മകളുടെ വിവാഹവേദിയിൽ നിറകണ്ണോടെ ആമിർ ഖാൻ- വിഡിയോ

January 12, 2024

ജനുവരി 10 ന് ക്രിസ്ത്യൻ ആചാരപ്രകാരമാണ് നടൻ ആമിർ ഖാന്റെ മകൾ ഇറാ ഖാനും നൂപുർ ശിഖരെയും വിവാഹിതരായത്. ചടങ്ങിനായി ദമ്പതികളും കുടുംബവും ഉദയ്പൂരിൽ എത്തിയിരുന്നു. വിവാഹത്തിന് മുമ്പ്, ഇരുവരും അവരുടെ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കുമായി വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളുടെ ഒരു പരമ്പര സംഘടിപ്പിച്ചു.

ജനുവരി 9ന് സംഗീത് ചടങ്ങ് നടത്തിയിരുന്നു. തന്റെ മകൾക്കായി ‘ബാബുൽ കി ദുവായേൻ’ എന്ന പഴയ ഗാനം ആലപിച്ച ആമിർ ഖാന്റെ വിഡിയോയും ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ, വിവാഹച്ചടങ്ങിനിടെ സന്തോഷത്തോടെ കണ്ണുനിറയുന്ന ആമിറിന്റെ വിഡിയോ ശ്രദ്ധേയമാകുകയാണ്.

ആമിറും മുൻഭാര്യ റീന ദത്തയും ചേർന്നാണ് മകളെ വിവാഹ വേദിയിലേക്ക് എത്തിച്ചത്. വളരെ ആവേശത്തോടെയാണ് ആമിർ ഖാൻ മകളുടെ വിവാഹച്ചടങ്ങിലുടനീളം കാണപ്പെട്ടത്.എന്നാൽ, മകളുടെ വിവാഹ വേദിയിൽ കണ്ണുനിറയുന്ന ഒരു സാധാരണ പിതാവായി അദ്ദേഹം ചടങ്ങിനിടെ മാറി. കണ്ടുനിന്നവരിലും ഇത് കണ്ണുനിറച്ചു.

അതേസമയം, നിരവധി കാരണങ്ങൾകൊണ്ട് വേറിട്ടതായിരുന്നു ഇറാ ഖാന്റെ വിവാഹം. ഫിറ്റ്നസ് പരിശീലകനും ആമിർ ഖാന്റെ മരുമകനുമായ നൂപുർ ശിഖരെ ഇറാ ഖാനെ വിവാഹം കഴിക്കാൻ മുംബൈയിലെ സാന്റ്ക്രൂസിൽ നിന്ന് ബാന്ദ്രയിലേക്ക് ജോഗ് ചെയ്താണ് എത്തിയത്.

Read also: മകള്‍ നാരായണിയ്ക്ക് ഒപ്പം വേദിയില്‍ ചുവടുവച്ച് ശോഭന..!

നടൻ ആമിർ ഖാന്റെയും ചലച്ചിത്ര നിർമാതാവ് റീന ദത്തയുടെ മകളാണ് ഇറാ ഖാൻ. ഇറാ ഖാനും തന്റെ ദീർഘകാല പങ്കാളിയായ നൂപുർ ശിഖരെയുമായുള്ള വിവാഹം ബുധനാഴ്ച്ചയാണ് നടന്നത്. ഒരു മെന്റൽ ഹെൽത്ത് സപ്പോർട്ട് ഓർഗനൈസേഷന്റെ സ്ഥാപകയും സിഇഒയുമായ ഇറ, സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനറായ നൂപുരുമായി ദീർഘകാലമായി പ്രണയത്തിലായിരുന്നു. അടുത്ത കുടുംബാംഗങ്ങൾ പങ്കെടുത്ത ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്.

Story highlights- Reena Dutta And Aamir Khan Walk Daughter Ira Down The Aisle