മണിക്കൂറുകൾ ബാക്കി നിൽക്കെ ‘മലൈക്കോട്ടൈ വാലിബൻ’ റിലീസ് ടീസർ പുറത്ത്!

January 24, 2024

പരീക്ഷണങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും നാട്യ സാമ്രാട്ട് മോഹൻലാലും ഒന്നിച്ചാൽ നടക്കാൻ പോകുന്ന ദൃശ്യവിസ്മയത്തിനായി ആളുകൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. നാളെ കാലത്ത് ആറര മുതൽ തിയറ്ററുകളിൽ എത്തുന്ന മലൈക്കോട്ടൈ വാലിബന്റെ റിലീസ് ട്രെയ്‌ലർ ഇപ്പോൾ പുറത്തു വന്നിരിക്കുന്നു. റിലീസിന് മണിക്കൂറുകൾ ബാക്കി നിൽക്കെ വന്ന ട്രെയ്‌ലറിന്റെ ആവേശത്തിലാണ് ആരാധകർ. (‘Malaikottai Vaaliban’ movie release trailer out now)

1.11 മിനിറ്റ് ദൈർഘ്യമുള്ള ടീസറിൽ ചിത്രത്തിലെ കഥാപാത്രങ്ങളായ കേളു മല്ലൻ, മാങ്ങോട്ടു മല്ലൻ, മൈക്കാളെ മഹാരാജ്, ലേഡി മൈക്കാളെ, ചമതകൻ എന്നിവരുടെ ക്യാരക്റ്റർ റിവീൽ ചെയ്യുന്നുണ്ട്. ടീസർ അവസാനിക്കുന്നത് വാലിബനും മറ്റ് കഥാപാത്രങ്ങളും തമ്മിലുള്ള സംഭാഷണത്തിലൂടെയാണ്.

അതിഗംഭീരമായി ചിത്രീകരിച്ച രംഗങ്ങളാണ് ഓരോ ഫ്രയിമിലും നിറഞ്ഞു നിൽക്കുന്നത്. പ്രണയവും, വിപ്ലവവും, മാസ് എലെമെന്റുകളും ചേർത്ത് ചിട്ടപ്പെടുത്തിയ ചിത്രമാകും വാലിബൻ എന്ന സൂചനയാണ് ചിത്രത്തിന്റെ ട്രെയ്‌ലറും നൽകിയത്.

Read also: “കരയണം, ചോര വീഴണം”; ലിജോ മാജിക്കിൽ വിസ്മയിപ്പിച്ച് മലൈക്കോട്ടൈ വാലിബൻ ട്രെയ്‌ലർ!

300-ൽ പരം തിയറ്ററുകളിലാണ് നാളെ ചിത്രം റിലീസിനെത്തുന്നത്. മോഹന്‍ലാലിനൊപ്പം സൊണാലി കുല്‍ക്കര്‍ണി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സേഠ്, മണികണ്ഠന്‍ ആചാരി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 130 ദിവസങ്ങളിൽ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. പി എസ് റഫീക്കാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠന്‍ ലിജോയ്‌ക്കൊപ്പം ചെയ്യുന്ന ചിത്രം കൂടിയാണ് ‘മലൈക്കോട്ടൈ വാലിബൻ’.

Story hiighlights: ‘Malaikottai Vaaliban’ movie release trailer out now