എട്ടുകാലികളിലെ അഴകിയ രാവണൻ- ഇത് നീലനിറമാർന്ന അപൂർവ്വ ‘മയിൽ ചിലന്തി’
ചിലന്തിയെന്നു കേൾക്കുമ്പോൾ തന്നെ പൊതുവെ ഒരു ഭീതിതമായ ചിത്രമാണ് എല്ലാവർക്കും മനസിലേക്ക് ഓടിയെത്തുക. ഇരുണ്ടനിറത്തിൽ രോമാവൃതമായ ചിലന്തികളിൽ തന്നെ വളരെയധികം വിഭാഗങ്ങൾ ഉണ്ട്. എന്നാൽ, ഇവയ്ക്ക് അല്പം നിറം പകർന്നാലോ? ഇരുണ്ട നിറത്തിന് പകരം മനോഹരമായ നീലനിറമായാലോ? അങ്ങനെ അഴകിയ രാവണൻ എന്നപോലെ ചിലന്തിയെ സങ്കൽപ്പിക്കാൻ പോലും സാധിക്കുന്നില്ല എന്നാണ് മറുപടിയെങ്കിൽ നിങ്ങൾക്ക് തെറ്റി.
ചിലന്തികളിലെ സുന്ദരന്മാരാണ് മയിൽ ചിലന്തികൾ. ‘മയിൽ ടാരാന്റുല’ ഒരു സങ്കൽപ്പമല്ല. നീല രോമങ്ങളുള്ള ഇത്തരത്തിലുള്ള ഒരേയൊരു ഇനമാണുള്ളത്.
പോസിലോതെരിയ മെറ്റാലിക്ക അല്ലെങ്കിൽ ‘പീക്കോക്ക് ടരാന്റുല’ ഒരു പഴയ ചിലന്തി ഇനമാണ്. ആന്ധ്രാപ്രദേശിലെ ഇലപൊഴിയും വനമാണ് ഇവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥ. നിർഭാഗ്യവശാൽ, ഇത് ഗുരുതരമായി വംശനാശഭീഷണി നേരിടുന്നുണ്ട്.
വനനശീകരണം മൂലം ഈ മയിൽ ചിലന്തിയുടെ എണ്ണം നിരന്തരം ഭീഷണിയിലാണ്. പ്രായപൂർത്തിയായ ആൺ ചിലന്തിയിൽ പൊതുവെ ഈ നീല നിറത്തിന് കുറവുണ്ടാകാറുണ്ട്. പെൺ മയിൽ ചിലന്തികൾ സാധാരണയായി 11 മുതൽ 12 വർഷം വരെ ജീവിക്കുന്നു. അപൂർവമായി 15 വർഷം വരെ ജീവിക്കാറുണ്ട്. ആൺ ചിലന്തികൾ ആവട്ടെ, 3 മുതൽ 4 വർഷം വരെ ജീവിക്കുന്നു. കട്ടിയുള്ള കാലുകൾ, പുറകിലെ പാറ്റേണുകൾ, ശരീരത്തിന്റെ തിളക്കമുള്ള നീല നിറം എന്നിവ കാരണം മയിൽ ചിലന്തികൾ കാഴ്ചയിലും സവിശേഷതകൾ ഉള്ളവയാണ്.
Read also: ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന വനം കണ്ടെത്തി; പോകേണ്ടത് 35 കോടി വർഷം പിന്നോട്ട്!
എന്നാൽ മയിൽ ചിലന്തി കാരണം ആരെങ്കിലും മരണപ്പെട്ടതായി റിപ്പോർട്ടുകൾ ഇല്ല. എന്നിരുന്നാലും, ഇത് ഒരു വിഷമുള്ള ചിലന്തിയാണ്. അടുത്ത് വരുന്ന ഏതൊരു വ്യക്തിയെയും അവ കടിക്കും. മയിൽ ചിലന്തി കടിച്ചാൽ തലവേദന, വേദന, നീർവീക്കം, മലബന്ധം എന്നിവയും ഉണ്ടാകാം.
Story highlights- Peacock tarantula