“കരയണം, ചോര വീഴണം”; ലിജോ മാജിക്കിൽ വിസ്മയിപ്പിച്ച് മലൈക്കോട്ടൈ വാലിബൻ ട്രെയ്‌ലർ!

January 18, 2024

മലയാള സിനിമയിൽ പുതുയുഗത്തിന്റെ വരവറിയിച്ച സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും നാട്യ സാമ്രാട്ട് മോഹൻലാലും ഒന്നിച്ചാൽ നടക്കാൻ പോകുന്ന ദൃശ്യവിസ്മയത്തിനായി ആളുകൾ ആകാംഷയോടെ കാത്തിരിക്കുകയാണ്. ഒടുവിലിതാ തിരശീലയിൽ തെളിയാൻ പോകുന്ന മാസ്മരികതയുടെ ട്രെയ്‌ലർ പുറത്തിറങ്ങിയിരിക്കുന്നു. 2.23 മിനിറ്റ് ദൈർഘ്യമുള്ള ട്രെയ്‌ലർ പുറത്തെത്തുമെന്ന വിവരം ഇന്ന് വൈകിട്ടാണ് മോഹൻലാൽ അറിയിച്ചത്. കൊച്ചിയിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ വെച്ചാണ് ട്രെയ്‌ലർ പുറത്ത് വിട്ടത്. (Lijo Jose Pellissery’s Malaikottai Vaaliban trailer out now)

അതിഗംഭീരമായി ചിത്രീകരിച്ച രംഗങ്ങളാണ് ഓരോ ഫ്രയിമിലും നിറഞ്ഞു നിൽക്കുന്നത്. പ്രണയവും, വിപ്ലവവും, മാസ് എലെമെന്റുകളും ചേർത്ത് ചിട്ടപ്പെടുത്തിയ ചിത്രമാകും വാലിബൻ എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.

Read also: ‘ആ കണ്ണുകളിൽ നജീബ് മാത്രം’; വീണ്ടും ഞെട്ടിച്ച് ‘ആടുജീവിതം’!

ചിത്രത്തെക്കുറിച്ച് കുറിച്ച് നടൻ മോഹൻലാൽ പറഞ്ഞതിങ്ങനെ, “ഈ ഴോണറിലുള്ള ഒരു സിനിമ ഇന്ത്യൻ സിനിമയിൽ ഉണ്ടായിട്ടില്ല എന്നാണ് എന്റെ വിശ്വാസം. വലിയൊരു ക്യാൻവാസിൽ ചെയ്ത മലൈക്കോട്ടൈ വാലിബൻ തിയേറ്ററിൽ മുൻവിധികൾ ഇല്ലാതെ ആസ്വദിക്കാൻ സാധിക്കുന്ന നല്ലൊരു സിനിമ”.

മോഹന്‍ലാലിനൊപ്പം സൊണാലി കുല്‍ക്കര്‍ണി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സേഠ്, മണികണ്ഠന്‍ ആചാരി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 130 ദിവസങ്ങളിൽ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. പി എസ് റഫീക്കാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠന്‍ ലിജോയ്‌ക്കൊപ്പം ചെയ്യുന്ന ചിത്രം കൂടിയാണ് ‘മലൈക്കോട്ടൈ വാലിബൻ’.

Story highlights: Lijo Jose Pellissery’s Malaikottai Vaaliban trailer out now