ലയണൽ മെസി വീണ്ടും ഫിഫ ദി ബെസ്റ്റ്; പുരസ്കാരം നേടുന്നത് എട്ടാം തവണ
2023ലെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള ഫിഫ ദി ബെസ്റ്റ് പുരസ്കാരം സ്വന്തമാക്കി അര്‍ജന്റൈന്‍ നായകന് ലയണല്‍ മെസി. ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ, മാഞ്ചസ്റ്റര്‍ സിറ്റിയുടെ എര്‍ലിങ് ഹാലണ്ടിനെയും പിന്നിലാക്കിയാണ് 36-കാരനായ അര്‍ജന്റൈന്‍ നായകന്റെ നേട്ടം. എട്ടാം തവണയാണ് മെസി മികച്ച താരത്തിനുള്ള ഫിഫയുടെ പുരസ്കാരത്തിന് അര്‍ഹനാകുന്നത്. ഫിഫ ദ ബെസ്റ്റ് എന്ന് പുനര്‍നാമകരണം ചെയ്ത ശേഷം 2019-ലും 2022-ലും മുമ്പ് മെസി മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ( Lionel Messi wins The Best FIFA Men’s Player Award )
സ്പാനിഷ് താരം ഐറ്റാന ബോണ്‍മാറ്റിയാണ് മികച്ച വനിത ഫുട്ബോളര്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ പെപ് ഗ്വാര്‍ഡിയോളയാണ് മികച്ച പരിശീലകന്. കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ ട്രിപ്പിള്‍ കിരീടനേട്ടത്തില്‍ എത്തിച്ചതാണ് പെപിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. സറീന വെയ്ഗ്മാന് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മികച്ച വനിത പരിശീലകയായി തെരഞ്ഞെടുക്കപ്പെട്ടു. 2022 ഡിസംബര്‍ 19 മുതല്‍ 2023 ഓഗസ്റ്റ് 20 വരെയുള്ള ഒരു വര്‍ഷക്കാലയളവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
മികച്ച ഗോളിനുള്ള പുഷ്കാസ് അവാര്‍ഡ് ബ്രസീലിയന്‍ യുവതാരം ഗില്ഹെര്മ മദ്രുഗ സ്വന്തമാക്കി. മികച്ച പുരുഷ ഗോള്‍കീപ്പര്‍ക്കുള്ള പുരസ്കാരം മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബ്രസീലിയന്‍ ഗോള്‍കീപ്പര്‍ എഡേഴ്സണ് നേടി. മേരി ഇയര്‍പ്സാണ് മികച്ച വനിത ഗോള്‍കീപ്പര്‍. ബ്രസിലിയന്‍ ഇതിഹാസം മാര്‍ത്തയ്ക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ലഭിച്ചു. ബ്രസീലിയന്‍ ദേശീയ പുരുഷ ഫുട്ബോള്‍ ടീമിനാണ് ഫെയര്‍പ്ലേ അവാര്‍ഡ്. വംശീയതയ്ക്കെതിരായ പോരാട്ടം പരിഗണിച്ചാണ് ബ്രസീലിയന്‍ ടീമിന് പുരസ്കാരം.
Read Also : ‘ജലാശയത്തിന് നടുവിൽ മൺതിട്ടയിലൊരു മൈതാനം’; വൈറലായി മലയാളിയുടെ കാൽപന്ത് പ്രേമം
ലോക ഇലവിനില്‍ സിറ്റി മേധാവിത്വം; കഴിഞ്ഞ വര്‍ഷത്തെ ലോക ഇലവനില്‍ ആറ് മാഞ്ചസ്റ്റര്‍ സിറ്റി താരങ്ങളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ജോണ്‍ സ്റ്റോണ്‍സ്, കെയ്ല്‍ വാക്കര്‍, റൂബന്‍ ഡിയാസ്, ബെര്‍ണാഡോ സില്‍വ, കെവിന് ഡിബ്രൂയിന്, എര്‍ലിങ് ഹാലണ്ട് എന്നിവരാണ് ഇലവനില്‍ ഉള്‍പ്പെട്ട സിറ്റി താരങ്ങള്‍. മികച്ച താരത്തിനുള്ള പുരസ്കാരം നേടിയ മെസി ലോക ഇലവനില്‍ ഇടംപിടിച്ചപ്പോള്‍ പോര്‍ച്ചൂഗീസ് നായകന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പുറത്തായി. റയല്‍ മാഡ്രിഡിന്റെ തിബോ കോര്‍ട്ടോ, ജൂഡ് ബെല്ലിങ്ഹാം, വിനീഷ്യസ് ജൂനിയര്‍, പിഎസ്ജിയുടെ കിലിയന്‍ എംബാപ്പെ എന്നിവരും ഇലവനിലുണ്ട്.
Story highlights : Lionel Messi wins The Best FIFA Men’s Player Award