ലോകത്തിലെ ഏറ്റവും പ്രതിഭാധനരായ വിദ്യാർഥികളുടെ പട്ടികയിൽ ഇന്ത്യന്‍-അമേരിക്കന്‍ വംശജയായ ഒമ്പതുകാരി
സ്ക്രിപ്സ് നാഷണല്‍ സ്പെല്ലിംഗ് ബീ അടക്കമുള്ള വലിയ വേദികളില്‍ ഇന്‍ഡോ- അമേരിക്കന്‍ വംശജരായ വിദ്യാര്‍ഥികള്‍ മികവ് പുലര്‍ത്തുന്നത് ഇപ്പോള്‍ പതിവാണ്. അത്തരത്തില്‍ ലോകത്തിലെ ഏറ്റവും പ്രതിഭാധരരായ വിദ്യാര്‍ഥികളുടെ പട്ടികയില്‍ ഇടംപിടിച്ച് ഇന്ത്യന്‍-അമേരിക്കന്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനി പ്രീഷ ചക്രവര്‍ത്തി. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജോണ്‍സ് ഹോപ്കിന്‍സ് സെന്റര്‍ ഫോര്‍ ടാലന്റഡ് യൂത്ത് പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം നേടിയാണ് ഒമ്പത് വയസുകാരിയായ പ്രീഷ ഈ നേട്ടം സ്വന്തമാക്കിയത്. ( Preesha Chakraborty named in the world’s talented students list )
90-ലധികം രാജ്യങ്ങളില്‍ നിന്നുള്ള 16,000-ല്‍ അധികം വരുന്ന വിദ്യാര്‍ഥികള്‍ പങ്കെടുത്ത മത്സര പരീക്ഷയിലാണ് പ്രീഷ മികച്ച പ്രകടനം നടത്തിയത്. കാലിഫോര്‍ണിയയിലെ ഫ്രീമോണ്ടിലുള്ള വാം സ്പ്രിങ് എലിമെന്ററി സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ് പ്രീഷ. 2023-ല്‍ ഗ്രേഡ് 3 വിദ്യാര്‍ഥിനിയായിട്ടാണ് പ്രീഷ, ജോണ്‍സ് ഹോപ്കിന്‍സ് സെന്റര്‍ ഫോര്‍ ടാലന്റഡ് യൂത്ത് പരീക്ഷ എഴുതിയത്.
സ്കോളസ്റ്റിക് അസസ്മെന്റ് ടെസ്റ്റ് (SAT), അമേരിക്കന്‍ കോളജ് ടെസ്റ്റിങ് (ACT), കോളജ് എബിലിറ്റി ടെസ്റ്റ് അടക്കമുള്ള പരീക്ഷകളെ അടിസ്ഥാനപ്പെടുത്തിയാണ് പ്രതിഭകളായ കുട്ടികളെ കണ്ടെത്തിയത്. ടാലന്റ് സര്‍ച്ചിന്റെ ഭാഗമായി നടത്തിയ എല്ലാ പരീക്ഷകളിലും പ്രീഷ അസാധാരണമായ പ്രകടനമാണ് കാഴ്ചവച്ചത്.
ഓരോ വര്‍ഷവും 30 ശതമാനത്തില്‍ താഴെ വിദ്യാര്‍ഥികള്‍ മാത്രമാണ് ഹൈ ഓണേഴ്സ് അല്ലെങ്കില്‍ ഗ്രാന്‍ഡ് ഓണേഴ്സിന് യോഗ്യത നേടുന്നത്. ഈ നേട്ടം ഗണിതശാസ്ത്രം, കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്, രസതന്ത്രം, ഭൗതിക ശാസ്ത്രം, വായന, എഴുത്ത് എന്നിവയില്‍ രണ്ട് മുതല്‍ 12 വരെ ഗ്രേഡുകളിലെ വിദ്യാര്‍ഥികള്‍ക്കായുള്ള ജോണ്‍സ് ഹോപ്കിന്‍സ് സെന്റര്‍ ഫോര്‍ ടാലന്റ് യൂത്തിന്റെ 250-ലധികം ഓണ്‍ലൈന്‍, ക്യാമ്പസ് പ്രോഗ്രാമുകള്‍ക്കും പ്രീഷയെ അര്‍ഹയാക്കും.
Read Also : ആദിക്ക് അച്ഛന്റെ പൊന്നുമ്മ; മകന് ജന്മദിനാശംസകളുമായി ജയസൂര്യ!
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഉയര്‍ന്ന ഐക്യു (IQ) സൊസൈറ്റിയായ മെന്‍സ ഫൗണ്ടേഷന്റെ ആജീവനാന്ത അംഗം കൂടിയാണ് പ്രീഷ. സ്റ്റാന്‍ഡേര്‍ഡ്, സൂപ്പര്‍വൈസ്ഡ് ഐക്യു അല്ലെങ്കില്‍ മറ്റ് അംഗീകൃത ഇന്റലിജന്‍സ് ടെസ്റ്റില്‍ 98 ശതമാനമോ അതില്‍ കൂടുതലോ സ്കോര്‍ നേടുന്നവര്‍ക്ക് മാത്രമാണ് മെന്‍സ സൊസൈറ്റിയില്‍ അംഗത്വം ലഭിക്കുക.
Story highlights : Preesha Chakraborty named in the world’s talented students list