“നമ്മുടെ കാഴ്ച്ച മറ്റൊരാളുടെ കണ്ണിലൂടെ ആകരുത്”; വാലിബൻ ചർച്ചകളിൽ എൽജെപി പറയുന്നത്!
നീണ്ട കാത്തിരിപ്പിനൊടുവിൽ തിയറ്ററുകളിൽ ‘മലൈക്കോട്ടൈ വാലിബൻ’ എത്തിയിരിക്കുന്നു. ചിത്രത്തിന്റെ റിലീസിന് പിന്നാലെ പുറപ്പെട്ട ചർച്ചകൾക്കും അതിരുകളില്ല. ചിത്രത്തെ ഇകഴ്ത്തിയും പുകഴ്ത്തിയും നിരവധി അഭിപ്രായങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നത്. (Lijo Jose Pellissery responds to ‘Malaikottai Vaaliban’ reviews)
ഇപ്പോഴിതാ, വ്യാപകമായി പടരുന്ന ചർച്ചകളിൽ തൻ്റെ അഭിപ്രായം അറിയിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. എറണാകുളത്ത് വെച്ച് നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൻ്റെ സിനിമയ്ക്കെതിരെ ഹേറ്റ് ക്യാമ്പയിൻ നടക്കുന്നുണ്ടെന്നും അത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ലിജോ പറയുന്നു. ഒരു മാസ്സ് പരിവേഷത്തിൽ ഫാൻസിന് വേണ്ടി എടുക്കാൻ പോകുന്ന ചിത്രമാണെന്ന് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ലെന്നും ലിജോ പറയുന്നു.
അമർ ചിത്ര കഥാ സ്വഭാവമുള്ള ഒരു യോദ്ധാവിന്റെ യാത്രയാണ് ചിത്രം പിന്തുടരുന്നത്. ആരംഭം മുതൽ അവസാനം വരെ ഒരേ വേഗതയിൽ സഞ്ചരിക്കുന്ന ഒരു ചിത്രമല്ല വാലിബൻ എന്നും ലിജോ. സിനിമ കണ്ട് വേണം അഭിപ്രായം പറയേണ്ടതെന്നും നെഗറ്റീവ് റിവ്യൂവിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Read also: മണിക്കൂറുകൾ ബാക്കി നിൽക്കെ ‘മലൈക്കോട്ടൈ വാലിബൻ’ റിലീസ് ടീസർ പുറത്ത്!
നമ്മുടെ കാഴ്ച്ച മറ്റൊരാളുടെ കണ്ണിലൂടെ ആകരുതെന്നും പരിചിതമായ രീതി തന്നെ വേണമെന്ന് എന്തിനാണ് വാശിപിടിക്കുന്നതെന്നും ലിജോ വാർത്താസമ്മേളനത്തിൽ ചോദിച്ചു. നമ്മുടെ സിനിമാ ആസ്വാദനത്തിന് മറ്റൊരാളുടെ വാക്ക് എന്തിന് അടിസ്ഥാനമാക്കണം എന്നും അദ്ദേഹത്തിന്റെ വാക്കുകൾ.
സിനിമ ഇറങ്ങിയ ശേഷം അതിയായ സന്തോഷിക്കുകയോ അതിയായ ദുഃഖം ഉണ്ടാകുകയോ ചെയ്യുന്ന ആളല്ല. പക്ഷെ ഈ സിനിമ ഇറങ്ങിയ ശേഷം ഷോക്കിങ് ആയിട്ടുള്ള കാര്യമാണ് ഉണ്ടായത്. മനസ് മടുത്തത് കൊണ്ട് തന്നെയാണ് ഇവിടെ വന്ന് ഒറ്റയ്ക്കിരിക്കേണ്ട സാഹചര്യം ഉണ്ടായതെന്നും ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു.
Story highlights: Lijo Jose Pellissery responds to ‘Malaikottai Vaaliban’ reviews