‘വിട്ടുകൊടുക്കാൻ ഒരുക്കമല്ലാത്ത ഒരു മനുഷ്യന്റെ പ്രചോദനാത്മകമായ യാത്ര’; നജീബിന്റെ മൂന്നാം ലുക്കുമായി ആടുജീവിതം ടീം..!

January 30, 2024

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. പ്രേക്ഷകര്‍ ഏറെ ആവേശത്തോടെയാണ് ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളെയും സ്വീകരിക്കുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ മൂന്നാം പോസ്റ്റര്‍ ദുല്‍ഖര്‍ സല്‍മാനും പൃഥ്വിരാജുമാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുള്ളത്. നേരത്തെ പ്രഭാസും രണ്‍വീര്‍ സിങ്ങും പുറത്തുവിട്ട പോസ്റ്ററുകള്‍ പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായി മാറിയിരുന്നു. ( Prithviraj shares new poster of Aadujeevitham )

ചിത്രത്തിലെ നായക കഥാപാത്രമായ നജീബിന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങള്‍ അവതരിപ്പിക്കുന്ന പൃഥ്വിരാജിന്റെ ലുക്കുകളില്‍നിന്ന് ഏറെ വ്യത്യസ്തമാണ് പുതിയ പോസ്റ്ററിലൂടെ പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുള്ളത്. മികച്ച ജീവിതം സ്വപ്‌നം കണ്ട് മരുഭൂമിയിലെ മണലാരണ്യത്തിലേക്ക് യാത്ര തിരിക്കുന്നതിന് മുമ്പുള്ള നജീബിനെയാണ് പുതിയ പോസ്റ്ററില്‍ കാണാനാകുക.

മലയാളത്തിലെ ബെസ്റ്റ് സെല്ലര്‍ നോവലുകളില്‍ ഒന്നായ ആടുജീവിതത്തെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നജീബ് എന്ന നായക കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. മരുഭൂമിയില്‍ ഒറ്റപ്പെട്ട് ജീവിതത്തിന്റെ കഠിനതകളും കയ്പ്പുനീരും അനുഭവിക്കുന്ന നജീബിലേക്കുള്ള മാറ്റത്തിനായി പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങള്‍ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു.

2008-ല്‍ പ്രാരംഭ വര്‍ക്കുകള്‍ ആരംഭിച്ച ആടുജീവിതം 2018-ലാണ് ചിത്രീകരണം ആരംഭിച്ചത്. കൊവിഡും മറ്റ് പ്രതിസന്ധികളും വന്നതോടെ ചിത്രീകരണം 2023 ജൂലൈ വരെ നീണ്ടു. സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത് ജോര്‍ദാനിലാണ്. 3 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ വര്‍ഷം പുറത്ത് വന്നിരുന്നു. ഏപ്രില്‍ പത്തിനാണ് ചിത്രം തീയറ്ററുകളില്‍ റിലീസിനെത്തുന്നത്.

Read Also : ‘സ്വപ്‌ന ലോകത്തേക്ക് ഒരു യാത്ര’; മലൈക്കോട്ടൈ വാലിബൻ മേക്കിങ് വീഡിയോയുമായി അണിയറ പ്രവര്‍ത്തകർ

ഓസ്‌കാര്‍ അവാര്‍ഡ് ജേതാക്കളായ എ.ആര്‍ റഹ്‌മാന്‍ സംഗീതവും റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. ജിമ്മി ജീന്‍ ലൂയിസ് , കെ.ആര്‍ ഗോകുല്‍, അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്.

Story highlights : Prithviraj shares new poster of Aadujeevitham