‘സ്വപ്‌ന ലോകത്തേക്ക് ഒരു യാത്ര’; മലൈക്കോട്ടൈ വാലിബൻ മേക്കിങ് വീഡിയോയുമായി അണിയറ പ്രവര്‍ത്തകർ

January 30, 2024

വലിയ പ്രതീക്ഷകളുമായി പ്രേക്ഷകരിലേക്ക് എത്തിയ ചിത്രമാണ് മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിച്ച മലൈക്കോട്ടൈ വാലിബന്‍. പ്രേക്ഷകര്‍ക്ക് മികച്ച ദൃശ്യാനുഭവം സമ്മാനിച്ചുകൊണ്ട് വാലിബന്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സമീപകാലത്ത് മലയാള സിനിമയിലെ ഏറ്റവും മികച്ച പ്രൊമോഷന്‍ പരിപാടികളുമായി എത്തിയ ചിത്രത്തിന്റെ ആദ്യ ദിനങ്ങളില്‍ സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ലഭിച്ചിരുന്നത്. പിന്നാലെ ചിത്രത്തിന്റെ മികച്ച മേക്കിങ്, സിനിമാറ്റോഗ്രഫി അടക്കമുള്ള മേഖലകളെ പ്രശംസിച്ചുകൊണ്ടും നിരവധിയാളുകള്‍ കുറിപ്പുകള്‍ പങ്കുവച്ചിരുന്നു. ( Mohanlal movie Malaikottai Vaaliban making video )

ഈയൊരു സാഹചര്യത്തില്‍ മലൈക്കോട്ടൈ വാലിബന്‍ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് വീഡിയോ പുറത്തുവിട്ടത്. രാജസ്ഥാനിലെ മരുഭൂമിയിലാണ് മലൈക്കോട്ടൈ വാലിബന്റെ കൂടുതല്‍ ഭാഗങ്ങളും ചിത്രീകരിച്ചിട്ടുള്ളത്. ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളും കുറച്ചുഭാഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്.

രാജസ്ഥാനിലെ കൊടും ശൈത്യത്തെയും ചൂടിനെയുമെല്ലാം അതിജീവിച്ചാണ് അണിയറപ്രവര്‍ത്തകര്‍ വാലിബന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. തിരശ്ശീലയില്‍ ഒരു യോദ്ധാവയും മല്ലനായും പ്രേക്ഷകരെ വിശ്വസിപ്പിക്കാന്‍ കഴിയുന്ന മോഹന്‍ലാലിന്റെ ആക്ഷന്‍ രംഗങ്ങളിലെ മെയ്‌വഴക്കത്തെ എല്ലാവരും പ്രശംസിക്കുകയാണ്. അത്തരത്തില്‍ സിനിമയിലെ ചില ആക്ഷന്‍ സീനുകളുടെ പിന്നാമ്പുറക്കാഴ്ചകളും ഈ വീഡിയോയില്‍ കാണാനാകും.

Read Also : ‘ഇനി നാഗവല്ലി ടിവിയിൽ വന്നാലും കൊച്ച് കാണൂല’; വൈറലായി ശോഭനയുടെ നാഗവല്ലി വീഡിയോ..!

മോഹന്‍ലാലിനൊപ്പം സൊണാലി കുല്‍ക്കര്‍ണി, കഥ നന്ദി, ഡാനിഷ് സേഠ്, മനോജ് മോസസ്, മണികണഠന്‍ ആചാരി, ഹരീഷ് പേരടി തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു. പി.എസ് റഫീഖ് ആണ് തിരക്കഥ ഒരുക്കിയിട്ടുള്ളത്. മധു നിലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുള്ളത്. ചുരുളിയ്ക്ക് ശേഷം ലിജോയും മധു നിലകണ്ഠനും ഒരുമിക്കുന്ന ആദ്യ ചിത്രം കൂടിയാണ് വാലിബന്‍.

Story highlights : Mohanlal movie Malaikottai Vaaliban making video