ടെസ്റ്റുകളില്‍ നിന്നും താരത്തെ ഒഴിവാക്കിയത്. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോലി പരമ്പരയിലെ ആദ്യ മത്സരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്നും ബിസിസിഐ അധികൃതര്‍ വ്യക്തമാക്കി. ( Kohli Withdraws From First Two Tests Against England )
നായകന് രോഹിത് ശര്‍മയുമായും ടീം മാനേജ്മെന്റുമായും സെലക്ടര്‍മാരുമായും വിരാട് സംസാരിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ക്യാപ്റ്റന്റെ പിന്തുണയുണ്ടെന്നും ബിസിസിഐ അറിയിച്ചു. ടീമിനായി കളിക്കുന്നതിനാണ് താന്‍ എപ്പോഴും മുന്‍ഗണന നല്‍കുന്നത്. എന്നാല്‍, വ്യക്തിപരമായ ചില കാരണങ്ങളാല്‍ തന്റെ സാന്നിധ്യം ഇപ്പോള്‍ കുടുംബത്തിന് ആവശ്യമാണെന്ന് കോലി അറിയിച്ചുവെന്നാണ് വിവരം. കോലിയുടെ സ്വകാര്യതയെ മാനിക്കണമെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മാധ്യമങ്ങളോടും ആരാധകരോടും ബിസിസിഐ അഭ്യര്‍ഥിച്ചു. എന്നാല്‍ കോലിക്ക് പകരക്കാരനെ ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല.
കോലിയുടെ അഭാവത്തില്‍ യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ തുടങ്ങിയ യുവതാരങ്ങളുടെ ചുമലില്‍ വലിയ ഉത്തരവാദിത്തമാണ് വന്നുചേര്‍ന്നിരിക്കുന്നത്. നേരത്തെ, അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20യില്‍ നിന്നും വ്യക്തിപരമായ കാരണങ്ങളാല്‍ കോലി പിന്മാറിയിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യം എന്താണെന്ന് താരം വെളിപ്പെടുത്തിയിട്ടില്ല.
Read Also : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അഗ്നിപർവ്വത മുനയിലൊരു മലയാളിയുടെ പാദസ്പർശം..!
ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. ആദ്യ മത്സരം ജനുവരി 25-ന് ഹൈദരാബാദില്‍ നടക്കും. പരമ്പരയിലെ രണ്ടാം മത്സരം ഫെബ്രുവരി 2-ന് വിശാഖപട്ടണത്താണ്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ വിരാട് കോലി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.
Story highlights : Kohli Withdraws From First Two Tests Against England