ലക്ഷ്യം ഇന്ത്യൻ ടെന്നീസിന്റെ പുരോഗതി; സാനിയ മിർസയ്‌ക്കൊപ്പം പ്രവർത്തിക്കാന്‍ ആഗ്രഹമെന്ന് ജോക്കോവിച്ച്

January 20, 2024

ഇന്ത്യന്‍ ടെന്നീസ് മേഖലയുടെ പുരോഗതിയ്ക്കായി സാനിയ മിര്‍സയ്‌ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സെര്‍ബിയന്‍ ടെന്നീസ് ഇതിഹാസം നൊവാക് ജോക്കോവിച്ച്. ടെന്നീസുമായി ബന്ധപ്പെട്ട പരിപാടികളുമായി ബന്ധപ്പെട്ട് കൂടുതല്‍ സമയം ഇന്ത്യയില്‍ ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യന്‍ ടെന്നീസിനായി വ്യക്തിപരമായ സംഭാവനകള്‍ നല്‍കണമെന്നും താരം വ്യക്തമാക്കി. ഓസ്ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കുന്ന താരം സാനിയയുമായി നടത്തിയ ചാറ്റിനിടയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ( Novak Djokovic hopes to work with Sania mirza in India )

”എനിക്ക് ഇന്ത്യയുമായി വലിയ ബന്ധമുണ്ട്. സെര്‍ബിയയുടെയും ഇന്ത്യയുടെയും ചരിത്രം പരിശോധിച്ചാല്‍ ധാരാളം സമാനതകളും ബന്ധങ്ങളും കണ്ടെത്താന്‍ കഴിയും. ഞാന്‍ ഇന്ത്യന്‍ ജനതയെ സ്‌നേഹിക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും സൗമ്യരും സ്നേഹമുള്ളവരും ആത്മാര്‍ത്ഥതയുള്ളവരുമാണ് ഇന്ത്യക്കാര്‍. കായിക വിനോദങ്ങളെ അവര്‍ നെഞ്ചോട് ചേര്‍ക്കുന്നു. ക്രിക്കറ്റാണ് ഇന്ത്യയില്‍ വലുതാണെന്നതില്‍ സംശയമില്ല. ഇന്ത്യയിലുടനീളം ടെന്നീസിനെ പിന്തുടരുന്ന വളരെയധികം ആളുകളുണ്ടെന്ന് ഞാന്‍ മനസിലാക്കുന്നു.”

”പത്തുവര്‍ഷങ്ങള്‍ക്കുമുമ്പ് ഡല്‍ഹിയില്‍ ഒരു പ്രദര്‍ശന മത്സരത്തില്‍ പങ്കെടുക്കാന്‍ മാത്രമാണ് ഇന്ത്യയിലെത്തിയത്. മനോഹരമായ രാജ്യത്ത് ഭാര്യയ്ക്കും കുടുംബത്തോടുമൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ആഗ്രഹമുണ്ട്. കുട്ടികള്‍ ഉള്‍പ്പെടുന്ന ടെന്നീസ് പ്രോഗ്രാമുകളുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നു. കുട്ടികളെ ടെന്നീസ് പരിശീലിപ്പിക്കുക എന്നത് എനിക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ്. ഭാവിയില്‍ എന്ത് നടക്കുമെന്ന് നമുക്ക് നോക്കാം..”

Read Also : ‘ഔട്ട് ഓഫ് ഫാഷൻ ആയില്ലല്ലോ അല്ലേ, ഇപ്പോഴും റിക്രിയേറ്റ് ചെയ്യുന്നതിൽ സന്തോഷം’; നവ്യ നായർ

ഇന്ത്യയില്‍ വളര്‍ന്നുവരുന്ന കുട്ടികളെ പ്രൊഫഷണല്‍ ടെന്നീസ് രംഗത്തേക്ക് കൊണ്ടുവരുന്നതിനായി ആഗ്രഹിക്കുന്നു. അത് തനിക്ക് വളരെ താല്‍പര്യമുള്ള കാര്യമാണ്. കൂടുതല്‍ കുട്ടികള്‍ റാക്കറ്റ് പിടിച്ച് ടെന്നീസ് കളിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നു. ഒരു ടെന്നീസ് താരം എന്ന നിലയില്‍ ഏറെ സന്തോഷം നല്‍കുന്ന ഒന്നാണിതെന്നും ജോക്കോവിച്ച് വ്യക്തമാക്കി.

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മൂന്നാം റൗണ്ടില്‍ അര്‍ജന്റീനയുടെ ടോമസ് മാര്‍ട്ടിന്‍ എച്ചെവേരിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. ഫ്രാന്‍സിന്റെ അഡ്രിയാന്‍ മനാരിനോയാണ് നാലാം റൗണ്ടിലെ എതിരാളി.

Story highlights : Novak Djokovic hopes to work with Sania mirza in India