രക്തസാക്ഷിത്വത്തിന്റെ 76 വർഷങ്ങൾ; രാഷ്ട്രപിതാവിൻറെ ഓർമയിൽ രാജ്യം!

January 30, 2024

ജനുവരി 30 1948… ബി‍ർളാ മന്ദിരത്തിൽ നടക്കുന്ന സന്ധ്യ പ്രാർത്ഥനയ്ക്ക് ഗാന്ധിജി പുറപ്പെടാൻ അൽപ്പം വൈകി. സർദാർ വല്ലഭായി പട്ടേലുമായുള്ള സംഭാഷണം അൽപ്പം നീണ്ടു പോയതിനാലാണ് പുറപ്പെടാൻ വൈകിയത്. സാവധാനം നടന്നു നീങ്ങിയ ഗാന്ധിയുടെ മുന്നിലേക്ക് നാഥുറാം വിനായക് ഗോഡ്‌സെ പ്രത്യക്ഷപ്പെടുന്നു. വണങ്ങാൻ എന്ന പോലെ കുനിഞ്ഞ ഗോഡ്‌സെ നിവർന്നപ്പോൾ കൈയിൽ കരുതിയ തോക്കിന്റെ കാഞ്ചി വലിച്ചു. ഇറ്റലിയിൽ നിന്നുള്ള ബെരെറ്റ പിസ്റ്റലിൽ നിന്ന് പാഞ്ഞ മൂന്ന് വെടിയുണ്ടകൾ ഗാന്ധിജിയുടെ നെഞ്ചിലേക്ക് തുളഞ്ഞു കയറി. (Remembering Gandhi on his 76th Death Anniversary)

ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് രാജ്യം സ്വാതന്ത്ര്യം നേടി അഞ്ച് മാസവും 15 ദിവസവും കഴിഞ്ഞ വേളയിലായിരുന്നു അപ്രതീക്ഷിതമായി മഹാത്മാവ് രക്തസാക്ഷിയായത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി നിരന്തരം സംവദിച്ചു കൊണ്ടിരുന്ന ആ ശബ്ദം എന്നന്നേക്കുമായി നിലച്ചിട്ട് ഇന്ന് 76 വർഷം. ഗാന്ധിജിയുടെ ചരമദിനമാണ് എല്ലാ വർഷവും രക്തസാക്ഷി ദിനമായി ആചരിക്കുന്നത്.

“ബാപ്പു” എന്ന് സ്നേഹപൂർവ്വം വിളിക്കുന്ന മഹാത്മാഗാന്ധി ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ പ്രധാന പങ്ക് വഹിച്ചിരുന്നു. സമാധാനപരമായ വിവിധ പ്രസ്ഥാനങ്ങളിലൂടെ അഹിംസയുടെ ശക്തി അദ്ദേഹം പ്രകടമാക്കി. ലോകമെമ്പാടുമുള്ള നേതാക്കളെ തൻ്റെ മൂല്യങ്ങളും തത്വങ്ങളും കൊണ്ട് അദ്ദേഹം പ്രചോദിപ്പിച്ചു. ഇന്ത്യയുടെ പൗരാണിക മൂല്യങ്ങളിൽ ഉറച്ച് നിന്നുകൊണ്ട് സ്വാതന്ത്ര്യം നേടാമെന്ന തത്വമായിരുന്നു മഹാത്മാ ഗാന്ധി സ്വീകരിച്ചിരുന്നത്. 

Read also: 1997ലും 2008ലും റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത മലയാളത്തിന്റെ പ്രിയതാരങ്ങൾ- ഓർമ്മചിത്രം

മഹാത്മാഗാന്ധിയുടെ ചരമവാർഷികം രാജ്യമെമ്പാടും പ്രാർത്ഥനകളോടും സ്മരണകളോടും കൂടെ ആചരിക്കുന്നു. സർക്കാർ ഉദ്യോഗസ്ഥരും, നേതാക്കളും, പൗരന്മാരും, സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മാരകങ്ങളിലും പ്രതിമകളിലും രാഷ്ട്രത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു.

രക്തസാക്ഷികൾ നടത്തിയ പരമോന്നത ത്യാഗത്തെ ഓർക്കാനും പ്രതിഫലിപ്പിക്കാനും അവരുടെ സംഭാവനകൾക്ക് നന്ദി പ്രകടിപ്പിക്കാനും രണ്ട് മിനിറ്റ് മൗനം ആചരിക്കുന്നതും രക്തസാക്ഷി ദിനത്തിലെ പ്രധാന ചടങ്ങുകളിൽ ഉൾപ്പെടുന്നു.

Story highlights: Remembering Gandhi on his 76th Death Anniversary