“അപകടപരമായ മാതൃക”; ‘അന്നപൂരണി’ നെറ്റ്ഫ്ലിക്ക്സിൽ നിന്നും നീക്കം ചെയ്തതിൽ പ്രതികരിച്ച് പാർവതി
നയൻതാര ചിത്രം ‘അന്നപൂരണി’ വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിക്കുകയാണ്. ചിത്രത്തിൽ മതവികാരം വ്രണപ്പെടുത്തുന്ന രംഗങ്ങളുണ്ടെന്ന് ആരോപിച്ച് ഹിന്ദു വലതുപക്ഷ സംഘടനകൾ പരാതി നൽകിയതിനെ തുടർന്ന് നെറ്റ്ഫ്ലിക്സിൽ നിന്നും ‘അന്നപൂരണി’ നീക്കം ചെയ്തിരുന്നു. സംഭവത്തിൽ പ്രതികരിച്ച് ഇപ്പോൾ നടി പാർവതി തിരുവോത്ത് രംഗത്ത് എത്തിയിരിക്കുകയാണ്. (Parvathy Thiruvothu reacts to removal of Annapoorani from Netflix)
ചിത്രം നെറ്റ്ഫ്ലിക്സിൽ നിന്നും നീക്കിയതിനെതിരെയുള്ള പ്രതിഷേധം തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പാർവതി അറിയിച്ചത്. പാർവതിയുടെ സ്റ്റോറിയൽ കുറിച്ചതിങ്ങനെ, “അപകടപരമായ ഒരു മാതൃക സൃഷ്ടിക്കപ്പെടുകയാണ്. ശ്വസിക്കാൻ പോലും കഴിയാത്ത തരത്തിൽ ഇടത് നിന്നും വലത് നിന്നും ‘സെന്റർ’ റിൽ നിന്നും സെൻസറിങ്ങ് നടക്കുന്നു.”
Read also: ‘നന്ദിയോടെ, ജയറാം’; ഓസ്ലർ റിലീസിന് ശേഷം ജയറാമിന് പറയാനുള്ളത്
ഡിസംബർ 1-ന് തിയറ്റർ റിലീസ് ചെയ്ത ചിത്രം മാസാവസാനത്തോടെ ഒടിടി-യിൽ എത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് ജനുവരി 8 ന് നയൻതാര, നടൻ ജയ്, എഴുത്തുകാരനും സംവിധായകനുമായ നിലേഷ് കൃഷ്ണ, നിർമ്മാതാക്കളായ ജതിൻ സേത്തി, ആർ രവീന്ദ്രൻ, പുനിത് ഗോയങ്ക, സീ സ്റ്റുഡിയോയുടെ ചീഫ് ബിസിനസ് ഓഫീസർ ഷാരിഖ് പട്ടേൽ, നെറ്റ്ഫ്ലിക്സ് ഇന്ത്യ മേധാവി മോണിക്ക ഷെർഗിൽ എന്നിവർക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തത്. ഹിന്ദു ഐടി സെല്ലിന്റെ സ്ഥാപകൻ രമേഷ് സോളങ്കി എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുംബൈയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
ഹൈന്ദവ വികാരം വ്രണപ്പെടുത്തുന്ന ദൃശ്യങ്ങൾ ഉൾപ്പെടുത്തിയെന്നായിരുന്നു പരാതി. ഒരു ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച പെൺകുട്ടി (നയൻതാര) ലോകത്തിലെ ഏറ്റവും മികച്ച ഷെഫ് ആയി മാറുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. മാംസം കഴിക്കാനും പാകം ചെയ്യാനുമുള്ള നായികയുടെ തീരുമാനവും, മുസ്ലീം കഥാപാത്രവുമായുള്ള സൗഹൃദവും ഹിന്ദു ദൈവമായ രാമൻ മാംസം കഴിച്ചുവെന്ന് സൂചിപ്പിക്കുന്ന സംഭാഷണവും ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തിയെന്നായിരുന്നു ആരോപണം.
Story highlights: Parvathy Thiruvothu reacts to removal of Annapoorani from Netflix