‘ഒരുപാട് തവണ ഈ ഫോട്ടോയിലെ അച്ഛന്റെ കണ്ണുകളിൽ നോക്കി ഇരുന്നിട്ടുണ്ട്’; അച്ഛന്റെ ഓർമകളിൽ മുരളി ഗോപി..!

January 29, 2024

മലയാള സിനിമയ്ക്ക് ഭാവതീവ്രമായ കഥാപാത്രങ്ങള്‍ സമ്മാനിച്ച നടനാണ് ഭരത് ഗോപി. മലയാളത്തിന്റെ പ്രിയ നടന്‍ ഓര്‍മയായിട്ട 16 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. മുരളി ഗോപിയുടെ ഓര്‍മദിനത്തില്‍ അദ്ദേഹത്തിന്റെ മകനും നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി പങ്കുവച്ച കുറപ്പാണ് ശ്രദ്ധ നേടുന്നത്. ഇന്ന് അച്ഛന്റെ ഓര്‍മ ദിനം എന്ന് പറഞ്ഞാണ് മുരളിയുടെ കുറിപ്പ് തുടങ്ങുന്നത്. 1990-കളില്‍ എടുത്ത ഭരത് ഗോപിയുടെ ഒരു പഴയ ഫോട്ടോയും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്. ( Murali Gopy remember his late father Bharath Gopi )

ഇന്ന് അച്ഛന്റെ ഓര്‍മ്മദിനം. ഫോട്ടോ എടുക്കുന്നതിലോ അത് ആല്‍ബങ്ങളിലാക്കി സൂക്ഷിക്കുന്നതിലോ അച്ഛന്‍ ഒരിക്കലും ശ്രദ്ധ കാട്ടിയിരുന്നില്ല. വിരളമായതുകൊണ്ടുതന്നെ, കൈയ്യിലുള്ള ഓരോ ചിത്രവും അമൂല്യം. 1986ഇല്‍, തന്റെ 49-ാം വയസ്സില്‍, അച്ഛന്‍ പക്ഷാഘാതമേറ്റ് വീണു. വലിയ മനോയുദ്ധങ്ങളുടെ നാലഞ്ച് വര്‍ഷങ്ങള്‍ കടന്നുപോയി. 1990കളുടെ തുടക്കത്തില്‍, എന്റെ ഓര്‍മ്മ ശരിയെങ്കില്‍, അന്ന് മാതൃഭൂമിയുടെ താരഫോട്ടോഗ്രാഫറായിരുന്ന ശ്രീ. രാജന്‍ പൊതുവാള്‍ വീട്ടില്‍ വന്ന് പകര്‍ത്തിയ ഫോട്ടോഗ്രാഫുകളില്‍ ഒന്നാണിത്. ‘ഒന്ന് തിരിഞ്ഞ്, ഈ വശത്തേക്ക് ഒന്ന് നോക്കാമോ, സാര്‍..?’ അദ്ദേഹം തിരക്കി. ആ നോട്ടമാണ് ഈ ചിത്രം.

പിന്നീട് ഒരുപാടു തവണ ഈ ഫോട്ടോയിലെ അച്ഛന്റെ കണ്ണുകളില്‍ നോക്കി ഞാന്‍ ഇരുന്നിട്ടുണ്ട്. അതുവരെയുള്ള ജീവിതത്തെ മുഴുവന്‍ ഓര്‍മ്മിച്ചെടുത്ത്., കൂട്ടലും കിഴിക്കലും ഒന്നുമില്ലാതെ, കണ്ടതിനേയും കൊണ്ടതിനേയും എല്ലാം ഒരു നിമിഷം കൊണ്ട് ഒരുപോലെ അടുക്കിപ്പൊക്കി, അതിനെയാകെ ഇമവെട്ടാതെ അഭിമുഖീകരിച്ചപോലെ…..ഒരു തിരിഞ്ഞുനോട്ടം’- എന്നാണ് മുരളി ഗോപി കുറിപ്പിലൂടെ പങ്കുവച്ചത്.

Read Also ; ഓർമകളുടെ കൊടിയേറ്റം.. ഭരത് ഗോപി വിടവാങ്ങിയിട്ട് 16 വര്‍ഷങ്ങൾ..!

2008 ജനുവരി 24 ന് ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഹൃദയാഘാതം ഉണ്ടായതോടെ ഭരത് ഗോപിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ജനുവരി 29-ന് 71-ാം വയസിലാണ് അദ്ദേഹം മരണപ്പെട്ടത്.

Story highlights : Murali Gopy remember his late father Bharath Gopi